29 February Saturday

ആ സർക്കാരിന്റെ സംഭാവന വലുത് ; കമ്യൂണിസ്റ്റ്‌ പാർടികളുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന്‌ പ്രസക്തി കൂടുതൽ : പി സി ചാക്കോ

പി ആർ ചന്തുകിരൺUpdated: Saturday Jan 25, 2020


ന്യൂഡല്‍ഹി
ആർഎസ്‌എസിന്റെ രാഷ്‌ട്രീയ അജൻഡ നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുമ്പോൾ കമ്യൂണിസ്റ്റ്‌ പാർടികളുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന്‌ പ്രസക്തി കൂടുതലാണെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ പി സി ചാക്കോ പറഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗമടക്കം ഉൾപ്പെട്ട ആദ്യ എൽഡിഎഫ്‌ സർക്കാർ രൂപീകരിച്ചതിന്റെ 40–-ാം വാർഷികവേളയിലാണ്‌, ആ മന്ത്രിസഭയിൽ അംഗമായ പി സി ചാക്കോ യോജിച്ച സമരത്തിന്റെ ആവശ്യകതയിൽ ഊന്നിയത്‌.

"കേരളത്തിലെ കോൺഗ്രസ്‌ രണ്ട്‌ ഗ്രൂപ്പാണ്‌. ഉമ്മൻചാണ്ടി ഗ്രൂപ്പും രമേശ്‌ ചെന്നിത്തല ഗ്രൂപ്പും. ഗ്രൂപ്പുകളുടെ തീരുമാനത്തിന്റെ ആകത്തുകയാണ്‌ പാർടി തീരുമാനം. പാർടിയുടെ രാഷ്‌ട്രീയകാര്യ സമിതിയുടെ ആലോചനയിൽ തീരുമാനം ഉണ്ടാകാത്തതാണ്‌ എൽഡിഎഫുമായി യോജിച്ച പ്രക്ഷോഭം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണം.'-ചാക്കോ പറഞ്ഞു

കേരളത്തിന്റെ വ്യവസായവൽക്കരണത്തിലും പുരോഗതിയിലും മികച്ച സംഭാവന ചെയ്യാൻ 1980ലെ നായനാർ സർക്കാരിന്‌ കഴിഞ്ഞുവെന്ന്‌ ചാക്കോ ഓർക്കുന്നു. ആദ്യമായി ഇന്ത്യയിലെ വ്യവസായ സംരംഭകരുടെ സമ്മേളനം കേരളത്തിൽ നടത്തിയത്‌ അക്കാലത്താണ്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുള്ളിടത്ത്‌ നിക്ഷേപകർ വരില്ലെന്ന പ്രചാരണം നടക്കുന്ന കാലത്താണിത്‌.  നായനാരോട്‌ ജനങ്ങൾക്കുള്ള രാഷ്‌ട്രീയാതീതമായ സ്‌നേഹബന്ധം  മുന്നണിക്ക് ശക്തിയായി. "ഒരിക്കലും യോജിക്കില്ലെന്ന്‌ കരുതിയ കോൺഗ്രസും കമ്യൂണിസ്‌റ്റ്‌ പാർടിയുമാണ് 1980ൽ യോജിപ്പിന്റെ മേഖല കണ്ടെത്തിയത്‌. കോൺഗ്രസിൽനിന്ന്‌ അതിന്‌ മുൻകൈയെടുത്തത്‌ എ കെ ആന്റണിയും ഞാനുമായിരുന്നു. ശാന്തിനഗറിലെ നമ്പർ 10 വസതിയിലെത്തി ഇ എം എസുമായാണ്‌ ആദ്യം ചർച്ച ചെയ്‌തത്. വിയോജിപ്പുള്ളവർ കോൺഗ്രസിലുണ്ടായിരുന്നു. അവർ അവസരം പാർത്തിരിക്കുമ്പോഴാണ്‌ തിരുവനന്തപുരം ഡിസിസി ഓഫീസിൽ ലാത്തിച്ചാർജുണ്ടായത്‌. സർക്കാരിൽനിന്ന്‌ പിൻമാറണമെന്ന യോഗത്തിന്റെ തീരുമാനത്തെ ഞാനും എ സി ഷൺമുഖദാസും എതിർത്തു. രാത്രി 12.30ഓടെ നായനാരെ വിളിച്ചു. നായനാർ ഉറങ്ങിയിരുന്നെങ്കിലും വിളിച്ചുണർത്തി, മന്ത്രിസഭയിൽനിന്ന്‌ പിന്മാറാനാണ്‌ യോഗത്തിന്റെ തീരുമാനമെന്ന്‌ അറിയിച്ചു. 

ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന സങ്കൽപ്പം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുന്ന ഒന്നായിരുന്നുവെന്നും ചാക്കോ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top