31 March Tuesday

മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ അഡ്വ. പി ശങ്കരൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020

കോഴിക്കോട്‌ > മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാനുമായ അഡ്വ. പി ശങ്കരൻ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച രാത്രി 11.07 നായിരുന്നു അന്ത്യം. മൃതദേഹം രാത്രി കരിക്കാംകുളത്തെ വീട്ടിലെത്തിച്ചു. ബുധനാഴ്‌ച പകൽ രണ്ടുവരെ വീട്ടിലും വൈകീട്ട്‌ നാലുവരെ  ഡിസിസി ഓഫീസിലും പൊതുദർശനത്തിന്‌ വയ്‌ക്കും. പേരാമ്പ്രയിലും പൊതുദർശനമുണ്ടാകും. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ പത്തിന്‌ പേരാമ്പ്ര കടിയങ്ങാടുള്ള തറവാട്ടുവളപ്പിൽ.

എംപി, എംഎൽഎ എന്നീ നിലകളിലും പ്രവർത്തിച്ച ശങ്കരൻ വക്കീൽ 2001ൽ എ കെ ആന്റണി മന്ത്രിസഭയിൽ ആരോഗ്യ–-വിനോദസഞ്ചാര മന്ത്രിയായിരുന്നു. പത്തുവർഷം കോഴിക്കോട്‌ ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു.  1998ൽ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലെത്തി. 2001ൽ കൊയിലാണ്ടിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

അച്ഛൻ: സ്വാതന്ത്ര്യസമര സേനാനിയായ കടിയങ്ങാട് പുതിയോട്ടി കേളുനായർ. അമ്മ: മാക്കംഅമ്മ. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ്‌ എന്നീ നിലകളിൽനിന്നാണ്‌ പൊതുരംഗത്ത്‌ സജീവമായത്‌. തൃശൂർ കേരളവർമ കോളേജ്‌  യൂണിയൻ ചെയർമാനും  കലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനുമായിരുന്നു. കലിക്കറ്റ്‌ സിൻഡിക്കറ്റിലെ ആദ്യ വിദ്യാർഥി പ്രതിനിധിയായും ചരിത്രം കുറിച്ചു. 

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌,  ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിലും  പ്രവർത്തിച്ചു. എ കെ ആന്റണി മന്ത്രിസഭയിൽ അംഗമായിരിക്കെ 2005 ജൂലൈ ഒന്നിന് മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവച്ച്‌  കെ കരുണാകരനൊപ്പം ഡിഐസിയിൽ ചേർന്നു. 2006ൽ കൊയിലാണ്ടിയിൽ ഡിഐസി സ്ഥാനാർഥിയായി മത്സരിച്ചു.

ഭാര്യ: പ്രൊഫ. വി സുധ (റിട്ട. പ്രിൻസിപ്പൽ, കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്). മക്കൾ: രാജീവ് എസ് മേനോൻ (എൻജിനിയർ, ദുബായ്‌), ഇന്ദു പാർവതി, ലക്ഷ്മിപ്രിയ. മരുമക്കൾ: രാജീവ്, ദീപക് (ഇരുവരും ഐടി എൻജിനിയർമാർ, അമേരിക്ക), ദീപ്തി. സഹോദരങ്ങൾ: കല്യാണിഅമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകിഅമ്മ (മൊകേരി), പരേതരായ ഗോപാലൻനായർ, രാഘവൻ നായർ.

 

ലീഡറോട്‌ നോ പറയാത്ത ശങ്കരൻ വക്കീൽ
കെ കരുണാകരന്റെ കോഴിക്കോട്ടെ നാവായിരുന്നു ശങ്കരൻ വക്കീൽ. ലീഡർ ആവശ്യപ്പെട്ടപ്പോൾ പാർലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചു. മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവയ്ക്കാൻ പറഞ്ഞപ്പോഴും അനുസരണയുള്ള അനുയായിയായി. ശങ്കരൻ വക്കീലിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്‌ചകളിലെല്ലാം കരുണാകരന്റെ കരസ്‌പർശമുണ്ടായിരുന്നു.

വിമർശനങ്ങളെയും രാഷ്‌ട്രീയ പ്രതിയോഗികളെയും ചിരിയോടെ നേരിട്ട അഡ്വ. പി ശങ്കരൻ കോഴിക്കോട്ടുകാർക്ക്‌ ശങ്കരൻ വക്കീലായിരുന്നു. ഡിസിസി പ്രസിഡന്റായിരിക്കെയാണ്‌ 1998ൽ വീരേന്ദ്രകുമാറിനെതിരെ മത്സരിക്കാനിറങ്ങിയത്‌. കേന്ദ്രമന്ത്രിയായിരുന്ന വീരേന്ദ്രകുമാറിനെ നേരിടാൻ കരുണാകരനാണ്‌ ശങ്കരനെ നിയോഗിച്ചത്‌. മുമ്പ്‌ ബാലുശേരിയിൽനിന്ന്‌ എ സി ഷൺമുഖദാസിനോട്‌ മത്സരിച്ചത്‌ മാത്രമായിരുന്നു തെരഞ്ഞെടുപ്പ്‌ വേദിയിലെ മുൻപരിചയം. ലീഡറുടെ അനുഗ്രഹാശിസുകളോടെ കളത്തിലിറങ്ങിയ ശങ്കരൻ ജയം കണ്ടു. 2001ൽ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലും ജയം ആവർത്തിച്ചതോടെ ജില്ലാ കോൺഗ്രസിൽ അതികായനായി വളർന്നു.

2001ൽ ആരോഗ്യ മന്ത്രിയായിരിക്കെ കോൺഗ്രസിലെ ഗ്രൂപ്പ്‌ കലാപത്തിന്റെ ഒരു ഭാഗത്ത്‌ പി ശങ്കരനും കരുണാകരനൊപ്പം നിലയുറപ്പിച്ചു. 2005ൽ കരുണാകരനു വേണ്ടി നിയമസഭാംഗത്വം രാജിവച്ച്‌ പുറത്തിറങ്ങിയ കോൺഗ്രസ്‌ എംഎൽഎമാർക്കൊപ്പം ശങ്കരനുമുണ്ടായിരുന്നു. കോൺഗ്രസ്‌ വിട്ട്‌ ഡിഐസിയിൽ ചേർന്നു. അടുത്തവർഷം യുഡിഎഫിനൊപ്പം ഡിഐസി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും സിപിഐ എമ്മിലെ പി വിശ്വനോട്‌ പരാജയപ്പെട്ടു.

അതിവേഗം വളർന്നുവന്ന ആ രാഷ്‌ട്രീയ ഗ്രാഫ്‌ പിന്നീട്‌ കാര്യമായി ഉയർന്നില്ല. കെ സാദിരിക്കോയ കർമശ്രേഷ്ഠ പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞ ഡിസംബറിലാണ്‌ ഒടുവിൽ പൊതുവേദിയിലെത്തിയത്‌.


പ്രധാന വാർത്തകൾ
 Top