Deshabhimani

അവസാനലാപ്പിലും തുടരുന്ന രാജി ; പാർടിവിടുന്നവർക്കുനേരെ ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 11:12 PM | 0 min read


പാലക്കാട്‌
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ നേതാക്കളുടെ രാജിയിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം. ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതുമുതൽ ഒരുമാസത്തിനിടെ ഷാഫി –- സതീശൻ കോക്കസിലും സംഘപരിവാർ ബന്ധത്തിലും മനംനൊന്ത്‌ കോൺഗ്രസ്‌ വിട്ടത്‌  സംസ്ഥാന നേതാക്കളടക്കം ഒമ്പതുപേർ.  

ഷാഫിയും സതീശനും ഏകപക്ഷീയമായി പാലക്കാട്‌ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിശ്ചയിച്ചതിലും ഇവരുടെ ബിജെപി ബന്ധത്തിലും പ്രതിഷേധിച്ചാണ്‌ നേതാക്കൾ പാർടിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്‌. മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഒ പി കൃഷ്‌ണകുമാരിക്ക്‌ പിന്നാലെ വേറെയും നേതാക്കൾ ഉടൻ പാർടി വിടുമെന്നാണ്‌ സൂചന.

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രവർത്തിക്കുന്നത്‌ സംഘപരിവാറിനുവേണ്ടിയാണെന്ന്‌  ആരോപിച്ചാണ്‌ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്‌ കോൺഗ്രസ്‌ വിട്ടത്‌.  ഡോ. പി സരിനുശേഷം ജില്ലയിൽ കോൺഗ്രസ്‌ വിടുന്ന രണ്ടാമത്തെ നേതാവായിരുന്നു ഷാനിബ്‌. ഷാനിബിനെ പിന്തുണച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ പാലക്കാട്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ പി ജി വിമൽ  സ്ഥാനങ്ങളെല്ലാം രാജിവച്ചു. തുടർന്ന്‌  കോൺഗ്രസ്‌ പിരായിരി മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യയും പിരായിരി പഞ്ചായത്ത്‌ അംഗവുമായ സിത്താരയും അതേ പഞ്ചായത്തിലെ ദളിത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ എ സുരേഷും  യൂത്ത്‌ കോൺഗ്രസ്‌ പാലക്കാട്‌ ഈസ്റ്റ്‌ മണ്ഡലം മുൻ പ്രസിഡന്റ്‌ ഹക്കീം കൽമണ്ഡപം,  യൂത്ത്‌ കോൺഗ്രസ്‌  അലനല്ലൂർ മണ്ഡലം മുൻ പ്രസിഡന്റ്‌ പി നസീഫ്‌ പാലക്കഴി എന്നിവരും പാർടി വിട്ടു.  

ഇതിനിടയിൽ ഡിസിസി ജനറൽ സെക്രട്ടറി ടി വൈ ഷിഹാബുദ്ദീൻ നേതൃത്വത്തിനെതിരെ ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടു.  പാർടിവിടുന്നവർക്കുനേരെ സൈബർ ആക്രമണങ്ങൾക്കുപുറമെ ശാരീരിക ആക്രമണവുമുണ്ടായി. ഡോ. പി സരിനെ പിന്തുണച്ച്‌ സമൂഹമാധ്യമത്തിൽ കുറിപ്പിട്ട യൂത്ത്‌ കോൺഗ്രസ്‌ നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി ശ്രീജിത്‌ ബാബുവിനെ ഷാഫി പറമ്പിലിന്റെ അനുയായികൾ മർദിച്ചിരുന്നു.



deshabhimani section

Related News

0 comments
Sort by

Home