29 May Friday

പാലാരിവട്ടം പോലല്ല സാർ; ഏനാത്ത്‌ പാലം വേറെ ലെവലാണ്‌

ശ്രീരാജ‌് ഓണക്കൂർUpdated: Sunday Sep 1, 2019

കൊച്ചി > പാലാരിവട്ടം പാലമോ? അത്‌ ഏനാത്ത്‌ പാലം പോലെയല്ലേ? മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ഉന്നയിച്ച വാദം. പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ വിജിലൻസ്‌ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ്‌ ഇബ്രാഹിംകുഞ്ഞ്‌ ഈ ന്യായീകരണവുമായി വന്നത്‌. കൊല്ലം–-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നത്‌ 19 വർഷത്തിനുശേഷമാണ്‌. എന്നാൽ ഉദ്‌ഘാടനം കഴിഞ്ഞ്‌ രണ്ട്‌ വർഷത്തിനകം തകർന്ന പാലാരിവട്ടം പാലത്തിനെയാണ്‌ മന്ത്രി ഏനാത്തുമായി താരതമ്യം ചെയ്‌തത്‌. രണ്ടാമത്‌ ശരിയാക്കിയെടുത്ത പാലമാണ്‌ ഏനാത്തിലുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.

ജനുവരി 10ന്‌ ഏനാത്ത് പാലത്തിന്റെ തകർച്ച ശ്രദ്ധയിൽപ്പെട്ട ഉടൻ സർക്കാർ വിദഗ്‌ധരെ ഉൾപ്പെടുത്തി പരിശോധിച്ച്‌ വിജിലൻസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഒരു തൂണിന്റെ അടിത്തട്ട് പൂർണമായും മറ്റൊന്നിന്റേത്‌ ഭാഗികമായും തകർന്നിരുന്നു. അടിത്തട്ടിലെ തൂണിനായി എടുത്ത കുഴിയിലെ മണ്ണ് പൂർണമായും ഒഴുകിപ്പോയതും നിർമാണത്തിനിടയിൽ സംഭവിച്ച പോരായ്മകളും പാലത്തിന്റെ അവസ്ഥ കൂടുതൽ ഗുരുതരമാക്കിയതായി കണ്ടെത്തി. നാല് തൂണുകളുള്ള പാലത്തിന്റെ രണ്ട് തൂണുകൾക്കായിരുന്നു ബലക്ഷയം. ഇത് നീക്കിയ ശേഷം രണ്ട് തൂണുകൾ നിർമിക്കുകയും ശേഷിക്കുന്ന രണ്ടെണ്ണം അറ്റകുറ്റപ്പണി നടത്തുകയും ചെയ്‌തു. പെരുമ്പാവൂർ ഇകെകെ കൺസ്ട്രക്‌ഷൻ കമ്പനിയാണ് നിർമാണം നടത്തിയത്. കെഎസ്ടിപിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഒരു പിഴവും ഇല്ലാതെ ദ്രുതഗതിയിൽ പാലം പൂർത്തികരിച്ചു. തിരക്കേറിയ എംസി റോഡിലുള്ള പാലം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന്‌ അടിയന്തരമായി കരസേനയുടെ സഹായത്തോടെ ഏപ്രിലിൽ ബെയ്‌ലി പാലം നിർമിച്ചു. ആഗസ്‌ത്‌ 31ന്‌ ഏനാത്ത്‌ പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കി. റെക്കോഡ് വേഗത്തിൽ എട്ടുമാസത്തിനകം പുനർനിർമാണം പൂർത്തിയാക്കിയതിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ശക്തമായ ഇടപെടലുമുണ്ടായി. 

സാങ്കേതിക വിദഗ്ധനും റിട്ട. ഐഐടി പ്രൊഫസറുമായ ഡോ. പി കെ അരവിന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഏനാത്ത് പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതിന്‌ അതിനൂതന സാങ്കേതികവിദ്യ തയ്യാറാക്കി. പാലത്തിന്റെ ബലക്ഷയം സംഭവിച്ച തൂണുകൾ ഇരുമ്പ് തൂണുകളിൽ താങ്ങിനിർത്തി പുതിയ പൈൽ അടിത്തറയും തൂണുകളും നിർമിച്ച് ബലപ്പെടുത്തി. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച 105 വർഷം പഴക്കമുള്ള പഴയപാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം 1998ൽ നിർമിച്ചത്. ബ്രിട്ടീഷുകാർ നിർമിച്ച പാലം 1997-ൽ ബലക്ഷയം ഉണ്ടായതിനെ തുടർന്ന് ഇ കെ നായനാർ സർക്കാർ 98-ൽ നിലവിലുണ്ടായിരുന്ന പാലത്തിന് പടിഞ്ഞാറുമാറി പുതിയ പാലം നിർമിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു.

വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യും
കൊച്ചി > പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ അറസ്‌റ്റിലായ റിട്ട. പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ ഉൾപ്പെടെ നാലു പ്രതികളെയും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട്‌ വിജിലൻസ്‌ അപേക്ഷ നൽകി. തിങ്കളാഴ്‌ചവരെ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി റിമാൻഡ്‌ ചെയ്‌ത നാലുപേരും മൂവാറ്റുപുഴ സബ്‌ജയിലിലാണ്‌. ഇവരെ കസ്‌റ്റഡിയിൽ കിട്ടിയശേഷം മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാമതും ചോദ്യംചെയ്യാനാണ്‌ വിജിലൻസിന്റെ നീക്കം.

നാലാംപ്രതി സൂരജിനെയും ആർബിഡിസികെ മുൻ അഡീഷണൽ ജനറൽ മാനേജരായ രണ്ടാംപ്രതി എം ടി തങ്കച്ചൻ, മൂന്നാംപ്രതിയും കിറ്റ്‌കോ മാനേജിങ് ഡയറക്‌ടർ ഇൻ ചാർജുമായ ബെന്നി പോൾ, ഒന്നാംപ്രതിയും കരാർ കമ്പനി മാനേജിങ് ഡയറക്‌ടറുമായ സുമിത്‌ ഗോയൽ തുടങ്ങിയവരെയും നാലുദിവസം കസ്‌റ്റഡിയിൽ വേണമെന്നാണ്‌ വിജിലൻസ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.  ശക്തമായ തെളിവുകളുണ്ടെങ്കിലും ചോദ്യംചെയ്യലുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നും വിശദമായ ചോദ്യംചെയ്യലിന്‌ കസ്‌റ്റഡിയിൽ വേണമെന്നുമാണ്‌ വിജിലൻസിന്റെ ആവശ്യം. ജാമ്യം നൽകിയാൽ, ഉന്നതങ്ങളിൽ സ്വാധീനമുള്ള പ്രതികൾ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ വശത്താക്കാനും സാധ്യതയുണ്ടെന്ന്‌ ഡിവൈഎസ്‌പി ആർ അശോക്‌കുമാർ സമർപ്പിച്ച കസ്‌റ്റഡി അപേക്ഷയിൽ പറഞ്ഞു.

പ്രതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന്‌ 147 ഫയലുകൾ വിജിലൻസ്‌ പിടിച്ചെടുത്തു. ഇവ വിദഗ്‌ധരുടെ സഹായത്തോടെ പരിശോധിച്ചുവരികയാണെന്നും കൂടുതൽ വ്യക്തതയ്‌ക്ക്‌ പ്രതികളുടെ കസ്‌റ്റഡി ആവശ്യമാണെന്നും വിജിലൻസ്‌ കോടതിയെ അറിയിച്ചു.  പാലത്തിൽനിന്നെടുത്ത വിവിധ സാമ്പിളുകളുടെ പരിശോധനയും നടക്കുന്നു. 29 സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്‌. 

നാലു പ്രതികളും അഴിമതി നടത്തിയതിന്‌ വ്യക്തമായ തെളിവുണ്ടെന്ന്‌ വിജിലൻസ്‌ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഓരോരുത്തരുടെയും പേരിലുള്ള കുറ്റാരോപണം അക്കമിട്ട്‌ നിരത്തുകയും ചെയ്‌തിരുന്നു. അഴിമതി നടക്കുമ്പോൾ പൊതുമരാമത്തുമന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്‌ച വീണ്ടും ചോദ്യംചെയ്യാനാണ്‌ നീക്കം. കഴിഞ്ഞ 22ന്‌ ചോദ്യംചെയ്‌തിരുന്നു. നാലു പ്രതികളുടെ അറസ്‌റ്റിന്റെ പശ്‌ചാത്തലത്തിലാണ്‌ രണ്ടാമതും ചോദ്യംചെയ്യുന്നത്‌.  പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയും മൂവാറ്റുപുഴ വിജിലൻസ്‌ കോടതി തിങ്കളാഴ്‌ച പരിഗണിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top