24 March Sunday

'പി കെ കുഞ്ഞച്ചന്‍: ഭാസുര ഓര്‍മകള്‍' പ്രകാശനം ചെയ്‌തു; കേരള മോഡലിന് ആധാരം ഭൂപരിഷ്‌കരണം: മുഖ്യമന്ത്രി

സ്വന്തംലേഖകന്‍Updated: Thursday Jun 14, 2018

തിരുവനന്തപുരം > ലോകവും രാജ്യവും വാഴ്‌ത്തുന്ന കേരള മോഡലിന് ആധാരം ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പികെ കുഞ്ഞച്ചെനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഭാസുരാദേവി എഴുതിയ 'പി കെ കുഞ്ഞച്ചന്‍: ഭാസുര ഓര്‍മകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ തുടര്‍ച്ചയായാണ് 1957ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നത്. അധികാരത്തിലേറി നാലു ദിവസത്തിനുള്ളില്‍ത്തന്നെ കുടിയിറക്ക് നിരോധിക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കി. ഇത് ഏറ്റവുമധികം പ്രയോജനം  ചെയ്‌തത് കര്‍ഷത്തൊഴിലാളികള്‍ക്കും. കുടിയിറക്കപ്പെട്ടാല്‍ മറ്റു വഴികളില്ലാതെ ആത്മഹത്യ ചെയ്യേണ്ട സ്ഥിതി ആയിരുന്നു അന്ന്. ഓര്‍ഡിനന്‍സ് വന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി.

ഏവരും പ്രശംസിക്കുന്ന കേരള മോഡല്‍ എന്ന സാമൂഹ്യ അന്തരീക്ഷത്തിലേക്ക് ഉയരാന്‍ കഴിഞ്ഞത് ഭൂപരിഷ്‌കരണ നീയമം നടപ്പാക്കിയതോടെയാണ്. മിച്ചഭൂമി നീയമവും കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ നീയമങ്ങള്‍  അടിസ്ഥാന വര്‍ഗത്തിന് ആത്മവിശ്വാസം നല്‍കി. കളകള്‍ക്കൊപ്പം ചേറില്‍ ചവുട്ടി താഴ്ത്തപ്പെട്ട സമൂഹത്തിനെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഈ നീയമങ്ങള്‍ക്കു കഴിഞ്ഞു.

ജന്മിത്വത്തെ ചോദ്യ ചെയ്യാന്‍ ഒരുങ്ങിയാല്‍പ്പോലും എന്തും സംഭവിക്കുന്ന കാലത്താണ് പി കെ കുഞ്ഞച്ചന്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയത്. കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് അദ്ദേഹം ഇരയായിട്ടുണ്ട്. ചെങ്ങന്നൂര്‍ നഗരത്തില്‍ വെച്ച് ഭീകരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ അദ്ദേഹം മരിച്ചു എന്നു കരുതി സ്ഥലം വിട്ടു. പൂജപ്പര ജയലില്‍ മര്‍ദ്ദനത്തെുടര്‍ന്ന് സഹ തടവുകാരനായ മുഹമ്മ അയ്യപ്പന്‍ മരിച്ചു. കുഞ്ഞച്ചനെ മര്‍ദ്ദിക്കുന്നത് നിര്‍ത്തിയത് അദ്ദേഹം മരിച്ചു എന്ന് കരുതിയിട്ടാണ്. മരണമുഖത്തില്‍ നിന്ന്  തിരിച്ചുവരാന്‍ അദ്ദേഹത്തിന്റെ അസാമാന്യമായ മനക്കരുത്ത് സഹായകമായി.

പികെ കുഞ്ഞച്ചനെക്കുറിച്ചുള്ള പുസ്തകം പുതുതലമുറയ്ക്കാണ് ഏറെ പ്രയോജനപ്പെടുക. പഴയകാല പ്രവര്‍ത്തകര്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഈ പുസ്തകത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ ജീവചരിത്രമല്ല. പകരം ഒരു കാലത്തിന്റെ ചരിത്രമാണ്.

ഭരണപരിഷ്‌കാരകമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന് പുസ്തകം നല്‍കിയാണ് മുഖൃമന്ത്രി പ്രകാശനം നിര്‍വഹിച്ചത്. പി കെ കുഞ്ഞച്ചന്റേത് പാവങ്ങളുടെ ഉന്നമനത്തിന് സമപ്പിക്കപ്പെട്ടതായരുന്നുവെന്ന് വി എസ് പറഞ്ഞു. ദുരിതം നിറഞ്ഞ ജീവിതത്തെ അദ്ദേഹം ധീരമായി നേരിട്ടു. വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ആ പോരാളി തയ്യാറായിരുന്നില്ല. അന്യന്റെ സുഖത്തിനു വേണ്ടി എന്തും ത്യജിക്കുന്ന മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം? വിഎസ് പറഞ്ഞു.

പി കെ കുഞ്ഞച്ചന്‍ അധസ്ഥിതി ജനവിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി സുധീരം പ്രവര്‍ത്തിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷനായ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കടുത്ത മര്‍ദ്ദനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പോരാട്ടവീറിനെക്കെടുത്താന്‍ കടുത്ത മര്‍ദ്ദനങ്ങള്‍ക്കു പോലും കഴിഞ്ഞില്ല. പകരം മര്‍ദ്ദനം അദ്ദേഹത്തിന്റെ ധീരതയും അര്‍പ്പണബോധത്തെയും കൂടുതല്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. കാഴ്ചയില്‍ പരുക്കനെങ്കിലും ഹൃദ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.  സംഘടനാ നേതാവ് എന്ന നിലയില്‍ മാത്രമല്ല, നീയമസഭാ, രാജ്യസഭാ അംഗമെന്ന നിലയിലും പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് കോടിയേരി പറഞ്ഞു.

പി കെ കുഞ്ഞച്ചന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള മ്യൂണിസ്റ്റാണെന്ന് ചടങ്ങില്‍ സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി എന്നിടത്തു നിന്നാണ് അടിസ്ഥാന വര്‍ഗത്തിന്റെ പടനായകനായി മാറിയത്. നീയസഭയിലും രാജ്യസദഭയിലും സ്വന്തം ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം ശബ്ദം ഉയര്‍ത്തിയെന്നും കാനം പറഞ്ഞു.

മന്ത്രിമാരായ ഏ കെ ബാലന്‍, മാത്യു ടി തോമസ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി കെ കുഞ്ഞച്ചനെക്കുറിച്ച് പ്രംോദ് പയ്യന്നൂര്‍ തയ്യാറാക്കിയ ലഘുചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന്‍ സ്വാഗതവും വിനോദ് വൈശാഖി നന്ദിയും പറഞ്ഞു.


 

പ്രധാന വാർത്തകൾ
 Top