24 February Monday

പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് ; ബുധനാഴ്‌ച മുതൽ പത്രികാസമർപ്പണം, വോട്ടെണ്ണൽ 27ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019


ന്യൂഡൽഹി
പാലാ ഉൾപ്പെടെ രാജ്യത്തെ  നാല്‌ നിയമസഭാമണ്ഡലങ്ങളിൽ സെപ്‌തംബർ 23ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കും. കേരളത്തിൽ ഒഴിവുള്ള മറ്റ്‌ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമീഷന്‍ തയ്യാറായിട്ടില്ല. വിജ്ഞാപനം നിലവിൽവരുന്ന ബുധനാഴ്‌ചമുതല്‍ സെപ്തംബര്‍ നാലുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്‌മപരിശോധന. ഏഴുവരെ പത്രിക പിൻവലിക്കാം.  ഫലപ്രഖ്യാപനം  27ന്. ഇലക്‌ട്രോണിക്‌ വോട്ടിങ്‌യന്ത്രങ്ങളും വിവിപാറ്റ്‌ സംവിധാനവും ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്‌. കോട്ടയം ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഛത്തീസ്‌ഗഢിലെ ദന്തേവാഡ (എസ്‌ടി), ത്രിപുരയിലെ ബാദർഘാട്ട്‌ (എസ്‌സി), ഉത്തർപ്രദേശിലെ ഹാമിർപുർ എന്നിവയാണ് 23ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍.

കേരള കോൺഗ്രസ്‌ നേതാവ്‌ കെ എം മാണി ഏപ്രിൽ ഒമ്പതിന്‌ അന്തരിച്ചതിനെ തുടർന്നാണ്‌ പാലായിൽ ഉപതെരഞ്ഞെടുപ്പ്‌. എംഎൽഎമാർ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതിനാൽ വട്ടിയൂർക്കാവ്‌, അരൂർ, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പി ബി അബ്‌ദുൾറസാഖ്‌ 2018 ഒക്ടോബറിൽ അന്തരിച്ചതിനാൽ ഒഴിവുള്ള മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടില്ല. ഒഴിവ്‌ രേഖപ്പെടുത്തിയാൽ ജനപ്രാതിനിധ്യനിയമപ്രകാരം ആറ്‌ മാസത്തിനകം ഉപതെരഞ്ഞെടുപ്പ്‌  നടത്തണമെന്നാണ്‌ ചട്ടം.

പ്രാദേശിക ആഘോഷങ്ങളും വോട്ടർപട്ടികയും കാലാവസ്ഥയും പരിഗണിച്ചാണ്‌ പാലായില്‍ ഉപ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശദീകരണം.  കെ എം മാണിയുടെ നിര്യാണത്തിന്‌ ശേഷം കേരള കോണ്‍​ഗ്രസില്‍ രൂപപ്പെട്ട അധികാരത്തര്‍ക്കം പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങി. കേരള കോൺഗ്രസിന് പാലായില്‍ രണ്ട് സ്ഥാനാർഥികളുണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ജോസഫും ജോസും ഞായറാഴ്ച തന്നെ വാക്പോര് തുടങ്ങി. സ്ഥാനാര്‍ഥി നിര്‍ണത്തില്‍ ഈ ആഴ്ച നിര്‍ണായകമാണ്. തിങ്കളാഴ്ച യുഡിഎഫ് യോ​ഗം ചേരും. പാലായില്‍ കെ എം മാണി അവസാനം മത്സരിച്ച 2016ൽ എല്‍ഡിഎഫിന്റെ മാണി സി കാപ്പനെതിരെ (എൻസിപി) ഭൂരിപക്ഷം 4703ലേക്ക്‌ കൂപ്പുകുത്തി. 2001ലെ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തില്‍ കേരള കോണ്‍​ഗ്രസ് കനത്ത വോട്ടുചോര്‍ച്ച നേരിടുന്നു.

സ്ഥാനാർഥിയെ ഞാൻ പ്രഖ്യാപിക്കും : പി ജെ ജോസഫ് 
തൊടുപുഴ
പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പാർടി സ്റ്റിയറിങ് കമ്മിറ്റി യോഗം തന്നെയാണ് ചുമതലപ്പെടുത്തിയതെന്ന് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്  ‘ദേശാഭിമാനി' യോട് പറഞ്ഞു. വിജയത്തിനാണ് മുഖ്യപരിഗണന. ആരുടെയും പേരുകളിലേക്ക്‌ ഇപ്പോൾ കടക്കുന്നില്ല. അടുത്ത ദിവസംതന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.

ചിഹ്നം കമീഷൻ തീരുമാനിക്കട്ടെ : ജോസ്‌ കെ മാണി
കോട്ടയം
യുഡിഎഫ്‌ ഒറ്റക്കെട്ടായി പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്ന്‌ ജോസ്‌ കെ മാണി എംപി. രണ്ടില ചിഹ്‌നം ലഭിക്കുമോയെന്നത്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനിക്കട്ടെ. ജനാധിപത്യപരമായ ചർച്ചയിലൂടെ മാത്രമേ കേരള കോൺഗ്രസ്‌ എമ്മിന്റെ സ്ഥാനാർഥിയെ തീരുമാനിക്കൂ. രമ്യമായ തീരുമാനം ഉണ്ടാകുമെന്നും ജോസ്‌ കെ മാണി പറഞ്ഞു.

ജോസ്‌ തീരുമാനിക്കും : ജോസഫ് എം പുതുശേരി
കോട്ടയം
കേരള കോൺ​ഗ്രസ് എം സ്ഥാനാർഥിയെ ജോസ് കെ മാണി ചെയർമാനായ സമിതി തീരുമാനിക്കുമെന്ന് ജനറൽ സെക്രട്ടറി ജോസഫ് എം പുതുശേരി. സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

അസ്വാരസ്യം  ബാധിക്കില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം
കേരള കോൺഗ്രസിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസവും അസ്വാരസ്യവും പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ യുഡിഎഫ്‌ നേരിടുന്നത്‌.

 


പ്രധാന വാർത്തകൾ
 Top