Deshabhimani

തെളിയുന്നത്‌ മഴവിൽസഖ്യം ; പാലക്കാട് എസ്‌ഡിപിഐയുടെ പതിനായിരം വോട്ട്‌ യുഡിഎഫിന്‌ മറിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 01:44 AM | 0 min read



പാലക്കാട്‌
പതിനായിരം വോട്ടെങ്കിലും യുഡിഎഫിന്‌ അനുകൂലമാക്കാൻ കഴിഞ്ഞുവെന്ന  എസ്‌ഡിപിഐ  വെളിപ്പെടുത്തൽ തുറന്ന്‌ കാട്ടുന്നത്‌ പാലക്കാട്ട്‌ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ മഴവിൽ സഖ്യം.  ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയവാദികളുടെ പിന്തുണയിലാണ്‌ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയിച്ചതെന്നാണ്‌ ഇത്‌  വ്യക്തമാക്കുന്നത്‌.  പതിനായിരം വോട്ടെങ്കിലും യുഡിഎഫിന്‌ അനുകൂലമാക്കാൻ കഴിഞ്ഞുവെന്നാണ്‌ എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ്‌ ഷെഹീർ ചാലിപ്പുറം വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. പള്ളികളിൽ ലഘുലേഖ വിതരണം ചെയ്‌തുവെന്നും മുസ്ലിംസമുദായത്തിന്റെ വോട്ടുകൾ യുഡിഎഫിനുവേണ്ടി ഏകീകരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

എൽഡിഎഫിന്‌ വോട്ട്‌ ചെയ്‌താൽ ബിജെപി ജയിക്കുമെന്ന ക്യാമ്പയിൻ ഉയർത്തിയാണ്‌ എസ്‌ഡിപിഐ ലഘുലേഖ വിതരണം ചെയ്‌തത്‌. യുഡിഎഫും ഈ തരത്തിൽ പ്രചാരണം നടത്തി. ഇങ്ങനെ പ്രചാരണം നടത്തണമെന്ന്‌ എസ്‌ഡിപിഐ–- യുഡിഎഫ്‌ നേതാക്കൾ തെരഞ്ഞെടുപ്പിനുമുമ്പ്‌ ചർച്ചനടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമിയും ഇവർക്ക്‌ പൂർണ പിന്തുണ നൽകി. ആർഎസ്‌എസ്‌ നിലപാട്‌ തള്ളാതെ സന്ദീപ്‌ വാര്യർ കോൺഗ്രസിലെത്തിയത്‌ ഗുണമായെന്നാണ്‌ ബിജെപിയുടെ വിലയിരുത്തൽ. പാലക്കാട്‌ ബിജെപി രണ്ടാംസ്ഥാനത്തുതന്നെ നിലനിൽക്കേണ്ടത്‌ യുഡിഎഫിന്റെ ആവശ്യംകൂടിയായിരുന്നു. സന്ദീപ്‌ വാര്യരുടെ കോൺഗ്രസ്‌ പ്രവേശമാണ്‌ ബിജെപിയുടെ  രണ്ടാംസ്ഥാനം സംരക്ഷിച്ചുനിർത്തിയതെന്നും ബിജെപി നേതാക്കൾ പറയുന്നു. അല്ലെങ്കിൽ എൽഡിഎഫായിരിക്കും രണ്ടാമതെത്തുക.

പാലക്കാട്‌ പ്രചാരണം മോശമായെന്നും വോട്ട്‌ നന്നായി കുറയുമെന്നും വിലയിരുത്തിയ ആർഎസ്‌എസ്‌ നടത്തിയ ഗൂഢാലോചനയാണ്‌ സന്ദീപ്‌ വാര്യരെ കോൺഗ്രസിലെത്തിച്ചതെന്നും അത്‌ ഷാഫിയും സതീശനും അറിഞ്ഞുകൊണ്ടാണെന്നും ഒരു യുഡിഎഫ്‌ നേതാവ്‌ പറഞ്ഞു. പാലക്കാട്‌ ബിജെപി രണ്ടാമത്‌ വന്നാലേ അടുത്തതവണയും ബിജെപി ജയിക്കുമെന്ന്‌ ഭയപ്പെടുത്തി ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന്‌ അനുകൂലമാക്കാൻ കഴിയൂവെന്നും ഇരുകൂട്ടരും കണക്കുകൂട്ടുന്നു. പാലക്കാട്ടെ യുഡിഎഫ്‌ വിജയം രാഷ്ട്രീയ  പോരാട്ടത്തിന്റെ ഭാഗമല്ലെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ ഈ വെളിപ്പെടുത്തലുകൾ.


 



deshabhimani section

Related News

0 comments
Sort by

Home