20 March Wednesday

‘‘ആർഎസ്‌എസ്‌ പ്രചരണം വസ്‌തുതക്ക്‌ നിരക്കാത്തത്‌; പഴയ അനാചാരങ്ങൾ തിരികെ കൊണ്ടുവരാൻ ആരും തയ്യാറാകില്ല’’‐ മറുപടിയുമായി പി കെ ശ്രീമതി_Video

വെബ് ഡെസ്‌ക്‌Updated: Wednesday Oct 10, 2018

തിരുവനന്തപുരം > പത്തനംതിട്ടയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചുകാട്ടിയുള്ള സംഘപരിവാർ നുണപ്രചരണത്തിന്‌ മറുപടിയുമായി പി കെ ശ്രീമതി എംപി. പത്തനംതിട്ടയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ അവകാശസംരക്ഷണ കൂട്ടായ്‌മയിൽ പണ്ടുകാലത്ത്‌ നിലനിന്നിരുന്ന അങ്ങേയറ്റം സ്‌ത്രീവിരുദ്ധമായ ആചാരങ്ങളെപ്പറ്റി പി കെ ശ്രീമതി വിശദീകരിക്കുന്ന പ്രസംഗത്തിലെ ഒരു ഭാഗം മുറിച്ചുകാട്ടിയാണ്‌ സംഘപരിവാർ വർഗീയ പ്രചരണത്തിന്‌ ഉപയോഗിക്കുന്നത്‌. ബിജെപി ഐടി സെൽ പ്രചരിപ്പിക്കുന്ന ഈ വ്യാജവാർത്ത ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവിയും സംപ്രേഷണം ചെയ്‌തിരുന്നു. ഈ വാർത്തകൾ വസ്‌തുതക്ക്‌ നിരക്കുന്നതല്ലെന്ന്‌ പി കെ ശ്രീമതി മറുപടി വീഡിയോയിൽ വ്യക്തമാക്കുന്നു.

പത്തനംതിട്ടയിലെ ശ്രീമതി ടിച്ചറുടെ പ്രസംഗം ഇങ്ങനെ:


‘‘സ്ത്രീ, പ്രസവത്തിനും ഭക്ഷണം പാചകം ചെയ്യാനും ഉള്ള ഒരു ഇൻസ്ട്രുമെന്റ് ആയിരുന്നു ഒരു കാലത്ത്. അടിമത്തം ആയിരുന്നു അന്ന്. ഇപ്പോൾ ആരെങ്കിലും അംഗീകരിക്കുമോ അത്‌?  അന്ന് സവർണരാണ് അമ്പലത്തിലേക്ക് പോകുന്നത്. കുറച്ച് ആളുകൾക്കേ  പോകാനാവൂ.  അമ്പലക്കുളത്തിൽ കുളിച്ച് നനഞ്ഞ വസ്ത്രങ്ങളുമായേ അമ്പലത്തിൽ പോകാൻ പറ്റൂ. നിങ്ങൾ ചെറുപ്പക്കാർക്ക് അറിയാഞ്ഞിട്ടാണ്. വീട്ടിൽ നിന്ന് കുളിച്ച് നല്ല ഉണങ്ങിയ വസ്ത്രങ്ങൾ ധരിച്ച്  പോയാലും അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് നനഞ്ഞ വസ്ത്രത്തോടെയേ ക്ഷേത്രത്തിൽ കയറാവൂ. അങ്ങനെ പോകുന്ന സ്ത്രീകൾ എങ്ങനെയുണ്ടാവുമെന്ന് അവിടെയുള്ള ആൾക്കൊക്കെ കാണാം. അതിനു മുമ്പാണെങ്കിൽ മാറുമറയ്ക്കാൻ പാടില്ല. അങ്ങനെ ശരീരത്തിൽ തുണിയിടാതെ പോകണം എന്ന് നിയമമുണ്ടായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ മാറുമറച്ചു വന്നപ്പോൾ മറ്റുചില സ്ത്രീകൾ മാറുമറയ്ക്കാതെ ക്ഷേത്രത്തിൽ കയറാനുള്ള അവകാശത്തിനായി മുന്നോട്ടുവന്നു. ആരാ അതിന് പിന്നിൽ? മാറുമറയ്ക്കാനുള്ള അവകാശത്തിനായി ശ്രമിച്ച ചേർത്തലയിലെ നങ്ങേലിയെ ശിക്ഷിക്കാൻ വേണ്ടി ആൾക്കാർ വന്നപ്പോൾ പിന്നാമ്പുറത്തുപോയി അരിവാൾ എടുത്തുകൊണ്ടുവന്ന്  സ്വന്തം മാറിടം ചെത്തി വാഴയിലയിൽ വച്ച് കൊണ്ടുപോയി ചുട്ടു തിന്നോ  എന്ന് പറഞ്ഞ പാരമ്പര്യമുള്ള നാടാണ് കേരളം’’

ഈ പ്രസംഗത്തിലെ സ്‌ത്രീകൾ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് നനഞ്ഞ വസ്ത്രത്തോടെയേ ക്ഷേത്രത്തിൽ കയറാവൂ എന്ന ആചാരത്തെപ്പറ്റി പറയുന്ന ഭാഗം മുറിച്ചുമാറ്റിയാണ്‌ കുപ്രചരണം. 1987ൽ രൂപ്‌ കൻവാർ എന്ന പെൺകുട്ടി സതി ആചാരത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന്‌ രാജസ്ഥാൻ സർക്കകാർ സതി നിരോധന നിയമം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ബിജെപിയും സംഘപരിവാറും സമര രംഗത്തിറങ്ങിയ ചരിത്രവും പി കെ ശ്രീമതി തന്റെ പ്രസംഗത്തിൽ പറയുന്നു. ഇതും ബിജെപി ഐടി സെല്ലിനെ ചൊടിപ്പിച്ചു. സതി 1829ൽത്തന്നെ നിരോധിക്കപ്പെട്ടതാണെന്നും 1987ൽ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നുമാണ്‌ സൈബർ സംഘപരിവാർ വാദം. എന്നാൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും ബിജെപി ശ്രമിച്ചതുപോലെ ഈ ആചാരങ്ങൾ തിരിച്ചുകൊണ്ടുവരാൻ ആരും ഇന്ന്‌ തയ്യാറാകുമെന്ന്‌ തോന്നുന്നില്ലെന്നും പി കെ ശ്രീമതി വീഡിയോയിൽ വ്യക്തമാക്കുന്നു. 

1987ൽ സതി നിരോധന നിയമത്തിനെതിരെ ബിജെപി നടത്തിയ സമരത്തെക്കുറിച്ച്‌ ഇവിടെ വായിക്കാം:

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top