കൊല്ലം
നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ മത്സരിക്കാൻ ആഗ്രഹിക്കുന്ന കൊല്ലം സീറ്റിൽ കണ്ണുംനട്ട് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്. കഴിഞ്ഞതവണ പരാജയപ്പെട്ട ചെങ്ങന്നൂരിൽ താൽപ്പര്യമില്ലെന്ന് ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ കൊല്ലം സീറ്റിന്റെ പേരിൽ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നു. ഐ ഗ്രൂപ്പുകാരായ ഡിസിസി പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനും തമ്മിലായിരുന്നു ഇതുവരെ പോരെങ്കിൽ ഇപ്പോൾ എ, ഐ ഗ്രൂപ്പുകൾ തമ്മിലായി.
കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന്റെ പിന്തുണ വിഷ്ണുനാഥിനാണ്. കഴിഞ്ഞതവണ മത്സരിച്ച സൂരജ് രവിയും കൂട്ടരും എ ഗ്രൂപ്പിന്റെ പുതിയ നീക്കത്തിൽ അസ്വസ്ഥരാണ്. വി എം സുധീരന്റെ അനുയായിരുന്ന സൂരജ് രവി അടുത്തിടെയാണ് എ ഗ്രൂപ്പിൽ എത്തിയത്. ഇത് ഉമ്മൻചാണ്ടിയുടെ നിർദേശത്തെ തുടർന്നായിരുന്നു. തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ വിഷ്ണുനാഥിനെ കൈവിട്ടൊരു കളിക്കും ഉമ്മൻചാണ്ടി തയ്യാറാവില്ല. ഇത് അറിയാവുന്ന സൂരജ് രവിയും ഗ്രൂപ്പിൽ ചരടുവലി ആരംഭിച്ചു. വിഷ്ണുനാഥിന്റെ നീക്കം മനസ്സിലാക്കിയ ബിന്ദുകൃഷ്ണ കൊല്ലം ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൊല്ലം കിട്ടിയില്ലെങ്കിൽ കൊട്ടാരക്കരയോ പത്തനാപുരമോ വിഷ്ണുനാഥിന് ആഗ്രഹമുണ്ട്. കൊല്ലം മോഹിച്ച ശൂരനാട് രാജശേഖരൻ തൃശൂർ ജില്ലയിൽ സീറ്റ് തരപ്പെടുത്താനും ശ്രമം തുടങ്ങി. കെപിസിസി ജനറൽ സെക്രട്ടറി ആയിരിക്കെ രാജശേഖരൻ തൃശൂർ ഡിസിസിയുടെ ചുമതല വഹിച്ചിരുന്നു. മത്സരിച്ചിട്ടുള്ളപ്പോഴൊക്കെ പരാജയപ്പെട്ട ശൂരനാട് രാജശേഖരന്റെ സീറ്റ് മോഹത്തിൽ ഐ ഗ്രൂപ്പിലും അസംതൃപ്തിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..