18 February Monday

പി രാജീവ്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

കൊച്ചി> ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ചുമതലയേറ്റു.ഉച്ചയ്ക്കുശേഷം തിരുവനന്തപുരം ഓഫീസിൽ എത്തിയാണ് ചുമതല ഏറ്റത്.  ജനറൽ മാനേജർ കെ ജെ തോമസ് ചടങ്ങിൽ അധ്യക്ഷനായി. റെസിഡന്റ് എഡിറ്റർ  പി എം മനോജ് സ്വാഗതം പറഞ്ഞു. പത്രത്തിന്റെ മുന്‍ റസിഡന്റ് എഡിറ്ററാണ് പി രാജീവ് .

അമ്പതുകാരനായ പി രാജീവ് 2005 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2015ൽ തൃപ്പൂണിത്തുറയിൽ ചേർന്ന സിപിഐ എം ജില്ലാ സമ്മേളനത്തിലാണ‌് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത‌്. 2018ൽ എറണാകുളത്തു ചേർന്ന ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി.   എസ‌്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1994ൽ സിപിഐ എം ജില്ലാകമ്മിറ്റി അംഗമായി. 2009ൽ രാജ്യസഭാ അംഗം. രാജ്യസഭ അഷ്വറൻസ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായി.


ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗൺസിലുകളിൽ പങ്കെടുത്തു. 2013 ൽ ഐക്യരാഷ്ട്ര പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയിൽ ചീഫ് വിപ്പുമായിരുന്നു. എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നടത്തിയ ഇടപെടലുകൾ രാഷ‌്ട്രീയത്തിന‌് അതീതമായ അംഗീകാരം നേടി. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ രാജീവ‌്  നേതൃത്വം നൽകിയ ജൈവപച്ചക്കറി, പാലിയേറ്റീവ‌്, കനിവ‌് വീട‌്, പെരിയാറിനൊരു തണൽ തുടങ്ങിയ പദ്ധതികളും സാർവത്രിക  പ്രശംസ നേടി. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസനയത്തിനെതിരായ പ്രക്ഷോഭത്തിൽ പൊലീസ് മർദനത്തിനിരയായി. ലോക്കപ്പിലും മർദനമേറ്റു. 

1997ൽ ക്യൂബയിലും 2010ൽ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക വിദ്യാർഥി--‐യുവജന സമ്മേളനത്തിൽ പങ്കെടുത്തു. പൊതുപ്രവർത്തനരംഗത്തും മാധ്യമരംഗത്തും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ആഗോളവൽകരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വൈവിധ്യങ്ങൾ, കാഴ്ചവട്ടം, പുരയ്ക്കുമേൽ ചാഞ്ഞ മരം (മറ്റുള്ളവരുമായി ചേർന്ന്), 1957- ചരിത്രവും വർത്തമാനവും (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. കുസാറ്റ‌് ലീഗൽ സ‌്റ്റഡീസിലെ അസിസ‌്റ്റന്റ‌് പ്രൊഫ. വാണി കേസരിയാണ‌് ഭാര്യ. ഹൃദ്യ, ഹരിത എന്നിവർ മക്കൾ. 

 


 

പ്രധാന വാർത്തകൾ
 Top