20 October Tuesday

പാലാരിവട്ടം പാലം പൊളിച്ച്‌ തുടങ്ങി; അണ്ടർ പാസ് വഴിയുള്ള യാത്ര അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

കൊച്ചി > യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിയുടെ സ്‌മാരകമായ പാലാരിവട്ടം മേൽപ്പാലം, പുനർനിർമാണത്തിന്റെ ഭാഗമായി പൊളിച്ച് തുടങ്ങി. ടാർ കട്ടിങ് അടക്കമുള്ള പ്രാഥമിക ജോലികളാണ് ആരംഭിച്ചത്‌. ഡിഎംആർസി മുഖ്യ ഉപദേഷ്‌ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് കരാർ.

പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് പ്രവർത്തികൾക്ക് തുടക്കമാകുന്നത്. പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണികളാണ് ആദ്യം നടക്കുക. നവീകരണ ജോലികൾക്കിടെ അവശിഷ്‌ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. മറ്റന്നാൾ മുതൽ ഗർഡറുകൾ പൊളിച്ച് തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാൽ മറ്റന്നാൾ മുതൽ അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.

ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനിൽ 15 സ്പാനും കഷ്‌ണങ്ങളായി മുറിക്കുന്നത്. ആറ് ഗർഡറുകൾ ചേർന്നതാണ് ഒരു സ്‌പാൻ. രണ്ട് തൂണുകൾക്കിടയിൽ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്‌പാൻ. ഇത്തരം സ്പാനുകൾക്ക് മുകളിലാണ് ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്‌തിരിക്കുന്നത്.

ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും.

എട്ടുമാസം കൊണ്ട് പാലാരിവട്ടം പാലം പൊളിച്ച് പുതിയത് നിർമിക്കും. ഒൻപതു മാസത്തെ സമയമാണ് ആകെ അനുവദിച്ചിരിക്കുന്നത്. അതിവേഗം മുന്നോട്ടുപോകാനാണ് ഇ ശ്രീധരൻ നിർദേശിച്ചിരിക്കുന്നത്. അതിനാൽ എട്ടുമാസം മുൻപേ ജോലികൾ പൂർത്തിയാക്കിയേക്കാം. പുനർനിർമാണത്തോടെ പാലത്തിന്റെ ആയുസ്സ് 100 വർഷമായി വർധിക്കുമെന്നാണ് ഉറപ്പ്.

ഊരാളുങ്കൽ സൊസൈറ്റിയുടെ ചീഫ് എൻജിനിയർ എ പി പ്രമോദാണ് പൊളിക്കലിനും പുനർനിർമാണത്തിനും നേതൃത്വം നൽകുക. ഡിഎംആർസിയിലെ മുൻ ചീഫ് എൻജിനിയർ കേശവചന്ദ്രനും എത്തും. പാലത്തിൽ ആകെയുള്ള 102 ഗർഡറുകൾ പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കാനാണ് ഡിഎംആർസി നിർദേശിച്ചിട്ടുള്ളത്. 17 സ്പാനുകളും മാറ്റി പുതിയത് സ്ഥാപിക്കണം. തൂണുകളും തൂണുകളുടെ മുകൾഭാഗവും ബലപ്പെടുത്തണം. ലോഹ ബെയറിങ്ങുകളും മാറ്റേണ്ടതുണ്ട്‌.

മരടിനുശേഷം വീണ്ടും

മരടിലെ അഞ്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ പൊളിച്ച്‌ പത്തുമാസത്തിനകം മറ്റൊരു പൊളിക്കലിന് സാക്ഷിയാകുകയാണ്‌ കൊച്ചി. ഫ്ലാറ്റുകൾ നിലംപൊത്തുന്നത്‌ കണ്ട‌ കേരളത്തിന്‌ മറ്റൊരു രാഷ്ട്രീയ അഴിമതി കൂടി പൊളിഞ്ഞ്‌ വീഴുന്നത്‌ കണ്ട്‌ ആസ്വദിക്കാം.

