13 November Wednesday
യുബിഐഇഎഫ്‌(കെ ) സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

യാഥാർഥ്യങ്ങളുടെ തമസ്‌കരണത്തിനെതിരെ ഇടപെടൽ വേണം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

കോട്ടയം > മനുഷ്യരുടെയും നാടിന്റെയും അടിസ്ഥാന പ്രശ്‌നങ്ങൾ തമസ്‌കരിക്കുകയും  യാഥാർഥ്യം പൊതുസമൂഹത്തിൽനിന്നും മറയ്‌ക്കുകയും ചെയ്യുന്ന സംഘടിതവും ആസൂത്രിതവുമായ മാധ്യമ–-ഭരണവർഗ പ്രചാരണ നീക്കങ്ങൾക്കെതിരെ ബോധപൂർവമുള്ള ഇടപെടൽ അനിവാര്യമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌. നുണകളുടെ തുടർച്ചയായ നിർമാണത്തിലൂടെ ചരിത്രനിഷേധമാണ്‌ രാജ്യം ഭീതിദമായി കണ്ടുകൊണ്ടിരിക്കുന്നത്‌. യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എംപ്ലോയീസ്‌ ഫെഡറേഷൻ 22ാം സംസ്ഥാന സമ്മേളന പൊതുസമ്മേളനം കോട്ടയത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാജീവ്‌.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മുതൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവിവരെയുള്ള കാര്യങ്ങളിൽ ചരിത്രവും യാഥാർഥ്യങ്ങളും വളരെ ആസൂത്രിതമായി തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നു. ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങൾ ചർച്ചചെയ്യപ്പെടരുതെന്ന തിരിച്ചറിവാണ്‌ ഇതിനു പിന്നിലുള്ളത്‌. സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തെ
പിന്നോട്ടടിച്ചുവെന്ന്‌ സാമ്പത്തിക വിദഗ്‌ധർ പറയുമ്പോഴും കോർപറേറ്റുകൾക്ക്‌ ഏതുവിധേനയും ഇളവുനൽകാനുള്ള പുനക്രമീകരണത്തിലാണ്‌ കേന്ദ്രം. ഇതിന്‌ ബദലായാണ്‌ സംസ്ഥാനത്ത്‌ എൽഡിഎഫ്‌ സർക്കാർ ഉത്തേജന പാക്കേജുകളുമായി പോകുന്നത്‌.  എന്നാൽ യാഥാർഥ്യങ്ങൾ പൊതുസമൂഹം ചർച്ചചെയ്യാതിരിക്കാനുള്ള  ബോധപൂർവ പ്രചാരണ രീതികൾ തിരിച്ചറിയണമെന്നും പി രാജീവ്‌ പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ സമ്മേളനത്തിൽ  അധ്യക്ഷനായി. ‘തകരുന്നത്‌ സമ്പദ്‌ വ്യവസ്ഥയോ റിപ്പബ്ലിക്കോ’ എന്നതിൽ ബെഫി സംസ്ഥാന പ്രസിഡന്റ്‌  ടി നരേന്ദ്രൻ വിഷയാവതരണം നടത്തി. പ്രതിനിധി സമ്മേളനം ഞായറാഴ്‌ച ശാന്തി ബർധാൻ നഗറിൽ( സിഎസ്‌ഐ റിട്രീറ്റ്‌ സെന്റർ) സിഐടിയു ദേശീയ ജനറൽ കൗൺസിലംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും.


പ്രധാന വാർത്തകൾ
 Top