17 January Sunday

പാലാരിവട്ടം മേൽപ്പാലം : യുഡിഎഫിലേക്കും നീളുന്ന അഴിമതിപ്പാലം

എം എസ‌് അശോകൻUpdated: Friday Aug 23, 2019കൊച്ചി
മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തതോടെ പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിയുടെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിയാനുള്ള യുഡിഎഫ്‌ നേതൃത്വത്തിന്റെ നീക്കങ്ങൾക്ക്‌ തിരിച്ചടി. അഴിമതി പുറത്തുവന്നതുമുതൽ ഇബ്രാഹിംകുഞ്ഞിനെ രക്ഷിച്ചെടുക്കാൻ സംസ്ഥാന യുഡിഎഫ്‌ നേതൃത്വം രംഗത്തിറങ്ങിയിരുന്നു. ഉമ്മൻചാണ്ടി ഉൾപ്പെടെ യുഡിഎഫ്‌ നേതാക്കളെല്ലാം അണിനിരന്ന്‌ സംഘടിപ്പിച്ച സത്യഗ്രഹ സമരം മുതൽ വൈറ്റില മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ മറപിടിച്ച്‌ പി ടി തോമസ്‌ എംഎൽഎ നടത്തിയ സമരനാടകംവരെ ഇതിന്റെ ഭാഗമായിരുന്നു.

മുൻ യുഡിഎഫ്‌ സർക്കാരിന്റെ അവസാനകാലത്താണ്‌ വമ്പൻ അഴിമതി ലക്ഷ്യമിട്ട്‌ 100 ദിനം 400 പാലം എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്‌. നിയമപ്രകാരമുള്ള ടെൻഡറില്ലാതെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും പാലങ്ങൾ നിർമിക്കാൻ അനുമതി നൽകി. കരാറുകാരിൽ അഴിമതിക്കാർ മുതൽ ബന്ധുക്കളും സ്വന്തക്കാരുംവരെ ഉൾപ്പെട്ടു. ദേശീയപാതയിൽ നിർമിക്കുന്ന പാലാരിവട്ടം പാലം എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി സംസ്ഥാനസർക്കാർ ഏറ്റെടുത്തതും അങ്ങനെ. ദേശീയപാത അതോറിറ്റിയോട്‌ പ്രത്യേകം ആവശ്യപ്പെട്ട്‌ പാലം നിർമാണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

പൊതുമരാമത്ത്‌ മന്ത്രി എന്ന നിലയിൽ വി കെ ഇബ്രാഹിംകുഞ്ഞ്‌ ചെയർമാനായ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ കേരളയാണ്‌ (ആർബിഡിസികെ) നിർമാണ ജോലികൾ വീതംവച്ചത്‌. നിർമാണവിദ്യയിൽ സാങ്കേതിക പരിജ്ഞാനമില്ലാത്ത കിറ്റ്‌കോയെ കൺസൾട്ടന്റ്‌ ആക്കി. രൂപകൽപ്പനയും നിർമാണവും ഒരു കരാറുകാരന്‌ നൽകുന്ന പതിവില്ലാത്തപ്പോൾ  രണ്ടുംകൂടി ഡൽഹി ആസ്ഥാനമായ ആർഡിഎസ്‌ പ്രോജക്‌ട്‌സ്‌ എന്ന കമ്പനിക്ക്‌ നൽകി. രൂപകൽപ്പനയിൽ വിട്ടുവീഴ്‌ച നടത്തി നിർമാണത്തിലൂടെ വൻ ലാഭം കൊയ്യാൻ കരാറുകാരന്‌ അവസരമൊരുക്കലായിരുന്നു ലക്ഷ്യം. ആർബിഡിസികെയും കിറ്റ്‌കോയും ഉൾപ്പെട്ട ഗൂഢാലോചനയാണ്‌ ഇതിനായി നടന്നതെന്ന്‌ പിന്നീട്‌ വിജിലൻസ്‌ കോതിയിൽ സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തി. 41.27 കോടി രൂപയ്‌ക്ക്‌ നിർമിച്ച പാലം 2016 സെപ്‌തംബർ പന്ത്രണ്ടിനാണ്‌ ഗതാഗതത്തിന്‌ തുറന്നത്‌. മൂന്നുവർഷത്തിനകം ബലക്ഷയമുണ്ടായി. കഴിഞ്ഞ മെയ്‌ ഒന്നിന്‌ പാലം അടച്ചു. 18.71 കോടിരൂപ കൂടി മുടക്കി പാലം അറ്റകുറ്റപ്പണി നടത്തണമെന്നാണ്‌ മെട്രോമാൻ ഇ ശ്രീധരന്റെ പരിശോധനാ റിപ്പോർട്ടിൽ സർക്കാരിനോട്‌ ശുപാർശ ചെയ്‌തിട്ടുള്ളത്‌. 

400 പാലം പദ്ധതിയിൽ എറണാകുളം ജില്ലയിൽ നിർമിച്ച  ഐലൻഡ്‌–-കണ്ണങ്ങാട്ട്‌ പാലം, കുണ്ടന്നൂർ–-കുമ്പളം പാലം എന്നിവയിലും നിർമാണ പിഴവുണ്ടായിട്ടുള്ളതായി പിന്നീട്‌ വെളിപ്പെട്ടു. യുഡിഎഫ്‌ നേതൃത്വത്തിന്റെ അറിവോടെയാണ്‌ അഴിമതി ഇടപാടുകളെല്ലാം നടന്നിട്ടുള്ളതെന്ന്‌ വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന്‌ നടന്ന സമരനാടകങ്ങളിൽനിന്ന്‌ വ്യക്തം. ഇതുവരെ പ്രതിചേർത്തിട്ടില്ലാത്ത ഇബ്രാഹിംകുഞ്ഞിലേക്ക്‌ അന്വേഷണം നീണ്ടതോടെ യുഡിഎഫിന്റെ പ്രതിരോധ ശ്രമങ്ങൾ ദുർബലമാകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top