25 April Thursday

അവയവങ്ങള്‍ കൈനീട്ടമായി; വിഷുദിനത്തില്‍ കവിത മൂന്നു ജീവിതങ്ങള്‍ക്ക് തുണയായി

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

തിരുവനന്തപുരം> വിഷുദിനത്തില്‍ നടന്ന അവയവദാനത്തില്‍ ഹോംനേ‌ഴ്‌സായ അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ ശ്രുതിയും സ്വാതിയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് മൂന്നുപേരുടെ ജീവിതത്തിന് നിറം പകര്‍ന്നു.

കൊല്ലം കിളികൊല്ലൂര്‍ മുസലിയാര്‍ നഗര്‍ 75 പുതുവയലില്‍വീട്ടില്‍ ബി കവിത(48)യുടെ അവയവങ്ങളാണ് തിങ്കളാഴ്ച മൂന്നു പേര്‍ക്ക് ദാനം ചെയ്തത്. കോയമ്പത്തൂരില്‍ ഹോംനേഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന കവിത വീട്ടിലെ കുളിമുറിയില്‍ കാലവഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കവിതയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില വഷളാവുകയായിരുന്നു. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ മരണാനന്തര അവയവദാന നോഡല്‍ ഏജന്‍സിയായ കെ എന്‍ ഒ എസിന്‍റെ (മൃതസഞ്ജീവനി) നേതൃത്വത്തില്‍ അവയവദാനത്തെക്കുറിച്ച് കവിതയുടെ മക്കളായ ശ്രുതിയോടും സ്വാതിയോടും മറ്റ് ബന്ധുക്കളോടും സംസാരിച്ചു. അവര്‍ യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെ സമ്മതംമൂളുകയുമായിരുന്നു. തുടര്‍ന്ന് കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും നല്‍കുകയായിരുന്നു.
 


പ്രധാന വാർത്തകൾ
 Top