തിരുവനന്തപുരം > ജനങ്ങളോട് എ ഐ കാമറയെക്കുറിച്ച് ചോദിക്കുമ്പോൾ നല്ല അഭിപ്രായം മാത്രമാണ് കേൾക്കുന്നതെന്നും കോൺഗ്രസ് അടിസ്ഥാനരഹിതമായി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും മന്ത്രി പി രാജീവ്. കെൽട്രോണിൻ അഴിമതി നടത്തിയെന്നതിനെ സംബന്ധിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എ ഐ കാമറയിലെ കേരള മാതൃക പഠിക്കാൻ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നുൾപ്പെടെ വിദഗ്ധ സംഘം എത്തുകയുണ്ടായി. മികച്ച മാതൃകയെന്നാണ് എല്ലാവരും വിലയിരുത്തിയത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കെൽട്രോണും എ ഐ ക്യാമറയും ഏറെ സഹായിക്കുന്നുണ്ടെന്ന് കണക്കുകൾ തെളിയിക്കുന്നുണ്ട്. എന്നിട്ടും കോൺഗ്രസ് ഇതിനെക്കുറിച്ച് പരിഹാസ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂലൈ വരെ 3316 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് കാമറ സ്ഥാപിച്ചതിനു ശേഷം 1177 ആയി കുറഞ്ഞു. 2199 അപകടങ്ങൾ കുറഞ്ഞു. മരണനിരക്ക് 313 ൽ നിന്ന് 63 ആയി കുറഞ്ഞതായും കണക്കുകൾ തെളിയിക്കുന്നുണ്ട്. പ്രതിപക്ഷം ഇത് അംഗീകരിക്കുന്നില്ല. 11 കോടി രൂപയുടെ കരാർ കിട്ടിയ കമ്പനിക്ക് 75 കോടി രൂപ കിട്ടുമെന്നൊക്കെ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ക്യാമറ വേണ്ട ആളുകൾ റോഡിൽ കൊല്ലപ്പെട്ടോട്ടെ എന്നാണോ പ്രതിപക്ഷം പറയുന്നതെന്നും മന്ത്രി ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..