20 April Saturday

വെട്ടിലായത‌് മുരളീധരനും സുരേന്ദ്രനും

പ്രത്യേക ലേഖകൻUpdated: Wednesday Aug 1, 2018ബിജെപി സംസ്ഥാന പ്രസിഡന്റായി പി എസ‌് ശ്രീധരൻപിള്ളയെ നിയമിച്ചതോടെ കുരുക്കിലായത‌് പദവി പ്രതീക്ഷിച്ച‌് ചരടുവലി നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും മുരളീധരൻ ഗ്രൂപ്പുമാണ‌്. ആർഎസ‌്എസ‌് സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദങ്ങൾക്ക‌ു വഴങ്ങി ബിജെപി അഖിലേന്ത്യാ നേതൃത്വം എടുത്ത ഈ തീരുമാനം നേതാക്കളെയും പ്രവർത്തകർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മുമ്പ‌്  പ്രസിഡന്റായപ്പോഴും തുടർന്നും ശ്രീധരൻപിള്ളയെ ഏറ്റവും കൂടുതൽ വിമർശിച്ചിരുന്ന ആർഎസ‌്എസ‌് സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നിലപാടിനു പിന്നിലുള്ള തന്ത്രം പാർടിക്കുള്ളിൽ ചർച്ചയായി.

സംസ്ഥാന ഘടകത്തിലെ തമ്മിലടി ശമിപ്പിക്കാനുള്ള ഒറ്റമൂലിയായാണ‌് ശ്രീധരൻപിള്ളയെ കൊണ്ടുവരുന്നതെങ്കിലും സ്ഥിതി കൂടുതൽ വഷളാകും. നേരത്തെ 2003 മുതൽ 2006 വരെ ശ്രീധരൻപിള്ള സംസ്ഥാന പ്രസിഡന്റായിരുന്നു. തുടർച്ചയായി രണ്ട‌് ടേം സംസ്ഥാന പ്രസിഡന്റ‌് പദവിയിൽ തുടരാമെന്നിരിക്കെ ആദ്യ ടേം കഴിഞ്ഞ ഉടൻ അന്ന‌് ഒഴിവാക്കിയതിന‌ു പിന്നിൽ ഗ്രൂപ്പിസവും ആർഎസ‌്എസിന്റെ കടുത്ത അതൃപ‌്തിയുമായിരുന്നു. അതേ ആർഎസ‌്എസ‌ുതന്നെയാണ‌് ഇപ്പോൾ ഗ്രൂപ്പ‌് യുദ്ധം ഒഴിവാക്കാനെന്ന പേരിൽ പിള്ളയുടെ പേര‌് നിർദേശിച്ചത‌്. 

ശ്രീധരൻപിള്ള പ്രസിഡന്റായിരുന്നപ്പോൾ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന പി പി മുകുന്ദന്റെ ചാവേറായിരുന്നു സുരേന്ദ്രൻ. മുകുന്ദനെ ദക്ഷിണ മേഖലാ ചുമതലയെന്ന‌ു പറഞ്ഞ‌് നാട‌് കടത്തിയപ്പോൾ തുടങ്ങിയതായിരുന്നു അന്ന‌് യുവമോർച്ച പ്രസിഡന്റായിരുന്ന സുരേന്ദ്രന്റെ കഷ്ടകാലം. ഒരു ഘട്ടത്തിൽ രാഷ്ട്രീയംപോലും ഉപേക്ഷിക്കാൻ തുനിഞ്ഞു. 

