കൊച്ചി > അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിക്കാനായി ഉമ്മന്‍ചാണ്ടി നിരത്തിയ വാദങ്ങള്‍ പാലാരിവട്ടം പാലം പോലെ തന്നെ ദുര്‍ബലമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതാണ് ഇബ്രാഹിം കുഞ്ഞിന്റെ പേരിലുള്ള പ്രശ്നമെന്നും ഇതു സാധാരണ ചെയ്യുന്നതാണെന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ സാധാരണ ഗതിയില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നുണ്ടെങ്കില്‍ കരാറില്‍ തന്നെ പറയേണ്ടതാണ്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ കരാറില്‍ അതിന് വ്യവസ്ഥയുണ്ടായിരുന്നില്ല. പിന്നീട് കരാര്‍ കമ്പനിക്ക് പ്രത്യേക താല്പര്യത്തോടെ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ചെയ്തത്. അതാണ് അഴിമതിയെന്നും റഹീം പറഞ്ഞു.
മൊബിലൈസേഷന്‍ അഡ്വാന്‍സ് ഉണ്ടെങ്കില്‍ കരാറിന്റെ നിരക്ക് സ്വാഭാവികമായും കുറവായിരിക്കും. കാരണം, നിശ്ചിത ശതമാനം തുക കരാര്‍ കമ്പനിക്ക് തുടക്കത്തിലേ ലഭിക്കുന്നത് കൊണ്ട് ചെലവ് കുറയ്ക്കാന്‍ അവര്‍ക്ക് കഴിയും. ഇവിടെ, നിരക്ക് നിശ്ചയിച്ച ശേഷം അഡ്വാന്‍സ് കൊടുത്തു. അതാകട്ടെ കരാറിലില്ലാത്ത കാര്യവും. നഗ്നമായ അഴിമതിയാണിത്.
പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പ്രവൃത്തിയും എല്‍ഡിഎഫ് വന്ന ശേഷമാണ് പൂര്‍ത്തിയാക്കിയത് എന്നതാണ് അടുത്ത വാദം. അതുകൊണ്ട് എല്‍ഡിഎഫിനും ഉത്തരവാദിത്തമുണ്ട് എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. എന്നാല്‍ എല്‍ഡിഎഫ് വരുമ്പോള്‍ 15 ശതമാനം പ്രവൃത്തി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതാകട്ടെ നേരത്തെ ചെയ്തു വരുന്നതിന്റെ തുടര്‍ച്ചയായി അതേ കരാറുകാരന് തന്നെ ചെയ്തു. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാറ്റം വരുത്താന്‍ കഴിയുകയുമില്ല.
യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ നല്കിയ കമ്പനി 85 ശതമാനവും പൂര്‍ത്തിയാക്കി വച്ചിരുന്ന പാലത്തിന്റെ നിര്‍മ്മാണ ഉത്തരവാദിത്വം എല്‍ഡിഎഫ് സര്‍ക്കാരിനുമുണ്ടെന്ന് പറയാന്‍ അസാധാരണമായ വൈഭവം വേണം. ഈ വൈഭവം ഭരണ കാലത്ത് പ്രയോജനപ്പെടുത്തിയെങ്കില്‍ പാലാരിവട്ടം പാലം പൊളിയില്ലായിരുന്നു. പക്ഷേ അന്ന്,വൈഭവം അഴിമതിയില്‍ ആയിരുന്നു. ഇപ്പോള്‍ ജയിലില്‍പോയ സഹപ്രവര്‍ത്തകനെ രക്ഷിക്കാനും അതേ വൈഭവമാണ് ഉമ്മന്‍ ചാണ്ടി പ്രയോഗിക്കുന്നത്.
പാലത്തിന്റെ ഭാരപരിശോധന നടത്താന്‍ ഐഐടി ചെന്നൈയിലെ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ ചെയ്തില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. ഭാര പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോയത് കരാര്‍ കമ്പനിയാണ്. അല്ലാതെ അത് ഐഐടി വിദഗ്ധരുടെ ഡിമാന്റായിരുന്നില്ല. മഷിയിട്ടു നോക്കിയിട്ടു പോലും കമ്പികള്‍ കണ്ടു പിടിക്കാന്‍ പറ്റാത്തത്ര കേമമായാണ് പാലം പണിതത് എന്ന് ഈ നാട്ടിലെല്ലാവര്‍ക്കുംനേരില്‍ കണ്ട് ബോധ്യപ്പെട്ടതാണ്. കോടതിയ്ക്കും അതു ബോധ്യമായതാണ്. പറയുന്നത് കേട്ടാല്‍ തോന്നും ഒരു ലോഡ് ടെസ്റ്റ് നടത്തിയാല്‍ തീരുമായിരുന്ന പ്രശ്നമാണെന്ന്.
