21 October Monday

പി ജയരാജനെതിരെ സൈബർ ആക്രമണം ആസൂത്രിതം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019


കണ്ണൂർ
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരായ സൈബർ ആക്രമണം ആസൂത്രിതം. ആർഎസ്‌എസ്‌ ചാനലായ ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചാണ്‌ നുണക്കഥ മെനഞ്ഞതും പ്രചരിപ്പിച്ചതും. ജയരാജൻ പാർടി വിട്ട്‌ ബിജെപിയിൽ ചേരുന്നു, അമിത്‌ ഷായുമായി ചർച്ച നടത്തി തുടങ്ങിയ നുണകളാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ സംഘടിതമായി പ്രചരിപ്പിച്ചത്‌.  ഇതിനായി മോർഫ്‌ ചെയ്‌ത ഫോട്ടോകളും ഉപയോഗിച്ചു.

സംഘപരിവാറിനെ അതിശക്തമായി എതിർക്കുന്ന നേതാവിനെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ അപവാദ പ്രചാരണം. നുണക്കഥ മെനയാനും പ്രചരിപ്പിക്കാനും സംഘപരിവാറിനുള്ള വിരുതാണ്‌ ഇവിടെയും പ്രകടിപ്പിച്ചത്‌. പി ജയരാജനെ രാഷ്‌ട്രീയമായി കടന്നാക്രമിക്കുന്ന വ്യാജ വാർത്ത തിരുവോണനാളിലാണ്‌ പോസ്‌റ്റ്‌ ചെയ്‌തത്‌. മതതീവ്രവാദികളടക്കമുള്ളവരായിരുന്നു ഇതിന്റെ പ്രധാന പ്രചാരകർ. വെട്ടിക്കൊല്ലാൻ കഴിയാത്തതിലുള്ള വിരോധമാണ്‌ ഇരുപത്‌ വർഷത്തിനിപ്പുറമുള്ള തിരുവോണനാളിൽ നവമാധ്യമങ്ങളിലൂടെ  പ്രകടിപ്പിച്ചത്‌.

ആർഎസ്‌എസ്സിന്റെ വർഗീയ അജൻഡയെയും കേന്ദ്രസർക്കാരിന്റെ പ്രതിലോമ നയങ്ങളെയും തുറന്നെതിർക്കുന്ന സിപിഐ എമ്മിനെയാണ്‌ പി ജയരാജന്റെ പേരുപറഞ്ഞ്‌ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്‌. ജയരാജന്റെ പാർടിപ്രവേശം ബിജെപി ചർച്ചചെയ്യുമെന്ന്‌ പി എസ്‌ ശ്രീധരൻപിള്ള പറഞ്ഞതായും സംഘപരിവാറും മതമതീവ്രവാദികളും പ്രചരിപ്പിച്ച കഥയിലുണ്ടായിരുന്നു.
 

പൊലീസ്‌ അന്വേഷണം തുടങ്ങി; ഷെയർ ചെയ്‌തവരും കുടുങ്ങും
വ്യാജവാർത്ത സൃഷ്‌ടിച്ച്‌ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പി ജയരാജൻ നൽകിയ പരാതിയിൽ പൊലീസ്‌ അന്വേഷണം തുടങ്ങി. വ്യാജവാർത്ത പോസ്‌റ്റ്‌ ചെയ്‌തവരെയും ഷെയർ ചെയ്‌തവരെയും അറസ്‌റ്റുചെയ്യുമെന്ന്‌ കണ്ണൂർ ഡിവൈഎസ്‌പി  പി പി സദാനന്ദൻ പറഞ്ഞു. പോസ്‌റ്റ്‌ ചെയ്‌തവരെക്കുറിച്ചുള്ള വിവരങ്ങൾ സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷകസംഘം ശേഖരിച്ചുവരികയാണ്‌.  പി ജയരാജന്റെയും കേന്ദ്രമന്ത്രി അമിത്‌ ഷായുടെയും ചിത്രങ്ങളാണ്‌ മോർഫുചെയ്‌ത്‌ വ്യാജ രേഖയുണ്ടാക്കിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top