09 June Friday
ഉത്തരംമുട്ടുമ്പോൾ കുടുംബത്തിന്‌ പഴി

അരങ്ങേറിയത്‌
 തേർവാഴ്ച , അവകാശം നിഷേധിച്ചെന്നത്‌ കള്ളം ; കളങ്കമായി പ്രതിപക്ഷം

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023


തിരുവനന്തപുരം
സ്പീക്കർ തങ്ങളുടെ അവകാശം നിഷേധിച്ചെന്ന്‌ കള്ളം പറഞ്ഞ്‌    ബുധനാഴ്‌ച പ്രതിപക്ഷം നിയമസഭയിൽ നടത്തിയത്‌  ആസൂത്രിത തേർവാഴ്‌ച. പ്രതിപക്ഷത്തിന്റെ ഒരു അവകാശവും സ്‌പീക്കർ നിഷേധിച്ചിരുന്നില്ല. ഒമ്പതിന്‌ നടന്ന സംഭവത്തിൽ 15ന്‌ അടിയന്തര പ്രമേയം  അവതരിപ്പിക്കാൻ ശ്രമിച്ചതിലെ ചട്ടവിരുദ്ധതയും അടിയന്തര പ്രാധാന്യമില്ലായ്‌മയും ചൂണ്ടിക്കാട്ടിയാണ്‌ സ്‌പീക്കർ അവതരണാനുമതി നിഷേധിച്ചത്‌. വിഷയം ആദ്യ സബ്‌മിഷനായി അനുവദിക്കാമെന്ന്‌ അറിയിച്ചിട്ടും അവ തള്ളി കലാപത്തിന്‌ കോപ്പു കൂട്ടുകയായിരുന്നു. സഭാ സമുച്ചയത്തിനുള്ളിലും പുറത്തും കലാപ സൃഷ്ടിയായിരുന്നു ലക്ഷ്യം.

സഭയുടെ ചരിത്രത്തിൽ മുമ്പില്ലാത്ത ക്രൂരമായ ആക്രമണമാണ്‌ പ്രതിപക്ഷം അഴിച്ചുവിട്ടത്‌. സഭാ നടപടികൾ അവസാനിപ്പിച്ച സ്‌പീക്കറെ ചേമ്പറിലേക്ക്‌ കടക്കാൻ അനുവദിക്കാതെ ഉപരോധിച്ചു. അര മണിക്കൂറോളമാണ്‌ അദ്ദേഹത്തെ തടഞ്ഞുവച്ചത്‌. കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. സ്‌പീക്കർക്ക്‌ ചേമ്പറിലേക്ക്‌ പോകാൻ വഴിയൊരുക്കുന്നതിനിടെ വാച്ച്‌ ആൻഡ്‌ വാർഡിന്‌ കൊടിയ മർദനമേറ്റു. കേട്ടാലറയ്‌ക്കുന്ന അസഭ്യവർഷവും പ്രതിപക്ഷ അംഗങ്ങളിൽനിന്നുണ്ടായി.

സഭയിൽ ഒരംഗം പാലിക്കേണ്ട ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയുള്ള തേർവാഴ്‌ചയാണ്‌ ബുധനാഴ്‌ച നടന്നത്‌. ഇത്‌  പ്രതിപക്ഷ അംഗങ്ങളും പ്രതിപക്ഷ നേതാവിന്റെയും അംഗങ്ങളുടെയും സ്‌റ്റാഫും ഫോണിലൂടെ ലൈവായി സംപ്രേഷണം ചെയ്‌തു.

എന്നാൽ ഭരണകക്ഷി അംഗങ്ങളുടെ ഭാഗത്തുനിന്ന്‌ ഒരു  പ്രകോപനവുമുണ്ടായിട്ടില്ല. സമ്മേളനം അവസാനിച്ചിട്ടും അരമണിക്കൂറോളം സ്‌പീക്കർക്ക്‌ സഭയ്‌ക്കുള്ളിൽത്തന്നെ ഇരിക്കേണ്ടിവന്നു. അവസാനം വാച്ച്‌ ആൻഡ്‌ വാർഡ്‌ ഉണ്ടാക്കിയ സ്ഥലസൗകര്യത്തിലൂടെ സ്‌പീക്കർക്ക്‌ ചേമ്പറിലേക്ക്‌ കടക്കാനുള്ള അവസരമൊരുക്കുക മാത്രമാണ്‌ ഭരണകക്ഷി അംഗങ്ങൾ ചെയ്‌തത്‌. സ്‌പീക്കറെ തടയുന്ന സ്ഥിതിയുണ്ടായാൽ ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധിക്കാറുണ്ട്‌. അത്തരം പ്രതിഷേധം പോലും ഉണ്ടാകാതിരിക്കാൻ പാർലമെന്ററി മന്ത്രി കെ രാധാകൃഷ്‌ണൻ അടക്കമുള്ള മുതിർന്ന അംഗങ്ങൾ മുന്നിൽത്തന്നെനിന്നു. അരമണിക്കൂറോളം വാച്ച്‌ ആൻഡ്‌ വാർഡിനെ പ്രതിപക്ഷം ആക്രമിക്കുമ്പോഴും ഭരണകക്ഷി അംഗങ്ങൾ സംയമനത്തിലായിരുന്നു. ഒരു പ്രതിപക്ഷ അംഗത്തെയും ഭരണകക്ഷി അംഗങ്ങൾ ആക്രമിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരു ദൃശ്യവും ആരും ഇതുവരെ ഹാജരാക്കിയിട്ടുമില്ല. സഭ അന്തസ്സ്‌ പാലിച്ച്‌ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാകണമെന്നതുമാത്രമാണ്‌ സർക്കാർ നിലപാടെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.


