26 September Saturday

മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നില്ല; അവയവദാനത്തിന്‌ തിരിച്ചടി

എം ജഷീനUpdated: Friday Aug 14, 2020


കോഴിക്കോട്‌
ഗുരുതരാവസ്ഥയിലുള്ളവരിൽ മസ്‌തിഷ്‌ക മരണമുണ്ടായാൽ  ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയശേഷം ചികിത്സ നിർത്തണമെന്ന സർക്കാർ  ഉത്തരവ്‌  നടപ്പായില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ്‌ മസ്‌തിഷ്‌ക മരണ സ്ഥിരീകരണത്തിന്‌ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്‌ ഉത്തരവിറക്കിയത്‌.  മറ്റൊരു അവയവദാന ദിനംകൂടി കടന്നുപോകുമ്പോഴും ,  സ്വകാര്യ–-സർക്കാർ ആശുപത്രികൾ‌ സ്വയം താൽപ്പര്യമെടുത്ത്‌  ഇത്തരം ഒരു നടപടിയും പൂർത്തീകരിച്ചിട്ടില്ല. 

മസ്‌തിഷ്‌ക മരണം സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ  മാറ്റാനും  മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാനുമായായിരുന്നു സർക്കാർ ‌ഉത്തരവ്‌‌.   അവയവദാനത്തിനായി കുടുംബങ്ങൾ സ്വയം തയ്യാറായിവരുന്ന കേസുകളിൽ മാത്രമാണ്‌ ഇപ്പോൾ  ആശുപത്രികൾ സാക്ഷ്യപ്പെടുത്തുന്നതെന്ന്‌ ‌ കേരള നെറ്റ്‌വർക്ക്‌ ഫോർ ഓർഗൻ ഷെയറിങ്‌(മൃതസഞ്ജീവനി) നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്‌ പറഞ്ഞു.  വാഹനാപകടത്തിൽ പരിക്കേറ്റവരിലോ മറ്റ്‌ ചില അസുഖമുള്ളവരിലോ മസ്‌തിഷ്‌ക മരണം സംഭവിച്ചാൽ കുടുംബത്തെ അറിയിച്ച്‌  സർക്കാർ എംപാനൽ ചെയ്‌ത ഡോക്ടർമാരെ ഉൾപ്പെടുത്തി സ്ഥിരീകരണ നടപടികൾ പൂർത്തിയാക്കണമെന്നാണ്‌ ഉത്തരവ്‌. മരണം ഉറപ്പാക്കിയാൽ മറ്റ്‌ ചികിത്സകളെല്ലാം നിർത്തണം. കുടുംബങ്ങൾക്ക്‌ അവയവ ദാനത്തിന്‌ താൽപ്പര്യമുണ്ടെങ്കിൽ നടപടികളുമായി മുന്നോട്ടുപോകാം. ഈ വർഷം അവയവദാനം നടന്ന 10 കേസുകളിലല്ലാതെ മറ്റ്‌ മസ്‌തിഷ്‌ക സ്ഥിരീകരണ റിപ്പോർട്ടുകളൊന്നും ആശുപത്രികളിലെ ട്രാൻസ്‌പ്ലാന്റ്‌ കോ–-ഓർഡിനേറ്റർമാർ  കെഎൻഒഎസിന്‌  കൈമാറിയിട്ടില്ല. 

ജീവൻ  കിട്ടില്ലെന്ന്‌ ഉറപ്പായിട്ടും  വെന്റിലേറ്ററിൽ കുറച്ചുദിവസംകൂടി  പിഴിയുന്ന അവസ്ഥയാണിപ്പോഴും.
സംസ്ഥാനത്ത്‌ നല്ല രീതിയിൽ മുന്നേറിയ മരണാനന്തര അവയവദാനത്തിന്‌ ദുഷ്‌പ്രചാരണങ്ങളും തിരിച്ചടിയായി.  അവയവ കച്ചവട മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും  മസ്‌തിഷ്‌ക മരണം മനഃപൂർവം സൃഷ്‌ടിക്കുന്നതാണെന്നുമായിരുന്നു പ്രചാരണം.  ഒരുവർഷം ശരാശരി നടക്കുന്ന  4,000  അപകട മരണങ്ങളിൽ 10 ശതമാനവും മസ്‌തിഷ്‌ക മരണമാണ്‌. എന്നാൽ ഇതൊന്നും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല. ഇതൊഴിവാക്കാനും മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാനുമാണ്‌  മസ്‌തിഷ്‌ക മരണ സ്ഥിരീകരണം നിർബന്ധമാക്കി ഉത്തരവിട്ടത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top