സുപ്രീംകോടതി നിർദേശപ്രകാരം ജനുവരി 11നും 12നുമാണ്‌ മരടിലെ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ പൊളിച്ചത്‌. കുണ്ടന്നൂരിലെ ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒ, നെട്ടൂരിലെ ജെയ്‌ൻ കോറൽ കേവ്‌, ആൽഫ സെറീന്റെ രണ്ടു ടവറുകൾ, കണ്ണാടിക്കാട്‌ ഗോൾഡൻ കായലോരം എന്നിവയാണ്‌ പൊളിച്ചത്.

അന്ന്‌ സർക്കാരിന്‌ ചെലവായത്‌ 69.09 കോടി രൂപയാണ്‌. ലോക്‌‌ഡൗൺ അൽപ്പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ആഗസ്തിൽ അവശിഷ്ടം നീക്കൽ പൂർത്തിയാക്കി. 6,500 ടൺ വരുന്ന അവശിഷ്‌ടം നീക്കം ചെയ്യാൻ 30 പ്രവൃത്തിദിവസങ്ങൾ വേണ്ടിവന്നു.

ഇന്ന്‌ ഗതാഗതം നിയന്ത്രിക്കില്ല

പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങുമെങ്കിലും തിങ്കളാഴ്ച പ്രത്യേക ഗതാഗത ക്രമീകരണമില്ല. ടാറിങ് ഇളക്കിമാറ്റുന്നത്‌ വാഹനഗതാഗതത്തെ ബാധിക്കില്ലെന്നാണ്‌ കരുതുന്നത്‌. കോണ്‍ക്രീറ്റ് ഇളക്കിമാറ്റി തുടങ്ങുമ്പോള്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.

തിങ്കളാഴ്ച രാവിലെ 10ന് ഡെപ്യൂട്ടി കമീഷണർ ജി പൂങ്കുഴലി സ്ഥലപരിശോധന നടത്തും. ആദ്യം പൊളിക്കുന്ന ഭാഗം, പൊളിക്കുന്ന ജോലികള്‍ക്ക്‌ എടുക്കുന്ന സമയം, ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങള്‍ അറിഞ്ഞശേഷം ക്രമീകരണം ഏർപ്പെടുത്തും. യു ടേണ്‍ ക്രമീകരണമാണ്‌ ഇതിൽ ഏറ്റവും പ്രധാനം. പൊളിക്കുമ്പോൾ‌ പാലത്തിനടിയിലൂടെ ഗതാഗതം അനുവദിക്കില്ല.

സുരക്ഷാമാനദണ്ഡം പാലിക്കും: ജി സുധാകരൻ

പാലാരിവട്ടം പാലം പൊളിക്കൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരിക്കുമെന്ന്‌ മന്ത്രി ജി സുധാകരൻ അറിയിച്ചു. പകലും രാത്രിയും ജോലി തുടരും. പൊളിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ ഇടില്ല. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചെല്ലാനത്തെ കടലാക്രമണം തടയാൻ പ്രയോജനപ്പെടുമെങ്കിൽ അതിനായി ഉപയോഗിക്കാൻ നിർദേശം നൽകി. കടലാക്രമണം തടയാനും അവിശിഷ്ടങ്ങൾ റോഡിൽ കിടക്കുന്നതിനെ തുടർന്നുള്ള പ്രശ്ന‌ങ്ങൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും.

പാലം പൊളിച്ചു പണിയുന്നത്‌ ഒമ്പത്‌ മാസം ഹൈക്കോടതി ഇടപെട്ടതിനാൽ വൈകി. നിർമാണം തടസ്സപ്പെടുത്തിയവർ ചെയ്ത തെറ്റ് എത്രമാത്രം വലുതാണെന്ന്‌ മനസ്സിലാക്കണം. എത്രയും വേഗം നിർമാണം പൂർത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top