16 January Saturday

ജനപിന്തുണയോടെ വികസന പ്രവർത്തനങ്ങൾ തുടരും: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020


കൊച്ചി
ബിജെപിയുടെയും കോൺഗ്രസിന്റെയും ആയുധങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ മാറിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തകർക്കാനാണ്‌ ഇരുകൂട്ടരും ശ്രമിക്കുന്നത്‌. എന്നാൽ, എല്ലാവർക്കും‌ എല്ലാ സൗകര്യങ്ങളും ലഭിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന്‌ എൽഡിഎഫ്‌ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത്‌ രാജീവ്‌ പറഞ്ഞു.

കിഫ്ബിയുടെ ഉൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികളാണ് സംസ്ഥാനത്ത്‌ നടക്കുന്നത്‌. എറണാകുളം ജനറൽ ആശുപത്രി നവീകരണം, മഹാരാജാസ് കോളേജ്‌ പുതിയ ബ്ലോക്ക്‌, കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ നിർമാണം, ഗവ. മെഡിക്കൽ കോളേജ് നവീകരണം, തൃപ്പൂണിത്തുറ വൈക്കം റോഡ് നവീകരണം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്‌. ഇതെല്ലാം വേണ്ടെന്നാണ്‌ ബിജെപിയും കോൺഗ്രസും പറയുന്നത്. എന്നാൽ, ജനങ്ങളെ അണിനിരത്തി ഈ നീക്കങ്ങളെ ചെറുക്കുമെന്നും പി രാജീവ്‌ പറഞ്ഞു.

ജനറൽ ആശുപത്രിക്കുമുന്നിൽ നടന്ന കൂട്ടായ്‌മയിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ജേക്കബ്, ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, സിപിഐ ജില്ലാ എക്സിക്യൂട്ടിവ്‌ അംഗം ടി സി സഞ്ജിത്, കുമ്പളം രവി,  ജനാതാദൾ എസ്‌ ജില്ലാ പ്രസിഡന്റ്‌ സാബു ജോർജ്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top