24 October Thursday

പി ജയരാജനെതിരായ വ്യാജവാര്‍ത്ത: ആദ്യം പോസ്റ്റ് ചെയ്‌തയാളെയും പ്രചരിപ്പിച്ചവരെയും തിരിച്ചറിഞ്ഞു

സ്വന്തംലേഖകൻUpdated: Sunday Sep 15, 2019

കണ്ണൂർ > സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ അധിക്ഷേപിച്ച്‌  സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. തിരുവോണ നാളിൽ വ്യാജ വാർത്ത ആദ്യം പോസ്‌റ്റ്‌ചെയ്‌തയാളെയും അത്‌ വ്യാപകമായി പ്രചരിപ്പിച്ചവരെയും തിരിച്ചറിഞ്ഞു. നിലപാട്‌, പച്ചപ്പട എന്നീ പേരുകളിലുള്ള ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളിലൂടെയാണ്‌ അപവാദം പ്രചരിപ്പിച്ചതെന്ന്‌ കണ്ടെത്തി. സൈബർസെല്ലിൽനിന്നുള്ള ശാസ്‌ത്രീയവിവരങ്ങൾ ലഭിച്ചാലുടൻ പ്രതികളെ അറസ്‌റ്റ്‌ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക്‌ പൊലീസ്‌ കടക്കും. ഫേസ്‌ബുക്ക്‌ ആസ്ഥാനമായ കാലിഫോർണിയയിൽനിന്നുള്ള വിവരങ്ങൾകൂടി സൈബർസെൽ തേടിയിട്ടുണ്ട്‌.

പി ജയരാജൻ ബിജെപിയിൽ ചേരുന്നതായാണ്‌ ഫേസ്‌ബുക്കിലൂടെയും വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളിലൂടെയും സംഘടിതമായി പ്രചരിപ്പിച്ചത്‌. ജയരാജൻ കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദന്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കണ്ണൂർ ടൗൺ പൊലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നത്‌. അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ച്‌ പ്രചരിപ്പിച്ചതിന്‌ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 469, 500 വകുപ്പുകൾ പ്രകാരമാണ്‌ കേസെടുത്തത്‌. രണ്ട്‌ വകുപ്പുകളിലുമായി അഞ്ചുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്‌. ആർഎസ്‌എസ്‌ ചാനലായ ജനം ടിവിയുടെ ലോഗോസഹിതമാണ്‌ വ്യാജവാർത്ത പ്രചരിപ്പിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top