Deshabhimani

കലാപമുയർത്തിയിട്ടും സരിനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്‌ ; ഭയന്ന്‌ നേതൃത്വം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 11:53 PM | 0 min read


തിരുവനന്തപുരം
പാലക്കാട്‌ കലാപക്കൊടിയുയർത്തിയ യുവനേതാവ്‌ ഡോ. പി സരിനെതിരെ നടപടിയെടുക്കാൻ ഭയന്ന്‌ കോൺഗ്രസ്‌ നേതൃത്വം. ഹൈക്കമാൻഡ്‌ തീരുമാനത്തിനെതിരെ മാധ്യമങ്ങൾക്കുമുന്നിൽ പരസ്യപ്രസ്താവന നടത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും സരിനുമായി അനൗദ്യോഗിക സന്ധിസംഭാഷണം നടത്തുകയാണ്‌ കോൺഗ്രസ്‌ നേതാക്കൾ.

ഹൈക്കമാൻഡ്‌ പ്രഖ്യാപിച്ച സ്ഥാനാർഥി തോൽക്കുമെന്നാണ്‌ സരിൻ പറഞ്ഞത്‌. പാർട്ടി കാണിച്ചത്‌ തോന്ന്യാസമാണെന്നും വ്യക്തി താൽപര്യമാണ്‌ തീരുമാനത്തിന്‌ പിന്നിലെന്നും പറഞ്ഞിട്ടും നടപടിയെടുത്തിട്ടില്ല. ഹൈക്കമാൻഡ്‌ തീരുമാനത്തിനെതിരെ പ്രതികരിച്ചാലുടൻ നടപടിയെന്നതാണ്‌ കോൺഗ്രസിലെ രീതി. എന്നാൽ, സരിനെതിരെ നടപടിയെടുക്കുന്നത്‌ പാലക്കാട്‌ തോൽവിയുറപ്പിക്കുമെന്ന ഭയം നേതൃത്വത്തിനുണ്ട്‌.

കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻപോലും വാക്കുകൾ മയപ്പെടുത്തി. സരിൻ പാർടിക്ക്‌ കീഴ്‌പ്പെടുമെന്ന പ്രതീക്ഷയാണുള്ളതെന്നാണ്‌ തിരുവഞ്ചൂരിന്റെ പ്രതികരണം. തുടർനീക്കമനുസരിച്ചാകും നടപടിയെന്നും പറഞ്ഞു. അനൗദ്യോഗിക ചർച്ച സരിനുമായി നടക്കുന്നുവെന്ന സൂചനയാണിത്‌.

വൈകാരികമായി പ്രതികരിക്കരുതെന്ന്‌ സരിനോട്‌ അപേക്ഷിച്ചിരുന്നെന്നാണ്‌ വി ഡി സതീശൻ പ്രതികരിച്ചത്‌. സ്ഥാനാർഥി നിർണയഘട്ടത്തിൽ സരിന്‌ വേണ്ടി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ വാദിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിന്റെ പൂർണ ഉത്തരവാദിത്തം തനിക്കും കെപിസിസി പ്രസിഡന്റിനുമാണെന്ന സതീശന്റെ പ്രതികരണം മുൻകൂർ ജാമ്യംകൂടിയാണ്‌.സരിനെതിരെ അച്ചടക്കലംഘനത്തിന്‌ നടപടിയെടുക്കുമെന്ന്‌ മാത്രമാണ്‌ സുധാകരൻ പ്രതികരിച്ചത്‌. ഒരു തീരുമാനമെടുത്താൽ എല്ലാവരും അംഗീകരിക്കണമെന്ന്‌ മാത്രമായിരുന്നു രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം.

സരിനെ പരിഹസിച്ച്‌ 
ഉണ്ണിത്താൻ
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സീറ്റ്‌ നിഷേധിക്കപ്പെട്ട കോൺഗ്രസ്‌ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പി സരിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. സരിൻ എന്നാണ്‌ കോൺഗ്രസിൽ എത്തിയതെന്നും എത്രകാലം പ്രവർത്തിച്ചെന്നുമായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. വഴിമുടക്കാൻ ആരെങ്കിലും നിന്നാൽ അവരെ തട്ടിമാറ്റി മുന്നോട്ടുപോകും. മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടി കുറുകെ നിന്നാൽ അത്‌ കടപുഴകും. കൈപ്പത്തി ചിഹ്നത്തിൽ രണ്ട്‌ സ്ഥാനാർഥികളെ നിർത്താൻ പറ്റില്ലെന്നും ഉണ്ണിത്താൻ വയനാട്ടിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home