25 June Friday

പ്രാണവായു എത്തിക്കാൻ 
ആലുവയിലും ചുമട്ടുതൊഴിലാളികൾ; രാത്രിയിലും സേവനം

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

കൊച്ചി > അർധരാത്രിയിലും ഓക്സിജൻ സിലിൻഡറുകളുടെ കയറ്റിറക്ക് സുഗമമാക്കാൻ ഉറക്കമൊഴിച്ച്‌ ചുമട്ടുതൊഴിലാളികൾ. ആലുവയിൽ രാത്രി 12നുശേഷം സിലിൻഡർ കൈകാര്യം ചെയ്യാൻ കയറ്റിറക്കുതൊഴിലാളികളെ ആവശ്യമുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ആലുവ അസി. ലേബർ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ലേബർ ഓഫീസർ ഇ ജി രാഖി പ്രശ്നത്തിൽ ഇടപെട്ടു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്, ആലുവയിലെ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ സഹായത്തോടെ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തി കയറ്റിറക്ക് സുഗമമാക്കി. പൂർണമായും സൗജന്യമായാണ് തൊഴിലാളികൾ ജോലി ചെയ്‌തത്.

എറണാകുളം നഗരത്തിലും ഓക്‌സിജൻ സിലിൻഡർ നിറച്ച്‌ എത്തിക്കാൻ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സിറ്റി ചുമട്‌ യൂണിറ്റ്‌ തുടരുന്ന സൗജന്യസേവനം വാർത്തയായിരുന്നു. ജില്ലയുടെ മറ്റ് കേന്ദ്രങ്ങളിലും ഓക്സിജൻ സിലിൻഡറുകളുടെ കയറ്റിറക്ക് സുഗമമാക്കാൻ 24 മണിക്കൂറും തൊഴിലാളികൾ ആത്മാർഥമായ സഹകരണമാണ് നൽകുന്നത്.

സിഐടിയു ആലുവ മേഖലാ കമ്മിറ്റിക്കു കീഴിലുള്ള പൂൾ 11 ആശുപത്രിക്കവല യൂണിറ്റിലെ തൊഴിലാളികളായ എസ് എം സുധീർ, പി കെ രജീഷ് കുമാർ, പി കെ രതീഷ് കുമാർ, എം എ സനോജ് എന്നിവരോടൊപ്പം അമ്പത്തഞ്ചുകാരനായ വി ഡി വർഗീസും ചേർന്നാണ് ഓക്സിജൻ സിലിൻഡർ കയറ്റിറക്ക് നടത്തിയത്. തൊഴിൽവകുപ്പിന്റെ സമയോചിത ഇടപെടലിനെയും തൊഴിലാളികളുടെ സേവനത്തെയും കലക്ടർ ഫെയ്സ് ബുക്കിലൂടെ അഭിനന്ദിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top