24 October Thursday

പി ജെ ജോസഫ്‌ ശകുനം മുടക്കിയെന്ന്‌ പാർടിപത്രം; 'പ്രതിച്ഛായ'യിൽ രൂക്ഷവിമർശനം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

കൊച്ചി>  പി.ജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം മുഖപത്രമായ ‘പ്രതിച്ഛായ’. ചില നേതാക്കള്‍ ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നില്‍ക്കുകയാണെന്ന് മുഖപത്രം പറയുന്നു.

‘ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കാന്‍ മടിക്കുന്നില്ല. ശകുനംമുടക്കാന്‍ നോക്കുകുത്തിയെപോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണവരുടെ നിയോഗം’ എന്നാണ് ജോസഫിനെ പരോഷമായി പരമർശിച്ച്‌ എഴുതിയിട്ടുള്ളത്‌.

കേരള കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന ആരോപണത്തിനുള്ള മറുപടിയാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നും മുഖപത്രം പറയുന്നു.

‘കേരള കോണ്‍ഗ്രസ് എമിന്റെ ന്റെ നേതൃത്വത്തിലേയ്ക്ക് കെ എം മാണിയുടെ മകന്‍ ജോസ്‌ കെ മാണി വന്നപ്പോള്‍ കുടുംബവാഴ്ചയെന്ന് അധിക്ഷേപിച്ചവരുടെ നാവടക്കുന്നതായിരുന്നു ആ മകന്റെ രാഷ്ട്രീയ പ്രവര്‍ത്തന മികവ്. ഇപ്പോള്‍ വീണ്ടും കുടുംബ പാര്യമ്പര്യത്തിന്റെ പേരില്‍ ഒരു കൂട്ടനിലവിളിക്ക് കാത്തിരുന്നവര്‍ക്ക് ഒന്നമര്‍ത്തി മൂളാന്‍ പോലും അവസരം ലഭിച്ചില്ല. ഇതിന്റെ പിന്നിലെ രാഷ്ട്രീയ തന്ത്രത്തെ അഭിനന്ദിക്കാതിരിക്കാന്‍ ആര്‍ക്കു കഴിയും?’

മറ്റു പാര്‍ട്ടികള്‍ക്കു മാതൃകയാക്കാവുന്ന വിധം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജോസ് കെ മാണി അവലംബിച്ച ജനാധിപത്യ രീതി ഏറ്റവും അഭിനന്ദനീയമാണ്. പാലായിലെ ജനങ്ങളുടെ മനസ്സറിഞ്ഞും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ വികാരങ്ങള്‍ മാനിച്ചും എടുത്ത തീരുമാനമാണത്.

‘പാര്‍ട്ടിയുടെയും നേതാവിന്റെയും പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കരുത്തുള്ള ഒരു സ്ഥാനാര്‍ഥിയാണ് വേണ്ടത്. അണപ്പല്ലുകൊണ്ടിറുമ്മുകയും മുന്‍പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്ക് യാതൊരു പ്രസക്തിയുമില്ല. അതുതന്നെയാണിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.’- മുഖപത്രത്തില്‍ പറയുന്നു.

അതേസമയം യുഡുഎഫ്‌ സ്‌ഥാനാർത്ഥി ജോസ്‌ ടോംമിന്റെ  ചിഹ്‌നം നാളെ തീരുമാനിക്കും.12 സ്വതന്ത്ര സ്‌ഥാനാർത്ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. പത്രിക പിൻവലിക്കാൻ നാളെ വരെ അവസരമുണ്ട്‌. 


പ്രധാന വാർത്തകൾ
 Top