തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് ഇനി 5, 6, 7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. നിലവില്‍ എട്ടു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതടക്കം നിലവിലെ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പഠനമുറികള്‍ക്ക് 120 ചതുരശ്രീയടി വിസ്തീര്‍ണമാണ് നിലവില്‍ പറഞ്ഞിരുന്നത്. എന്നാല്‍, വീടുകളില്‍ സ്ഥലപരിമിതിയുള്ള സാഹചര്യത്തില്ല് 100 ചതുരശ്രയടിയില്‍ അനുമതി നല്‍കും. 15 വര്‍ഷംവരെ കാലപ്പഴക്കമുള്ള വീടുകളില്‍ താഴെ സ്ഥലമില്ലാതെ മുകളില്‍ പഠനമുറി പണിയേണ്ടുന്ന സാഹചര്യത്തില്‍ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല പട്ടികജാതി വികസന വകുപ്പില്‍ നിയമിതനായ അക്രെഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്ക് നല്കി. 15 വര്‍ഷത്തിനു മുകളില്‍ കാലപ്പഴക്കമുള്ള വീടുകള്‍ക്കുമാത്രം തദ്ദേശ വകുപ്പ് അസി.എന്‍ജിനീയറുടെ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് മതിയാകും.
അപേക്ഷകള്‍ വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം രക്ഷിതാക്കള്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചാല്‍ മതി. വിദ്യാര്‍ഥികള്‍ ഓഫീസിലേക്ക് വരേണ്ടതില്ല. ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, വീടിന്റെ വിസ്തീര്‍ണം കുറവുള്ള കുടുംബം, ഒന്നിലധികം പെണ്‍കുട്ടികളുള്ള കുടുംബം, വിധവകള്‍ കുടുംബനാഥയായ കുടുംബം, കിടപ്പുരോഗികള്‍/ മാരകരോഗികള്‍ ഉള്ള കുടുംബം, ഒന്നിലധികം വിദ്യാര്‍ഥികളുള്ള കുടുംബം എന്നിങ്ങനെ മുന്‍ഗണന മാനദണ്ഡവും പുതുക്കി നിശ്ചയിച്ചു. പദ്ധതിയില്‍ പട്ടികജാതി വിഭാഗം കുടുബങ്ങള്‍ക്കു പഠനമുറി നിര്‍മിക്കാന്‍ രണ്ടു ലക്ഷം രൂപയാണ് നല്‍കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..