27 September Sunday

കേരളത്തിന്റെ ചങ്കൂറ്റത്തിന് പിന്നില്‍ ഭരണഘടന: പി രാജീവ‌്

സ്വന്തം ലേഖകൻUpdated: Wednesday Jan 22, 2020

അരൂക്കുറ്റി വടുതലയിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ ഭരണഘടന സംരക്ഷണ സമ്മേളനം പി രാജീവ‌് ഉദ‌്ഘാടനംചെയ്യുന്നു

ചേർത്തല > പൗരത്വനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന‌് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന‌് ധൈര്യംപകരുന്നത‌് ഇന്ത്യൻ ഭരണഘടനയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌്. അരൂക്കുറ്റി വടുതലയിൽ സിപിഐ എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 
മതത്തെ രാഷ‌്ട്രീയാധികാരത്തിന‌് ആയുധമാക്കുന്ന വർഗീയതയാണ‌് പൗരത്വഭേദഗതി നിയമത്തിന‌് പിന്നിൽ. മത–-വർഗീയ ഇടപെടൽ തുറന്ന ചർച്ചകളിലൂടെ അതിജീവിച്ച ഭരണഘടനയ‌്ക്ക‌് വിരുദ്ധമാണ‌് നിയമഭേദഗതി. പാർലമെന്റും ജുഡീഷ്യറിയും  എക‌്സിക്യൂട്ടീവും ഭരണഘടനയ‌്ക്ക‌് താഴെയാണ‌്. ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ അസാധുവാക്കിയതാണ‌് ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രം. ഈ പാരമ്പര്യവും സവിശേഷതയുമാണ് നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന‌് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന‌് പിന്നില്‍.
 
കേരള ഗവർണർ 1947 ആഗസ‌്ത‌് 14ന‌് ഉറങ്ങിയിട്ട‌് ഇപ്പോൾ ഉണർന്നതുപോലെയാണ‌് സംസാരിക്കുന്നത‌്. ഇന്ത്യ‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതും ഭരണഘടന നിലവിൽ വന്നതും അറിയാത്ത പോലെയാണ‌് അദ്ദേഹത്തിന്റെ പെരുമാറ്റം. പൗരത്വഭേദഗതി നിയമം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ‌്നമാണെന്ന‌് വരുത്താൻ ശ്രമിക്കുന്നവർ സംരക്ഷിക്കുന്നത് ആർഎസ‌്എസ്‌ താൽപ്പര്യമാണ‌്.
 
ഒരുമയോടെയുള്ള പ്രതിരോധത്തെ ദുർബലപ്പെടുത്താനും വെള്ളം ചേർക്കാനും ശ്രമിക്കുന്ന ചിലരുണ്ട്‌. ഭരണഘടന നിലവിൽവന്ന‌് നാലാം നാൾ സംഘപരിവാർ തള്ളിപ്പറഞ്ഞു. ഭരണഘടന വൈദേശികമാണെന്നും അംഗീകരിക്കില്ലെന്നും അവർ മുഖപത്രമായ ഓർഗനൈസറിലൂടെ പ്രഖ്യാപിച്ചു. ഹിന്ദുവെന്നത‌് വൈജാത്യങ്ങളെ ഉൾക്കൊള്ളുന്ന ജീവിതമാണ‌്. എന്നാൽ ഹിന്ദുത്വം ഏകധ്രുവമായ വർഗീയതയാണ‌്. അത‌് ആസൂത്രിതമായി നടപ്പാക്കാനാണ‌് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും രാജീവ‌് പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top