22 October Tuesday

പാലാരിവട്ടം മേൽപ്പാലം : പകൽക്കൊള്ളയ്‌ക്ക്‌ ‘ഉത്തരവിട്ടത്‌’ ഇബ്രാഹിംകുഞ്ഞ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019


സ്വന്തം ലേഖകൻ
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്‌ സ്വകാര്യ കരാറുകാരന്‌ 8.25 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിച്ചത്‌ കരാർ വ്യവസ്ഥകളിൽ ഉൾപ്പെടുത്താതെ. സ്വകാര്യ കരാറുകാർ ഏറ്റെടുക്കുന്ന നിർമാണങ്ങൾക്ക്‌ മുൻകൂർ പണം നൽകരുതെന്ന ചട്ടവും മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ്‌ തന്നിഷ്‌ടപ്രകാരം മറികടന്നു. പാലം നിർമാണത്തിനുള്ള പണം മുഴുവൻ നിർവഹണ ഏജൻസിയായ കേരള റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ (ആർബിഡിസികെ) മുഖേന കൈമാറിയപ്പോൾ മൊബിലൈസേഷൻ അഡ്വാൻസ്‌ രണ്ടു തവണകളായി കരാറുകാരന്‌  നൽകിയത്‌ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (കെഎഫ്‌ആർബി) നേരിട്ടാണ്‌. ഇതിലും ദുരൂഹതയുണ്ട്‌.

പൊതുമരാമത്ത്‌ വകുപ്പിന്റെ പ്രവൃത്തി ഏറ്റെടുക്കുന്ന സ്വകാര്യ കരാറുകാർക്ക്‌ സർക്കാർ മുൻകൂർ പണം അനുവദിക്കാറില്ല. അതേസമയം, കൺസ്‌ട്രക്‌ഷൻ കോർപറേഷൻ പോലുള്ള സർക്കാർ ഏജൻസികൾക്ക്‌ അവരേറ്റെടുക്കുന്ന പ്രവൃത്തികൾ നടപ്പാക്കാൻ മുൻകൂർ പണം നൽകാറുമുണ്ട്‌. സ്വകാര്യ ഏജൻസികൾ മുൻകൂർ പണം ആവശ്യപ്പെട്ടാൽ അക്കാര്യവും കരാറിൽ വ്യവസ്ഥ ചെയ്യണമെന്ന്‌ പൊതുമരാമത്ത്‌ മാന്വൽ പറയുന്നു. അതുപ്രകാരം മാത്രമായിരിക്കണം ഇടപാടുകൾ.

ബജറ്റിലില്ലാത്ത പ്രവൃത്തികൾക്ക്‌ മുൻകൂർ പണം നൽകാമെന്നും മുൻകൂർ പണം നൽകുന്ന കാര്യം വകുപ്പ്‌ മന്ത്രിക്ക്‌ തീരുമാനിക്കാമെന്നുമുള്ള വി കെ ഇബ്രാഹിംകുഞ്ഞിന്റെ വാദം ഇതോടെ പൊളിഞ്ഞു. മുൻകൂർ പണമനുവദിക്കണമെന്ന ശുപാർശയോടെ ആർബിഡിസികെ സമർപ്പിച്ച ഫയൽ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ നൽകിയില്ലെന്ന വെളിപ്പെടുത്തലും ഇബ്രാഹിംകുഞ്ഞിനുള്ള പ്രത്യേക താൽപ്പര്യം തുറന്നുകാട്ടുന്നു.

 

സ്വകാര്യ ഏജൻസികൾക്ക്‌ മുൻകൂർ പണം അനുവദിക്കാൻ തീരുമാനിച്ചാൽ നിർവഹണ ഏജൻസികൾ മുഖേനയാണ്‌ നൽകുക. ആർബിഡിസികെ പോലുള്ള ഏജൻസികളിൽ സർക്കാർ നിയന്ത്രണമുള്ളതുകൊണ്ടാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. മുൻകൂർ നൽകുന്ന തുക തിരിച്ചുപിടിക്കുന്നതിന്റെ ഉത്തരവാദിത്തം ഈ ഏജൻസികൾക്കായിരിക്കും. അതിനു കഴിയാതെവന്നാൽ ഏജൻസികളുടെ ഓഹരികളിൽനിന്ന്‌ സർക്കാരിന്‌ തിരിച്ച്‌ ഈടാക്കാനുമാകും. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഈ വ്യവസ്ഥകളൊന്നും പാലിച്ചില്ല. സർക്കാർ ഉത്തരവ്‌ പ്രകാരം കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ പണമനുവദിച്ചാൽ നിർവഹണ ഏജൻസിയായ ആർബിഡിസികെയാണ്‌ അത്‌ കരാറുകാരന്‌ കൈമാറേണ്ടതും പിന്നീട്‌ തിരിച്ചുപിടിക്കേണ്ടതും.

എന്നാൽ,  ഉത്തരവ്‌ പ്രകാരം 8.25 കോടി രൂപ മുൻകൂറായി അനുവദിച്ച കെആർഎഫ്‌ബി തന്നെ രണ്ടു തവണകളായി അത്‌ നേരിട്ട്‌ കരാറുകാരന്‌ നൽകുകയായിരുന്നു. ആർഡിഎസ്‌ പോലൊരു പ്രമുഖ കരാർകമ്പനിക്ക്‌ നടപടിക്രമങ്ങൾ ഒഴിവാക്കി അതിവേഗത്തിൽ എട്ടേകാൽ കോടി രൂപ അനുവദിച്ചത്‌ എന്തിനെന്ന്‌ ഇബ്രാഹിംകുഞ്ഞോ ടി ഒ സൂരജോ വ്യക്തമാക്കുന്നില്ല. കരാറുകാരന്‌ മുൻകൂർ പണം നൽകിയത്‌ അനധികൃത നടപടിയാണെന്ന്‌ വിജിലൻസ്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുമുണ്ട്‌. ആ ഉത്തരവ്‌ ഇറങ്ങാനിടയായ സാഹചര്യം വിശദമായി അന്വേഷിക്കേണ്ടതാണെന്നും വിജിലൻസ്‌ കോടതിയെ അറിയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top