18 September Wednesday

പാലായിൽ മാത്രം തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ ദുരുദ്ദേശപരം; നേരിടാൻ ഇടതുപക്ഷം സജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

പാലക്കാട്‌ > കേരളത്തിലെ ആറ്‌ അസംബ്ലി മണ്ഡലങ്ങൾ ഒഴിഞ്ഞ്‌ കിടക്കുമ്പോൾ പാലയിൽ മാത്രം ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ ദുരുദ്ദേശത്തോടെയാണെന്ന്‌ സിപിഐ എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.  പാലക്കാട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലയിൽ ഉപതെരഞ്ഞെടുപ്പ്‌ നേരിടാൻ  എൽഡിഎഫ്‌ സജ്ജമാണ്‌. ശുഭപ്രതീക്ഷയാണുള്ളത്‌. എൽഡിഎഫും സിപിഐ എമ്മും തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങിക്കഴിഞ്ഞു.
 യുഡിഎഫ്‌ ശിഥിലമായി. മാണി വിഭാഗം തന്നെ രണ്ടായ സാഹചര്യമാണ്‌. മാണിഗ്രൂപ്പിനൊപ്പമാണോ, ജോസഫിനൊപ്പമാണോ യുഡിഎഫ്‌ എന്ന്‌ വ്യക്‌തമല്ല. 

എല്ലാ അംസബ്ലി ഉപതെരഞ്ഞെടുപ്പുകളും ഒന്നിച്ച്‌ നടത്തുന്നതിന്‌ പകരം ഒരുസീറ്റിൽ മാത്രം സെപ്‌തംബറിൽ നടത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ രാഷ്‌ട്രീയലക്ഷ്യമാണ്‌. മഞ്ചേശ്വരം എംഎൽഎയാണ്‌ ആദ്യം നിര്യാതനായത്.  പിന്നീടാണ്‌ കെ എം മാണിയുടെ നിര്യാണം.  പാലയിൽ ഏത്‌ പാർട്ടി മത്സരിക്കണമെന്ന്‌ 28ന്‌ ചേരുന്ന എൽഡിഎഫ്‌ യോഗം തീരുമാനിക്കും. പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്തുള്ളത്‌. അതിന്‌ ശേഷം നടന്ന 44 തദ്ദേശതെരഞ്ഞെടുപ്പുകളിൽ 22ലും എൽഡിഎഫാണ്‌ വിജയിച്ചത്‌. 

സിപിഐ എമ്മും എൽഡിഎഫും വിശ്വാസികൾക്കൊപ്പമാണ്‌. യുഡിഎഫും ബിജെപിയും വഞ്ചിക്കുകയാണെന്ന്‌  വിശ്വാസികൾക്ക്‌  ബോധ്യമായി. മോഡിയെ പുകഴ്ത്തുന്ന കോൺഗ്രസുകാർ എങ്ങോട്ടാണ്‌ എത്തുന്നത്‌ എന്ന്‌ അബ്‌ദുള്ളക്കുട്ടി കാട്ടിത്തന്നു. ബിജെപിയെ തൃപ്‌തിപ്പെടുത്താൻ കോൺഗ്രസ്‌ ശ്രമിക്കുകയാണ്‌. നേതൃത്വമില്ലാത്ത കോൺഗ്രസ്‌ ബിജെപിക്ക്‌ മുന്നിൽ വിറങ്ങലിച്ച്‌ നിൽക്കുകയാണന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top