തിരുവനന്തപുരം> പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കും. കൃഷിക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കാനുള്ള സംവിധാനമാണ് സഹകരണ സംഘങ്ങള്‍ മുഖേന ഏര്‍പ്പെടുത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ എ.കെ. ബാലന്, കടകംപള്ളി സുരേന്ദ്രന്, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംബന്ധിച്ചു.
പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ആ ജില്ലയെ തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ടെ അനുഭവം മനസ്സിലാക്കി സഹകരണ സംഘങ്ങള്‍ മുന്നോട്ടുവരുന്ന മുറയ്ക്ക് മറ്റുജില്ലകളിലും സംഭരണം വ്യാപിപ്പിക്കും. ആവശ്യമായ ഗോഡൗണ്‍ സൗകര്യം ഏര്‍പ്പെടുത്താനും സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കാന്‍ സന്നദ്ധതയുള്ള മില്ലുകളുമായി ധാരണയുണ്ടാക്കാനും ജില്ലാകലക്ടര്‍ മുന്‍കൈയ്യെടുക്കണം. കൃഷി, സിവില്‍സപ്ലൈസ്, സഹകരണ വകുപ്പുകളുടെ ജില്ലാമേധാവികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏകോപിച്ച് ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.