18 June Tuesday

മാധ്യമങ്ങൾ നുണ പ്രചാരണം നടത്തുന്നു:- പത്മകുമാർ

സ്വന്തം ലേഖകൻUpdated: Saturday Feb 9, 2019

തനിക്കെതിരെ ചില മാധ്യമങ്ങൾ ബോധപൂർവം നുണ പ്രചരിപ്പിക്കുകയാണെന്ന‌് തിരുവിതാംകൂർ ദേവസ്വം ബോർഡ‌് പ്രസിഡന്റ‌് എ പത്മകുമാർ. താൻ രാജി വച്ചു, തന്നെ പുറത്താക്കി, തനിക്ക് അതൃപ്തി എന്നൊക്കെയാണ‌് പ്രചരിപ്പിക്കുന്നത‌്. എന്നാൽ, കാലാവധി തീരും വരെ താൻ തുടരും. കമീഷണറോട് താൻ വിശദീകരണം ചോദിച്ചുവെന്ന വാർത്തയും നുണയാണെന്ന‌് പത്മകുമാർ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം പെൻഷനേഴ‌്സ‌് വെൽഫെയർ സഹകരണ സംഘം പ്രവർത്തനോദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന‌് ആഹ്വാനം ചെയ‌്ത‌് ക്ഷേത്രങ്ങളേയും ബോർഡിനേയും തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിൽക്കാൻ ദേവസ്വംബോർഡിനും വിശ്വാസികൾക്കും ജീവനക്കാർക്കും കഴിയില്ല.

ശബരിമലയേയും ക്ഷേത്രങ്ങളേയും ബോർഡിനേയും സംരക്ഷിക്കുന്ന എൽഡിഎഫ‌് സർക്കാരിനൊപ്പമാണ് ദേവസ്വം ബോർഡ്. ബോർഡിന‌് 100 കോടിയാണ‌് ഈ സർക്കാർ അനുവദിച്ചത‌്. ചരിത്രത്തിലാദ്യമായി 739 കോടി  ബജറ്റിൽ നീക്കിവച്ചതും ഈ സർക്കാരാണ‌്. ഇതുവരെ പരമാവധി 80 കോടിവരെ മാത്രം ചട്ട പ്രകാരം ലഭിച്ച സ്ഥാനത്താണിതെന്ന് ഓർക്കണം. ബോർഡിനെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് മുഖ്യമന്ത്രി  പ്രഖ്യാപിച്ചു. തുടർന്ന് വലിയ തോതിൽ സഹായം ചെയ്തു. ഇതിനെ തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ 19 ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ മറവിൽ ചിലർ ബോധപൂർവം ആശയക്കുഴപ്പം ഉണ്ടാക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുകയാണ്.

കോടതിയുടെ വിധി എന്താണോ അത് ബോർഡ് നടപ്പാക്കും. വികാരപരമായല്ല, വിചാരപരമായാണ് ബോർഡ് ഇതിനെ കാണുന്നത‌്. ബോർഡിൽ ഒരു കാര്യത്തിലും തർക്കമില്ലെന്നും പത്മകുമാർ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top