27 May Wednesday

"അതിവേഗം ബഹുദൂരം പണിതതാ പാലാരിവട്ടം പാലം; അതുകൊണ്ട്‌ വലിയ ബലം കാണാത്തില്ലട ഉവ്വേ'

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

മലയാളത്തിലെ ഏറ്റവും മനോഹരമായ പോളിറ്റിക്കല്‍ സറ്റയര്‍ സിനിമയാണ് കെ ജി ജോര്‍ജ്ജിന്‍റെ പഞ്ചവടിപ്പാലം. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റ് ദുശ്ശാസന കുറുപ്പിന്‍റെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തില്‍ ആദ്യമായി നിര്‍മ്മിച്ച പാലം, ഉദ്ഘാടനത്തിന്‍റെ അന്ന് തന്നെ പൊളിഞ്ഞു വീഴുന്നു. ഏതാണ്ട് ഇതിന് സമാനമാണ് കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്‍റെ അവസ്ഥയും. യുഡിഎഫ് സർക്കാർ നിർമാണം ആരംഭിച്ച പാലത്തിൽ അന്നത്തെ പൊതുമരാമത്തു മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞും ഉന്നത ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം തികയും മുന്നേ പാലം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് വന്നു. തുടര്‍ന്ന് പാലം പൊളിച്ച് പുതിയത് പണിയാന്‍ എൽഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടു. കേസ് കോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസ് ഉബൈദ് തന്നെ പറഞ്ഞ് പാലാരിവട്ടം പാലം 'പഞ്ചവടിപ്പാലം പോലെയായല്ലോ'യെന്നാണ്. കാണാം പാലാരിവട്ടം പാലം ട്രോളുകള്‍.....

പാലം ക്രമക്കേടില്‍ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വ്യക്തമാക്കിയിരുന്നു.

ജാമ്യാപേക്ഷയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സൂരജിന്റെ ആരോപണം. കരാറുകാരന് മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് ഇബ്രാഹിം കുഞ്ഞായിരുന്നെന്ന് സൂരജ് പറഞ്ഞു.

8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നാണ് സൂരജിന്റെ വാദം. നേരത്തെ, പാലം നിര്‍മാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താന്‍ നല്‍കിയതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നത്.

 

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി സൂരജ് ഉള്‍പ്പെടെ നാല് പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുടെ ആരംഭം സൂരജ് പൊതുമരാമത്തു സെക്രട്ടറിയായിരുന്ന കാലത്താണെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പാലം നിര്‍മിച്ച ആര്‍.ഡി.എസ് പ്രോജക്ട്സിന്റെ എം.ഡി സുമിത് ഗോയല്‍, കിറ്റ്കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കേരള റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ മുന്‍ അഡീഷണല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ നേരത്തെ ചോദ്യം ചെയ്തു കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

ട്രോൾ പേജുകളിലും ഈ ക്രമക്കേടിനെതിരെ രോഷം ഉയരുന്നുണ്ട്. ഇത്രയും കാലം തകരാതെ നിന്നത് പാലത്തിനുമേൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലെ മൈദയുടെ ബലത്തിലാണെന്ന് ട്രോളുകൾ പറയുന്നു. യുഡിഎഫ്‌ സർ‌ക്കാരിന്റെ കാലത്ത് പണികഴിപ്പിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യമൊന്ന് സൂക്ഷിക്കണമെന്നും ട്രോൾ.


പ്രധാന വാർത്തകൾ
 Top