13 September Friday

പി ജി സ്‌മൃതി സാഹിത്യപുരസ്‌കാരം സമ്മാനിച്ചു

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2024

സമഗ്ര സാഹിത്യസംഭാവനയ്‌ക്കുള്ള പി ജി സ്മൃതി പുരസ്‌കാരം എം കെ സാനുവിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കുന്നു.
രശ്മി ജി അനിൽ, പി എസ് ശ്രീകല, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി കെ മധു, സി എൻ മോഹനൻ, ആർ പാർവതീദേവി, പി കെ രാജ്‌മോഹനൻ എന്നിവർ സമീപം

കൊച്ചി> മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ രചനകൾ പുതിയ തലമുറയ്‌ക്ക്‌ വായിക്കാനും പഠിക്കാനും ഉതകുംവിധം സമാഹരിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സവിശേഷ രാഷ്‌ട്രീയഘട്ടങ്ങളിൽ എഴുതിയിട്ടുള്ളതാണ്‌ അദ്ദേഹത്തിന്റെ രചനകളെല്ലാം. അവ പുതുതലമുറയ്‌ക്കും പ്രാപ്യമായതരത്തിൽ സമാഹരിക്കാൻ പി ജി സാഹിത്യപുരസ്‌കാര ട്രസ്റ്റ്‌  മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പബ്ലിക്‌ ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രസ്റ്റിന്റെ നാലാമത്‌ സാഹിത്യപുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

സമഗ്ര സാഹിത്യസംഭാവനയ്‌ക്കുള്ള പുരസ്‌കാരം പ്രൊഫ. എം കെ സാനു ഏറ്റുവാങ്ങി. യുവസാഹിത്യ പ്രതിഭാപുരസ്‌കാരം ഡോ. രശ്‌മി ജി അനിലിനും തെരുവുനാടകമത്സര ജേതാക്കൾക്കുള്ള പുരസ്‌കാരം പയ്യന്നൂർ സൗഹൃദ കുടുംബവേദി, കല്ലിയൂർ ജാലകം തിയറ്റേഴ്‌സ്‌, പേരൂർക്കട ബാലസംഘം വേനൽത്തുമ്പി നാടകസംഘം എന്നിവയ്‌ക്കും നൽകി.

ട്രസ്റ്റ്‌ ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു സ്വാഗതവും കണയന്നൂർ താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്‌ നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, പി ജിയുടെ മകൾ ആർ പാർവതീദേവി, പി കെ രാജ്‌മോഹനൻ, ഡോ. പി എസ്‌ ശ്രീകല, എം ആർ സുരേന്ദ്രൻ, ജി എൽ അരുൺ ഗോപി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top