22 October Tuesday
ഫോൺ സ്വിച്ച്‌ഡ്‌ ഓഫ്‌ ആക്കി മുങ്ങി

പാലാരിവട്ടം മേൽപ്പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ ആവർത്തിച്ച്‌ സൂരജ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


കൊച്ചി
പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ ആവർത്തിച്ച്‌ ടി ഒ സൂരജ്‌. ഇതിന്‌ പിന്നാലെ  ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎ  ഫോൺ സ്വിച്ച്‌ഡ്‌ ഓഫ്‌ ആക്കി മുങ്ങി.

ടി ഒ സൂരജിനെ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിൽ  ഹാജരാകാൻ എത്തിച്ചപ്പോൾ

ടി ഒ സൂരജിനെ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിൽ ഹാജരാകാൻ എത്തിച്ചപ്പോൾ

മാധ്യമപ്രവർത്തകർ ദിവസം മുഴുവൻ എംഎൽഎയുടെ മൊബൈൽ ഫോണിലേക്ക്‌ വിളിച്ചെങ്കിലും കിട്ടിയില്ല. ഇപ്പോൾ സംസാരിക്കാനാവില്ലെന്നും സന്ദേശമിടാമെന്നുമുള്ള വോയ്‌സ്‌ മെസ്സേജ്‌ മാത്രമാണ്‌ ലഭിക്കുന്നത്‌. എംഎൽഎ ഓഫീസിലും വീട്ടിലും എത്തിയില്ല.

"ഇബ്രാഹിംകുഞ്ഞ്‌ എവിടെ?, ഇബ്രാഹിംകുഞ്ഞ്‌ മുങ്ങി' എന്നിങ്ങനെ ചാനലുകൾ എഴുതി കാണിച്ചിട്ടും പ്രതികരണമില്ല. പ്രളയക്കെടുതി വിലയിരുത്തുന്ന കേന്ദ്രസംഘം വ്യാഴാഴ്‌ച രാവിലെ ആലുവ കുന്നുകരയിലെത്തിയപ്പോൾ ഇബ്രാഹിംകുഞ്ഞ്‌ സ്ഥലത്തുണ്ടായിരുന്നു. വിജിലൻസ്‌ യോഗവും സൂരജിന്റെ പരസ്യ ആരോപണവും വാർത്തയായതോടെയാണ്‌  ‘അപ്രത്യക്ഷനായത്‌’.

പാലം നിർമാണത്തിലുണ്ടായ വീഴ്‌ചകൾക്ക്‌ ഉദ്യോഗസ്ഥരെ പഴിചാരിയ ഇബ്രാഹിംകുഞ്ഞിന്‌ ക്രമക്കേടുകളിൽ പങ്കുണ്ടെന്ന്‌ അദ്ദേഹത്തിന്റെ വിശ്വസ്‌തനായ സൂരജ്‌ തന്നെ വെളിപ്പെടുത്തിയത്‌ വഴിത്തിരിവായി. 

സൂരജ്‌ വ്യാഴാഴ്‌ച മാധ്യമങ്ങൾക്കു മുന്നിലും ആക്ഷേപം ആവർത്തിച്ചു. കേസ്‌ പുരോഗതി വിലയിരുത്താൻ തിരുവനന്തപുരത്ത്‌ വിജിലൻസ്‌ ഉന്നതതല യോഗം ചേരുന്നതിനിടെ  ഇബ്രാഹിംകുഞ്ഞ്‌ അറസ്‌റ്റിലാകുമെന്ന വാർത്ത പരന്നു. തുടർന്നാണ്‌ മൊബൈൽഫോൺ ബന്ധം വിച്ഛേദിച്ച്‌  കുന്നുകരയിൽനിന്നു മുങ്ങിയത്‌.

തെളിവ്‌ ശക്തം
തിരുവനന്തപുരം
വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎക്കെതിരെ വ്യക്തമായ തെളിവ്‌ ലഭിച്ചതായി വിജിലൻസ്‌ ഉന്നതയോഗം വിലയിരുത്തി.  ഇബ്രാഹിംകുഞ്ഞ്‌,  റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ എംഡിയായിരുന്ന എപി എം മുഹമ്മദ്‌ ഹനീഷ്‌ എന്നിവരെ വീണ്ടും ചോദ്യംചെയ്യാൻ മൂന്ന്‌ ദിവസത്തിനകം നോട്ടീസ്‌ അയക്കും. കേസിൽ പ്രതിചേർക്കുന്ന  കാര്യം തുടർന്ന്‌ തീരുമാനിക്കും.   ഇബ്രാഹിംകുഞ്ഞിനെതിരെ ടി ഒ സൂരജ്‌ കോടതിയിൽ നൽകിയ  വിവരത്തിന്‌ സമാനമായ മൊഴിയും ബന്ധപ്പെട്ട രേഖകളും ലഭിച്ചിട്ടുണ്ട്‌. ഇവ  പരിശോധിച്ചു.

പാലം നിർമാണവുമായി ബന്ധപ്പെട്ട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഒട്ടേറെ ഉത്തരവുകൾ ഇറക്കിയിരുന്നു. ഇതുസംബന്ധിച്ച്‌ ചില ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും.  വിജിലൻസ്‌ ആസ്ഥാനത്ത്‌ നടന്ന യോഗത്തിൽ ഡയറക്ടർ അനിൽകാന്ത്‌, ഐജി എച്ച്‌ വെങ്കിടേഷ്‌, അന്വേഷണചുമതലയുള്ള എസ്‌സി വിനോദ്‌ കുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി  അശോക്‌ കുമാർ, വിജിലൻസ്‌ ഇന്റലിജൻസ്‌ എസ്‌പിയുടെ ചുമതല വഹിക്കുന്ന ഡിവൈഎസ്‌പി ഇ എസ്‌ ബിജുമോൻ എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top