05 December Thursday

ആഗോള കമ്പനികൾ പ്രവർത്തനം വിപുലീകരിക്കാൻ കേരളത്തെ തിരഞ്ഞെടുക്കുന്നു: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

തിരുവനന്തപുരം > നിരവധി ലോകോത്തര കമ്പനികൾ തങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന് കേരളത്തെ തെരഞ്ഞെടുക്കുന്നുവെന്ന് മന്ത്രി പി രാജീവ്. കേരളം വ്യവസായങ്ങൾക്ക് അനുയോജ്യമല്ലെന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഇത്. കേരളത്തിൽ വ്യവസായം ആരംഭിക്കുന്നത് പ്രയാസകരമാണ് എന്നതിൽ നിന്നും ഇവിടെ സംരംഭം തുടങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ അടുത്ത യൂണിറ്റുകൂടി പ്രവർത്തനം തുടങ്ങാം എന്ന നിലയിൽ കാര്യങ്ങൾ എത്തിനിൽക്കുകയാണ്. കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് (കെഎൽഐപി) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തിലാദ്യമായി ഐബിഎം രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് രണ്ട് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. എച്ച്സിഎൽ കൊച്ചിയിൽ വികസന കേന്ദ്രം തുടങ്ങുകയും തിരുവനന്തപുരത്ത് കേന്ദ്രം തുടങ്ങുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസ, ആരോഗ്യം, സാമൂഹ്യക്ഷേമം മേഖലകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. വ്യവസായിക രംഗത്തും കേരളം മുന്നേറുന്നു എന്നതാണ് വസ്തുത. ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ പദവിയുള്ള ഹോട്ടലുകൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഉയർന്ന തൊഴിൽ നൈപുണ്യമുള്ള മനുഷ്യശേഷിയാണ് സംസ്ഥാനത്തിൻറെ മറ്റൊരു പ്രത്യേകത. കണക്ടിവിറ്റി രംഗത്തും മികച്ച സംവിധാനങ്ങളാണ് സംസ്ഥാനത്തിനുള്ളത്. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ വളരെവേഗത്തിലും എളുപ്പത്തിലുമുള്ളതാണെന്നും ഏതാനും മിനിറ്റുകൾക്കകം കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു.

തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കിൽ പ്രവർത്തിക്കാനുള്ള കരാർ എട്ട് കമ്പനികൾക്ക് മന്ത്രി കൈമാറി. ഇതിൽ ഒരു കമ്പനി ആന്ധ്രാപ്രദേശിൽ നിന്ന് പിൻമാറിയതാണ്. എല്ലാ കമ്പനികളുടെയും മൊത്തം നിക്ഷേപം 70 കോടി രൂപയാണ്. ആദ്യ ഘട്ടത്തിൽ 700 പേർക്ക് തൊഴിൽ ലഭിക്കും.
 
എട്ട് കമ്പനികളിൽ അഞ്ചെണ്ണം പാർക്കിൽ ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കുകയും ബാക്കിയുള്ളവ പാർക്കിൽ നിലവിലുള്ള ബിൽറ്റ് അപ് ഏരിയയിൽ ഇന്നൊവേഷൻ സെൻററുകൾ സ്ഥാപിക്കുകയും ചെയ്യും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനികളുടെ നിർമ്മാണ പ്ലാൻറുകൾ പൂർത്തിയാകുമ്പോൾ എൻപ്രോഡക്ട്സ്, സസ്കാൻ മെഡിടെക്, സെൻറർ ഫോർ റിസർച്ച് ഓൺ മോളിക്യുലാർ ആൻഡ് അപ്ലൈഡ് സയൻസസ്, ഹനുമത് ഏജൻസീസ്, ആൽവർസ്റ്റോൺ എന്നീ അഞ്ച് കമ്പനികൾക്ക് 700 തൊഴിലവസരങ്ങൾ നൽകാൻ കഴിയും. ലോക്സൈം മെഡിടെക്, ജിനാലക്സ് ഓസിയേറ്റ്സ്, എലിമൻ മെഡിക്കൽ ഡിവൈസസ് എന്നീ മൂന്ന് കമ്പനികളാണ് പാർക്കിൽ ഇന്നൊവേഷൻ സെൻററുകൾ സ്ഥാപിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top