24 October Thursday

നിഷ തന്നെയെന്ന്‌ ജോസ്‌ കെ മാണി; "രണ്ടില' താൻ അംഗീകരിക്കണമെന്ന്‌ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

കോട്ടയം > പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിൽനിന്ന്‌ ആര് മത്സരിക്കുമെന്ന കാര്യത്തിൽ സമവായമുണ്ടാക്കാൻ യുഡിഎഫ് ഉപസമിതി യോഗം ചേർന്നു. ജോസ് കെ മാണി - പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനാണ്‌ യോഗം. കോട്ടയം ഡിസിസിയിൽ നടക്കുന്ന യോഗത്തിൽ ജോസ് കെ മാണിയുമായും പി ജെ ജോസഫുമായും വെവ്വേറെ ചർച്ച നടത്തി. യോഗത്തിൽ ഇരുവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. 

സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും 'പുറത്തു നിന്നുള്ള' ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണിയുടെ ഉറച്ച നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് സജീവ സാധ്യത പറഞ്ഞുകേൾക്കുന്നത്. എന്നാൽ പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം ചിഹ്നം നൽകിയാൽ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പൊതു അഭിപ്രായം. അതില്ലെങ്കിൽ 'രണ്ടില' തരില്ലെന്നാണ് ഭീഷണി.

കോട്ടയത്ത് യുഡിഎഫ് ഉപസമിതിയ്ക്ക് മുമ്പ് ജോസഫ് വിഭാഗത്തിന്‍റെ യോഗവും ജോസ് കെ മാണി വിഭാഗത്തിന്‍റെ യോഗവും വെവ്വേറെ നടന്നു. നിഷയുടെ വിജയസാധ്യതയെക്കുറിച്ചോ, യോഗത്തിൽ സമവായമാകുമോ എന്നതിനെക്കുറിച്ചോ യോഗത്തിനെത്തിയ പി ജെ ജോസഫ് പ്രതികരിക്കാൻ പോലും തയ്യാറായില്ല. ''ചിഹ്നമൊക്കെ പിന്നെ തീരുമാനിക്കും. യുഡിഎഫ് അല്ലെങ്കിലേ സ്ഥാനാർത്ഥിയെ ഒടുവിൽ മാത്രമേ തീരുമാനിക്കാറുള്ളൂ'', എന്ന് ജോസഫ്. 

അതേസമയം, നിലപാടിലുറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റാരും ഇതിൽ ഇടപെടേണ്ടതില്ല. ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നു. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന സമിതി യോഗവും ഇന്ന് വൈകീട്ട് കോട്ടയത്ത് ചേരുന്നുണ്ടെന്ന് ജോസ് കെ മാണി.

പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് യോഗശേഷം ജോസ് കെ മാണി പങ്കുവച്ചത്. ഇന്നലത്തെ ചർച്ചയിൽ ഒരു സ്ഥനാർത്ഥിയുടെ പേരും ഉയർന്നു വന്നിട്ടില്ല. ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി കൂടുന്ന കാര്യം അറിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top