05 April Sunday

കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം: തെരച്ചില്‍ തുടരുന്നു; പരിസര പ്രദേശങ്ങളില്‍ ബോംബ്‌ സ്‌ക്വാഡിന്റെ പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


കൊല്ലം
കുളത്തൂപ്പുഴയിൽ പാകിസ്ഥാൻ നിർമിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. സംഭവം അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ ഡിഐജി അനൂപ്‌ കുരുവിള ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ തിരുവനന്തപുരത്ത്‌ പറഞ്ഞു. ചില സൂചനകൾ ലഭിച്ചിട്ടുണ്ട്‌.  അന്വേഷണ വിവരങ്ങൾ എൻഐഎയ്‌ക്ക്‌ കൈമാറും. മിലിട്ടറി ഇന്റലിജൻസും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

സംഭവത്തിൽ എൻഐഎയും മിലിട്ടറി ഇന്റലിജൻസും വിവരം ശേഖരിച്ചു തുടങ്ങി. ഞായറാഴ്ച രാവിലെ കുളത്തൂപ്പുഴ പൊലീസ്‌ സ്റ്റേഷനിലെത്തിയ എൻഐഎ കൊച്ചി ഓഫീസിലെ രണ്ടംഗ സംഘവും മിലിട്ടറി ഇന്റലിജൻസും വെടിയുണ്ട പരിശോധിച്ചു. വെടിയുണ്ട കണ്ടെടുത്ത കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനു സമീപം പരിശോധന നടത്തി.  പത്രക്കടലാസിൽ പൊതിഞ്ഞ നിലയിൽ വെടിയുണ്ട ആദ്യംകണ്ട ടിപ്പർ ലോറി ഡ്രൈവർ ജോഷിയെ വിളിച്ചുവരുത്തി വിവരം ആരാഞ്ഞു. അടുത്തകാലത്ത്‌ കുളത്തൂപ്പുഴയിലും സമീപ ജില്ലകളിലും അക്രമസംഭവങ്ങളോ കൊലപാതകങ്ങളോ നടന്നിട്ടുണ്ടോയെന്നും ആരാഞ്ഞു.

കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനു സമീപം ഹൈവേ നിർമാണത്തിനെടുത്ത മണ്ണിൽ ഉപേക്ഷിച്ച നിലയിൽ ശനിയാഴ്‌ച പകൽ മൂന്നിനു കണ്ടെടുത്ത 14 വെടിയുണ്ടകളുടെയും സീരിയൽ നമ്പരുകൾ എൻഐഎ പരിശോധിച്ചു. വെടിയുണ്ടയ്ക്ക്‌ 40 വർഷം പഴക്കമുണ്ടെന്ന്‌ പരിശോധനയിൽ വ്യക്‌തമായി. ഇവ സർവീസ്‌ റിവോൾവറുകളിൽ ഉപയോഗിക്കുന്നവയല്ലെന്നാണ്‌ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കേസ്‌ പൂർണമായും ഏറ്റെടുത്ത്‌ അന്വേഷിക്കണമോയെന്ന്‌ എൻഐഎ തീരുമാനിച്ചിട്ടില്ല. ബോംബ്‌ സ്‌ക്വാഡ്‌ കുളത്തൂപ്പുഴയിലും സമീപത്തെ വനപ്രദേശങ്ങളിലും പരിശോധനനടത്തി.  ക്രൈംബ്രാഞ്ചും സ്ഥലത്ത്‌ അന്വേഷണംനടത്തി. തിരുവനന്തപുരം റേഞ്ച്‌ ഡിഐജി കെ സഞ്ജയ്‌കുമാർ ഗരുഡ്‌ വെടിയുണ്ട പരിശോധിച്ചു. അവ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു. അടുത്തിടെ കളയിക്കാവിളയിൽ എഎസ്‌ഐ വെടിയേറ്റുമരിച്ച കേസിൽ പ്രതികളെ പിടികൂടിയത്‌ തെന്മലയിൽ നിന്നായിരുന്നു. എന്നാൽ, ഇവയ്‌ക്ക്‌ തമ്മിൽ ബന്ധമില്ലെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top