21 October Monday

പാലമായില്ല ; ജോസഫ് ജോസ് തർക്കം രൂക്ഷമായി ; ജോസിന്റെ ഭാര്യയെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന്‌ ജോസഫ്‌

പ്രത്യേക ലേഖകൻUpdated: Tuesday Aug 27, 2019

തിരുവനന്തപുരം > പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വിളിച്ച യുഡിഎഫ്‌ യോഗം  തീരുമാനമെടുക്കാതെ പിരിഞ്ഞു. കെ എം മാണിക്ക്‌ പകരക്കാരനായി ആരെ നിശ്ചയിക്കണമെന്നതിനെച്ചൊല്ലി പി ജെ ജോസഫ്–- ജോസ് കെ മാണി പക്ഷം തമ്മിലുള്ള തർക്കം രൂക്ഷമായി. .യുഡിഎഫ്‌ യോഗത്തിലും ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിന്നു. വെവ്വേറെ ചർച്ച നടത്തിയെങ്കിലും  ആരും അയഞ്ഞില്ല. ഇതേതുടർന്ന്‌ യോഗം അവസാനിപ്പിച്ചു. 

കെ എം മാണിയുടെ സീറ്റിൽ തർക്കത്തിന്‌ പ്രസക്തിയില്ലെന്ന്‌ ജോസ്‌ പക്ഷം വാദിച്ചു. അവകാശവാദമൊന്നും ആരും ഉയർത്തേണ്ടെന്നും  ജയസാധ്യതയുള്ള സ്ഥാനാർഥിയാണ്‌ വേണ്ടതെന്ന്‌ ജോസഫും നിലപാട്‌ കടുപ്പിച്ചു. ജോസിന്റെ ഭാര്യ നിഷയെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന സൂചനയും ജോസഫ്‌ നൽകി. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും കൂട്ടായി നടത്തിയ അനുരഞ്‌ജന ശ്രമം ഇതോടെ പാളി.

ഇരുവിഭാഗവുമായി ചർച്ചചെയ്ത് 30നകം ധാരണയാക്കാനാണ് നീക്കം. 54 വർഷമായി മാണിയുടെ സീറ്റായ പാലാ  കേരള കോൺഗ്രസ്-എമ്മിന് തന്നെ നൽകാനാണ്  യുഡിഎഫ് തീരുമാനം. നാമനിർദേശപത്രികാസമർപ്പണം വ്യാഴാഴ്ച ആരംഭിക്കും.തർക്കം തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾ നിർദേശിച്ചു.

ജോസിനെ ചെയർമാനായി തെരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ നടപടി കോടതിയിൽ തർക്കത്തിലാണ്‌. ഈ സാഹചര്യത്തിൽ ചിഹ്നമനുവദിക്കുന്നതിനുൾപ്പെടെയുള്ള അധികാരം ആക്ടിങ്‌ ചെയർമാനെന്ന നിലയ്ക്ക്  ജോസഫിനാണെന്നാണ് ആ പക്ഷത്തിന്റെ വാദം. ഇത് ജോസ്  വിഭാഗത്തിന് സ്വീകാര്യമല്ല. മാണിയുടെ സീറ്റിൽ സ്ഥാനാർഥിയെ തങ്ങൾ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്ന്‌ അവർ യുഡിഎഫ് നേതൃത്വത്തോട് വ്യക്തമാക്കി.  ചിഹ്നവുമായി ബന്ധപ്പെട്ട് തർക്കം വന്നാൽ കോൺഗ്രസും തെരഞ്ഞെടുപ്പ് കമീഷനും തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു.  ഈ നിലപാടാണ്‌ ചർച്ചയെ വഴിമുട്ടിച്ചത്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top