05 December Thursday

ഉപതെരഞ്ഞെടുപ്പ്‌ ചിത്രം തെളിഞ്ഞു ; 
ശക്തമായ പോരാട്ടം

പ്രത്യേക ലേഖകൻUpdated: Friday Oct 18, 2024


തിരുവനന്തപുരം
പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സിപിഐ എം സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്‌ ചിത്രം വ്യക്തം. വയനാട്‌ ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥിയായി സത്യൻ മോകേരിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

പി സരിൻ എൽഡിഎഫ്‌ സ്ഥാനാർഥിയായത്‌ യുഡിഎഫിന്റെ ആത്മവിശ്വാസം തകർത്തു. വലിയ ആവേശമാണ്‌ മണ്ഡലത്തിൽ എൽഡിഎഫിന്‌ അനുകൂലമായി ഉയരുന്നത്‌. സരിന്റെ വെളിപ്പെടുത്തൽ കോൺഗ്രസ്‌ നേതൃത്വത്തെ ഞെട്ടിച്ചുവെന്നതിനു തെളിവാണ്‌ നേതാക്കൾ പങ്കുവയ്‌ക്കുന്ന ആശങ്കകൾ.  ഇ ശ്രീധരൻ വ്യക്തിപരമായി സമാഹരിച്ചതുൾപ്പെടെ കിട്ടാവുന്ന പരമാവധിയാണ്‌ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ പാലക്കാട്‌ കിട്ടിയത്‌.

ചേലക്കരയിൽ ഒരുതരത്തിലുള്ള വെല്ലുവിളിയും എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിനില്ല. ചേലക്കരയിലും കോൺഗ്രസിനുള്ളിൽ വൻ പൊട്ടിത്തെറിയാണുള്ളത്‌. വയനാട്‌ മണ്ഡലം കുത്തകയാണെന്ന്‌ കോൺഗ്രസ്‌ അവകാശപ്പെടുമ്പോഴും വൻമരങ്ങൾ വീണചരിത്രവും അവരെ ആശങ്കയിലാക്കുന്നു. 

ബഹുഭൂരിപക്ഷം മാധ്യമങ്ങളും സർക്കാർവിരുദ്ധ, യുഡിഎഫ്‌–-ബിജെപി അനുകൂല പ്രചാരണം എല്ലാ ധാർമികതയും കൈവിട്ട്‌ നടത്തുമ്പോഴും ഇരട്ടി കരുത്തോടെയാണ്‌ എൽഡിഎഫ്‌ നിലയുറപ്പിക്കുന്നത്‌. സിപിഐ എമ്മിനും സർക്കാരിനും എതിരെ വ്യാജനിർമിതികളല്ലാതെ വസ്തുതാപരമായ ആരോപണങ്ങളൊന്നും ഇതുവരെ ഉന്നയിക്കാനില്ല.

ജയിച്ചുകയറാൻ സ്വന്തം പാർടിയുടെ മതനിരപേക്ഷ നിലപാടിനെ പോലും പണയം വയ്ക്കുന്ന നിലപാടിൽ കോൺഗ്രസ്‌ അണികളിൽ പ്രതിഷേധമുണ്ട്‌. താൻ മാത്രമാണ്‌ പാർടിയെന്ന്‌ ധിക്കാരപൂർവം ആജ്ഞാപിക്കുന്ന സതീശന്റെ രീതിയും ചോദ്യം ചെയ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top