24 October Thursday

വർക്കിങ് ചെയർമാനായി അംഗീകരിച്ചാൽ ' രണ്ടില 'നൽകാം: പി ജെ ജോസഫ്, പാലായിൽ ചിഹ്‌നമില്ലെങ്കിലും ജയിക്കുമെന്ന്‌ മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

തൊടുപുഴ> ചെയർമാന്റെ ചുമതലയുള്ള വർക്കിങ് ചെയർമാനായി തന്നെ  അംഗീകരികരിച്ച്  കത്ത് നൽകിയാൽ ചിഹ്നം സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കാമെന്ന് പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു. ജോസ് കെ മാണി വിഭാഗം അതിന് സന്നദ്ധരാകാത്ത സാഹചര്യത്തിൽ ജോസ്‌ ടോമിന്‌  രണ്ടില ചിഹ്നം നൽകില്ല.

ജോസ് ടോം  യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കണം.തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ വിളിച്ചിരുന്നു. കൺവൻഷനിൽ പങ്കെടുക്കും.  സ്ഥാനാർത്ഥിയുടെ വിജയത്തിനായി പരിശ്രമിക്കുമെന്നും ജോസഫ് പ്രതികരിച്ചു.

അതേസമയം പാലായിൽ ചിഹ്‌നമില്ലെങ്കിലും യുഡിഎഫ്‌ സ്‌ഥാനാർത്ഥി ജയിക്കുമെന്ന്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ  ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാകും ജോസ് ടോം നല്‍കുക. കേരളാ കോണ്‍ഗ്രസ് ചെയര്‍മാൻ എന്ന നിലയില്‍ ജോസ് കെ മാണിയുടെ കത്ത് സഹിതമായിരിക്കും ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.

ചിഹ്നം സംബന്ധിച്ച് തര്‍ക്കം തുടര്‍ന്നാല്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാകും തീരുമാനമെടുക്കുക. എന്നിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലുണ്ടാകും. 11 മണിയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ജോസ് ടോം പുലിക്കുന്നേല്‍ പത്രിക നല്‍കുന്നത്.


പ്രധാന വാർത്തകൾ
 Top