23 April Friday

വഴങ്ങാതെ ജോസഫ്‌, 
അസീസിനെ വെട്ടി; ലീഗിനെതിരെ പ്രകടനം

പ്രത്യേക ലേഖകൻUpdated: Tuesday Mar 2, 2021


തിരുവനന്തപുരം
കേരള കോൺഗ്രസ്‌ പി ജെ ജോസഫ്‌ വിഭാഗത്തിന്‌ കോട്ടയത്ത്‌ കൂടുതൽ സീറ്റ്‌ നൽകില്ലെന്ന്‌ കോൺഗ്രസ്‌ വ്യക്തമാക്കി. മുന്നണിയിൽ സീറ്റ്‌ വിഭജന തർക്കം വീണ്ടും മുറുകി.

പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും വേണമെന്ന ജോസഫ്‌പക്ഷ നിലപാടാണ്‌ ഒടുവിൽ  കോൺഗ്രസ്‌ തള്ളിയത്‌. ഏതെങ്കിലും ഒന്ന്‌ എന്ന ഉപാധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി ജെ ജോസഫും നിരാകരിച്ചു. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ സീറ്റുകൾ വച്ചുമാറാനും കോൺഗ്രസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. 13 സീറ്റ്‌ ചോദിച്ച ജോസഫ്‌ ഗ്രൂപ്പിനോട്‌ എട്ടിൽ ഒതുങ്ങാനാണ്‌ നിർദേശം. തിങ്കളാഴ്‌ച രണ്ട്‌ വട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

മുസ്ലിംലീഗിന്‌ കഴിഞ്ഞ തവണത്തെ 24 സീറ്റ്‌ 27 ആയി വർധിപ്പിച്ചു. ഇതിൽ രണ്ടിടത്ത്‌ വെൽഫെയർ പാർടി സ്ഥാനാർഥികളായിരിക്കും. അവരെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിന്‌ എതിർപ്പില്ല. ആർഎസ്‌പിക്ക്‌ കഴിഞ്ഞ തവണത്തെ അഞ്ച്‌ സീറ്റ്‌ മാത്രം നൽകും. എന്നാൽ ഇരവിപുരത്ത്‌ സംസ്ഥാന സെക്രട്ടറി എ എ അസീസ്‌ വീണ്ടും മത്സരിക്കുന്നതിൽ കോൺഗ്രസ്‌ എതിർപ്പ്‌ അറിയിച്ചു. ഇതോടെ മത്സരിക്കാനില്ലെന്ന്‌ പറഞ്ഞ്‌ അസീസ്‌ ഒഴിഞ്ഞു. അടുത്തിടെ ആർഎസ്‌പിയിലേക്ക്‌ തിരികെ ചെന്ന ബാബു ദിവാകരനാണ്‌ അവിടെ സ്ഥാനാർഥി. എൻ കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും ചേർന്ന്‌ ഒരുക്കിയ തന്ത്രമാണ്‌ അസീസിനെ തെറിപ്പിച്ചത്‌. സിഎംപി, കേരള കോൺഗ്രസ്‌ ജേക്കബ്‌, മാണി സി കാപ്പൻ എന്നിവർക്ക്‌ ഓരോ സീറ്റ്‌ നൽകും. ജയസാധ്യത ഉറപ്പുള്ള ഒന്നടക്കം രണ്ട്‌ സീറ്റിനുള്ള സിഎംപിയുടെ ആവശ്യം അംഗീകരിച്ചിട്ടില്ല.

അതിനിടെ കോൺഗ്രസ്‌ സ്ഥാനാർഥികളെ ചൊല്ലി തർക്കം രൂക്ഷമായി. കോന്നി, ചടയമംഗലം എന്നിവിടങ്ങളിൽ പ്രവർത്തകർ പരസ്യമായി രംഗത്തുവന്നു. അടൂർ പ്രകാശിന്റെ നോമിനിയായ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കോന്നിയിൽ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു.  ചടയമംഗലം ലീഗിന്‌ വിട്ടുകൊടുക്കുന്നതിനെതിരെ യൂത്ത്‌ കോൺഗ്രസ് പ്രകടനം നടത്തി‌.

രാഹുൽ തലസ്ഥാനത്ത്‌
കന്യാകുമാരിയിൽനിന്ന്‌ ഡൽഹി‌ക്കുള്ള യാത്രാമധ്യേ തിരുവനന്തപുരത്ത്‌ എത്തിയ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ സ്ഥാനാർഥി നിർണയ ചർച്ച നടത്തി. മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാർഥിയാക്കി കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ ആക്കാൻ  രാഹുൽ ഗാന്ധി പച്ചക്കൊടി കാണിച്ചതായാണ്‌ വിവരം. എ, ഐ ഗ്രൂപ്പുകളും എംപിമാരും സ്ഥാനാർഥികളുടെ പട്ടിക കൈമാറിയിട്ടുണ്ട്‌.

കെപിസിസി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചൊവ്വാഴ്‌ച രാവിലെ യോഗം ചേരുന്നുണ്ട്‌. അതിന്‌ശേഷം ചുരുക്കപ്പട്ടികയുമായി ഡൽഹിക്ക്‌ പോകാനാണ്‌ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top