പിന്നീട‌് തിരിച്ചുവരാനായത‌് വി മുരളീധരൻ പ്രസിഡന്റായപ്പോൾമാത്രം. നെഹ‌്റു യുവകേന്ദ്ര വൈസ‌് ചെയർമാനായിരുന്ന മുരളീധരനെയും അന്ന‌് കെട്ടിയിറക്കിയത‌് ഗ്രൂപ്പിസം മൂത്തപ്പോഴാണ‌്. മുരളീധരനെ നെഹ‌്റു യുവകേന്ദ്ര വൈസ‌് ചെയർമാനാക്കിയപ്പോൾ അന്നത്തെ കേന്ദ്ര യുവജനക്ഷേമമന്ത്രി ഉമാഭാരതിക്ക‌് പരാതി നൽകിയയാളാണ‌് മുകുന്ദൻ. ഈ വിദ്വേഷം ഇപ്പോഴും മുരളിക്കുണ്ട‌്. പക്ഷേ, അന്ന‌് മുകുന്ദനോടൊപ്പമായിരുന്ന സുരേന്ദ്രൻ മുരളിക്കൊപ്പം ചേരുകയും വലംകൈ ആവുകയും ചെയ‌്തു. മുകുന്ദൻ തിരികെ വരാൻ ശ്രമിച്ചപ്പോൾ കടുത്ത നിലപാടെടുത്ത മുരളിയെ സുരേന്ദ്രൻ പിന്തുണച്ചു. എന്നാൽ, അന്ന‌് തനിക്കെതിരെ സുരേന്ദ്രനെ ചാവേറാക്കിയ മുകുന്ദനെ തിരിച്ചുകൊണ്ടുവന്ന‌് മുരളിയെയും സുരേന്ദ്രനെയും അടിക്കാനാണ‌് ശ്രീധരൻപിള്ളയുടെ അടുത്ത നീക്കം. 

ഇതത്ര എളുപ്പമല്ല. കാരണം, മിക്ക ജില്ലാ കമ്മിറ്റികളും അണികളിലും പ്രവർത്തകരിലും വലിയ വിഭാഗം മുരളിയുടെയും സുരേന്ദ്രന്റെയും കൂടെയാണ‌്. പി കെ കൃഷ‌്ണദാസ‌്, എം ടി രമേശ‌്, ശോഭ സുരേന്ദ്രൻ എന്നിവർ പിള്ളയ‌്ക്ക‌് പിന്തുണ നൽകുന്നുണ്ടെങ്കിലും താൽക്കാലികമാണ‌്. അവരുടെ ലക്ഷ്യം സുരേന്ദ്രനെ വെട്ടുകയെന്നത‌ു മാത്രമായിരുന്നു. ആ ലക്ഷ്യം സാധിച്ചതിനാൽ അവരും പൂർണമായും കൂടെയുണ്ടാകാനിടയില്ല. 

പിള്ളക്കെതിരെ എതിർപക്ഷം കളിക്കാൻ പോകുന്നത‌് തീവ്രഹിന്ദുത്വ കാർഡ‌് വെച്ചാകുമെന്നും ഉറപ്പാണ‌്. മാറാട‌് കൂട്ടക്കൊല അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയിൽ നിന്നും പിൻവലിച്ചതിനെതിരെ രൂക്ഷവിമർശനമായിരുന്നു ആർഎസ‌്എസ‌് നേതൃത്വം അന്ന‌് പിള്ളക്കെതിരെ ഉയർത്തിയത‌്.

അന്ന‌് ഒരു മലയാള പത്രത്തിൽ മാറാട‌് വിഷയയുമായി ബന്ധപ്പെട്ട‌് ശ്രീധരൻപിള്ള നൽകിയ അഭിമുഖത്തിനെതിരെ ജൻമഭൂമിയിലും കേസരിയിലും ലേഖനമെഴുതിയാണ‌് ആർഎസ‌്എസ‌് തിരിച്ചടിച്ചത‌്. . മുസ്ലീംലീഗ‌് നേതാവ‌് സാദിക്കലി ശിഹാബ‌് തങ്ങളോടൊപ്പമായിരുന്നു ആ അഭിമുഖം. മുസ്ലീംലീഗ‌് നേതൃത്വവുമായുള്ള ബന്ധവും ഏറെ വിമർശിക്കപ്പെട്ടു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top