Deshabhimani

"പാലക്കാട്ടുകാരാണെന്ന് പറയുമ്പോൾ ചിലർക്ക് സങ്കടം, വോട്ട് ചേർത്തതിൽ എന്താണ് അസ്വാഭാവികത'; സതീശനെ വെല്ലുവിളിച്ച് സരിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 05:44 PM | 0 min read

പാലക്കാട്> പാലക്കാട് സ്വന്തമായി വീടുള്ള തനിക്ക് വോട്ട് ചെയ്യാൻ എന്താണ് അസ്വാഭാവികതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിൻ വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

2018 മുതൽ പാലക്കാട് സ്വന്തമായി വീടുണ്ട്. ഈ വീട്ട് വിലാസം നൽകിയാണ് വോട്ടർ പട്ടികയിൽ ചേർത്തത്. താൻ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോൾ ചിലർക്ക് സങ്കടമാണ്. അടുത്തിടെയാണ് സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയതെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്നും സരിൻ പറഞ്ഞു.

സ്വന്തം വീട്ടിൽ താമസിക്കുന്നത് ആരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും ജനങ്ങളെ കോൺഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സരിൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സരിന്റെ ഭാര്യ ഡോ സൗമ്യയും പങ്കെടുത്തു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന തനിക്കെതിരെ തെരഞ്ഞെടുപ്പ് തുടങ്ങിയതോടെ സൈബർ ആക്രമണം ഉണ്ടായെന്നും പാലക്കാട് ഞാൻ വോട്ട് ചെയ്യരുതെന്ന് ആർക്കാണ് നിർബന്ധമെന്നും സൗമ്യ ചോദിച്ചു.

വ്യാജ വോട്ടറായിട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസികമായി വിഷമമുണ്ടാക്കി. പാലക്കാട്ടെ വോട്ടറായതിനാൽ അഭിമാനമുണ്ട്. പ്രതിപക്ഷ നേതാവ് മാന്യത കാണിക്കണം. കൈയും കെട്ടി ഇരിക്കാൻ സാധിക്കില്ല. അധിക്ഷേപം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും സൗമ്യ പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home