22 October Tuesday
പാലാരിവട്ടം പാലം അഴിമതിയിൽ രാഷ്ട്രീയനേതാക്കൾക്കും പങ്കുണ്ടെന്ന സൂചന വിജിലൻസ്‌ കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്‌

ടൈറ്റാനിയം അഴിമതിക്കു പിന്നാലെ പാലാരിവട്ടം... കുരുക്ക്‌ മുറുകും

കെ ശ്രീകണ‌്ഠൻUpdated: Tuesday Sep 17, 2019


മുപ്പത്തൊമ്പത്‌ കോടിയുടെ പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചതോടെ ടൈറ്റാനിയം അഴിമതിക്കു പിന്നാലെ യുഡിഎഫ്‌ നേതൃത്വം ഒരിക്കൽക്കൂടി പ്രതിക്കൂട്ടിൽ കയറുകയാണ്‌. ടൈറ്റാനിയം അഴിമതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻ വ്യവസായമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ എന്നിവരാണ്‌ ആരോപണവിധേയർ. പാലാരിവട്ടം നിർമാണ അഴിമതിയുടെ വ്യാപ്‌തി ഉദ്യോഗസ്ഥതലത്തിൽനിന്ന്‌ രാഷ്‌ട്രീയതലത്തിലേക്ക്‌ മാറുന്നതിന്റെ സൂചനയും പുറത്തുവന്നിട്ടുണ്ട്‌.

കേരളം കണ്ട ഏറ്റവും വലിയ നിർമാണ അഴിമതികളിലൊന്നാണ്‌ പാലാരിവട്ടം പാലംനിർമാണത്തിൽ അരങ്ങേറിയത്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ്‌ പൊതുമരാമത്തുമന്ത്രിയും ആയിരുന്ന വേളയിലാണ്‌ ഇപ്പോൾ പൊളിച്ചടുക്കൽ അനിവാര്യമാക്കിയ ഈ നിർമാണം. 13 വർഷംമുമ്പ്‌ ടൈറ്റാനിയം കമ്പനിയിലെ മാലിന്യസംസ്‌കരണ പദ്ധതിയിൽ 80 കോടിയുടെ അഴിമതി അരങ്ങേറിയപ്പോഴും ഇതേ ഭരണനേതൃത്വംതന്നെയായായിരുന്നു. അന്ന്‌ വ്യവസായമന്ത്രിയുടെ റോളിലായിരുന്നു  ഇബ്രാഹിം കുഞ്ഞ്‌. 

ടൈറ്റാനിയം കേസിൽ ഏത്‌ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നാണ്‌ ഉമ്മൻചാണ്ടി പറഞ്ഞത്‌. പാലാരിവട്ടം പൊളിച്ചുപണിയാനുള്ള തീരുമാനം പുറത്തുവന്നപ്പോഴും സമാനരീതിയിലുള്ള പ്രതികരണമാണ്‌ അദ്ദേഹത്തിൽനിന്ന്‌ ഉണ്ടായത്‌. 39 കോടി ചെലവിട്ട്‌ നിർമിച്ച പാലമാണ്‌ ഇപ്പോൾ പൊളിച്ചുകളയാൻ സർക്കാരിനെ നിർബന്ധിതമാക്കിയിരിക്കുന്നത്‌. ധൃതിപിടിച്ച്‌ ഇറക്കുമതിചെയ്‌ത 62 കോടിയുടെ ഉപകരണങ്ങൾ ടൈറ്റാനിയംവളപ്പിൽ തുരുമ്പെടുത്ത്‌ നശിക്കുകയാണ്‌. രണ്ടുംകൂടി ചേരുമ്പോൾ സംസ്ഥാനം നേരിട്ട നഷ്ടം 101 കോടിയുടേതാണ്‌.

പാലാരിവട്ടം അഴിമതി കേസിൽ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ ഉൾപ്പെടെ നാലുപേരാണ്‌ ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത്‌. പാലം നിർമാണത്തിലെ ക്രമക്കേടിൽ രാഷ്‌ട്രീയ നേതാക്കൾക്ക്‌ പങ്കുണ്ടെന്ന്‌ വിജിലൻസ്‌ ഇതിനകം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഉമ്മൻചാണ്ടിയെയും വി കെ ഇബ്രാഹിം കുഞ്ഞിനെയും തുറിച്ചുനോക്കുന്നത്‌ ഇതുതന്നെയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top