12 December Thursday

സഖാവിന്റെ സ്‌മരണയിൽ നാട്‌ ; പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


ആലപ്പുഴ
കയർത്തൊഴിലാളിയായെത്തി പിന്നീട്‌ അതേതൊഴിലാളികളെ സംഘടിപ്പിച്ച്‌ വർഗസമര പാതയിൽ നയിച്ച കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി കൃഷ്‌ണപിള്ളയെ ആലപ്പുഴയുടെ ചുവന്നമണ്ണ്‌ അനുസ്‌മരിച്ചു. ഉത്തരവാദ ഭരണത്തിനായി തൊഴിലാളികൾ നടത്തിയ പണിമുടക്കിന്‌ നേതൃത്വം നൽകിയും പുന്നപ്ര–-വയലാർ സമരകാലത്ത്‌ ഒളിവിലിരുന്നും അദ്ദേഹം നൽകിയ ധീരനേതൃത്വം നാട്‌ സ്‌മരിച്ചു. 

ഇരു കമ്യൂണിസ്‌റ്റ്‌ പാർട്ടികളുടെയും നേതൃത്വത്തിലായിരുന്നു അനുസ്‌മരണ പരിപാടികൾ. കോളറ, വസൂരിക്കാലത്ത്‌ രോഗബാധിതരെ ശുശ്രൂഷിക്കാൻ മുന്നിട്ടിറങ്ങാൻ ആഹ്വാനംചെയ്‌ത്‌ സാമൂഹ്യപ്രവർത്തനത്തിന്‌ പുതിയ മാനംപകർന്ന സഖാവിനോട്‌ സ്‌നേഹാദര സൂചകമായി നാടെങ്ങും സിപിഐ എം പ്രവർത്തകർ കിടപ്പുരോഗികളെ സന്ദർശിച്ചു.

സഖാവ്‌ അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിലും അദ്ദേഹം അവസാന നാളുകൾ ചെലവഴിച്ച കണ്ണർകാട്‌ ചെല്ലിക്കണ്ടത്തും പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും ചേർന്നു. രണ്ടുകേന്ദ്രങ്ങളിലും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെകട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി.

കണ്ണർകാട്‌ സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി മുഖ്യപ്രഭാഷണംനടത്തി. ഇരുകേന്ദ്രങ്ങളിലും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌, നേതാക്കളായ ആർ നാസർ, സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്‌, എംഎൽഎ മാരായപി പി ചിത്തരഞ്ജൻ, എച്ച് സലാം  തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top