അഴിതി നടത്തിയ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാതെ വീണ്ടും കരാര്‍ കൊടുത്തു എന്നാണ് ഉമ്മന്‍ ചാണ്ടി ഉന്നയിക്കുന്ന മറ്റൊരാക്ഷേപം. ഈ കേസില്‍ അഴിമതി നടത്തിയത് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ്. കരാര്‍ കമ്പനി തലവന്‍ കേസില്‍ ഒന്നാം പ്രതിയുമാണ്.
ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ് എന്ന ഡല്‍ഹി ആസ്ഥാനമായ ഈ കമ്പനി 1992 മുതല്‍ നിര്‍മാണ രംഗത്തുണ്ട്. അവരുടെ രജിസ്ട്രേഷന് ഡല്‍ഹിയിലായതിനാല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണ്. അതു തുടങ്ങിയിട്ടുമുണ്ട്.
ലോകബാങ്ക് സഹായത്തോടെയുള്ള പുനലൂര്‍-പൊന്‍കുന്നം റോഡിന്റെ പ്രവൃത്തി ഈ കമ്പനിക്ക് കൊടുക്കാതിരുന്നപ്പോള്‍ അവര്‍ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കൊടുത്തത്. മാത്രമല്ല, ഈ കമ്പനിക്ക് കരാര്‍ കൊടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന നിലപാട് ലോകബാങ്കിന്റെ പ്രതിനിധികള്‍ എടുക്കുകയും ചെയ്തു. അവര്‍ രേഖാമൂലം ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. ഇതാണ് സാഹചര്യം.
ആലപ്പുഴ ബൈപ്പാസിന്റെ പ്രവൃത്തി ഈ കമ്പനി നടത്തുന്നുണ്ട്. അതു മുന്‍ സര്‍ക്കാര്‍ നല്കിയ കരാറാണ്. ഈ പ്രവൃത്തി നല്ല നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്. അതിനിടയില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ കഴിയില്ല. പ്രവൃത്തി സ്തംഭിക്കും. മാത്രവുമല്ല,പാലം പണിയേണ്ട പണം കൊള്ളയടിച്ചു കൊണ്ടുപോയിട്ട് കമ്പനിയെ ഇപ്പഴത്തെ സര്‍ക്കാര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തില്ല എന്ന വാദം ഉയര്‍ത്തുന്നത് എത്ര ദുര്‍ബലമാണ്.?
എങ്ങനെയെങ്കിലും ഇബ്രാഹിം കുഞ്ഞിനെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. പക്ഷേ, വാസ്തവം എന്തെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ആ പാലം തകര്‍ന്നു വീണത് പൊതുസമൂഹത്തിന്റെ മുന്‍പിലാണ്.
അഴിമതിയ്ക്കുമപ്പുറം ജനങ്ങളുടെ ജീവന് തന്നെ അപകടത്തിലാക്കുന്ന മനുഷ്യത്വരഹിതമായ നീച പ്രവൃത്തിയാണ് ഇബ്രാഹിം കുഞ്ഞ് ചെയ്തത്. ഒരു സാമൂഹ്യ പ്രവര്ത്തകന് എന്ന നിലയ്ക്ക് അതിനെ വിമര്‍ശിക്കുന്നതിനു പകരം രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രം മുന്‍നിര്‍ത്തി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ദേശീയ പാതാ അതോറിറ്റി അവരുടെ പണം ഉപയോഗിച്ച് ചെയ്യേണ്ട പാലം സംസ്ഥാന സര്‍ക്കാര്‍ ചെയ്യാം എന്ന് അവിടെ പോയി സന്നദ്ധത അറിയിച്ചത് എന്തിനായിരുന്നു? അഴിമതി ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഉമ്മന്‍ ചാണ്ടി പ്രത്യേക താല്പര്യമെടുത്തത് അഴിമതിക്കല്ലാതെ മറ്റെന്തിനായിരുന്നു? സത്യസന്ധതയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയാന്‍ അന്നത്തെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം തയ്യാറാകണം-റഹീം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..