 

നൽകിയത്‌ പരമാവധി അവസരം
സ്പീക്കർ തങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന പ്രതിപക്ഷ  ആരോപണം കഴമ്പില്ലാത്തത്‌. നിയമസഭയുടെ നടപടിച്ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഭരണഘടനാ വ്യവസ്ഥകളും പാലിച്ചാണ്‌ ഓരോ സ്പീക്കർമാരുടെയും ഇടപെടൽ. അതിൽ വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും പ്രതിപക്ഷം നുണക്കോട്ട കെട്ടുകയാണ്‌.

എ എൻ ഷംസീർ സ്പീക്കറായി ചുമതലയേറ്റ ശേഷവും ചട്ടങ്ങളും ഭരണഘടനാ വ്യവസ്ഥകളും നടപടിച്ചട്ടങ്ങളും മുൻ സ്പീക്കർമാരുടെ റൂളിങ്ങുമെല്ലാം അടിസ്ഥാനമാക്കിയാണ്‌ പ്രവർത്തിക്കുന്നത്‌. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിച്ചില്ലെന്ന്‌ മാത്രമല്ല, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നാല്‌ തവണയാണ്‌ സഭ നിർത്തിവച്ച്‌ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുത്തത്‌.
നിയമസഭാ നടപടി ചട്ടം 50 പ്രകാരമാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകുന്നത്‌. 51, 52 ചട്ടമനുസരിച്ചാണ്‌ സ്പീക്കർ ഇതിന്‌ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യുന്നത്‌. 

സമാനസ്വഭാവമുള്ള പ്രമേയം ഒന്നിലധികം തവണ അവതരിപ്പിക്കരുത്‌. ഒന്നിലധികം വിഷയങ്ങൾ പാടില്ല,  അടുത്ത കാലത്തുണ്ടായ ഒരു പ്രത്യേക സംഗതിയെക്കുറിച്ച്‌ മാത്രമായിരിക്കണം, വാദങ്ങളോ അഭ്യൂഹങ്ങളോ ആരോപണങ്ങളോ അപകീർത്തികരമായ പ്രയോഗങ്ങളോ പാടില്ല, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യനിലയിലോ അല്ലാതെയുള്ള സ്വഭാവത്തെയോ നടപടിയെയോ കുറിച്ച്‌ പരാമർശിക്കാൻ പാടില്ല, ഇന്ത്യയിൽ ഏതെങ്കിലും കോടതിയിൽ കേസ്‌ നിലനിൽക്കുന്ന വിഷയമാകരുത്‌ തുടങ്ങി പത്ത്‌ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അടിയന്തര പ്രമേയത്തിന്‌ അനുമതി.

അടുത്ത ദിവസങ്ങളിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ ഈ പരിഗണനയ്‌ക്ക്‌ പുറത്ത്‌ വരുന്നതായിരുന്നു.  ബുധനാഴ്‌ച പ്രതിപക്ഷം നോട്ടീസ്‌ നൽകിയ  കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ്‌ സ്വമേധയാ നടപടിയെടുത്തതാണ്‌. അറസ്‌റ്റ്‌ ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

സ്വർണക്കടത്ത്‌, എ കെ ജി സെന്റർ ആക്രമണം, വിഴിഞ്ഞം സമരം, കെ–-റെയിൽ വിഷയങ്ങളിൽ സഭ നിർത്തിവച്ച്‌ ചർച്ച ചെയ്‌തിരുന്നു. മുഖ്യമന്ത്രി  ഈ വിഷയത്തിൽ മറുപടിയും നൽകി. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ്‌ വി ഡി സതീശനും കൂട്ടരും സ്പീക്കർ തങ്ങളുടെ അവകാശം ഹനിക്കുന്നുവെന്ന മട്ടിൽ പ്രചാരണം നടത്തുന്നത്‌. ഒരുവിഭാഗം മാധ്യമങ്ങളും ഇതിന്‌ കൂട്ടായുണ്ട്‌.

ചട്ടം മറന്ന്‌ പ്രതിപക്ഷം , സമാന്തര സഭ 
നിയമവിരുദ്ധം
അവകാശങ്ങളെക്കുറിച്ച്‌ നിരന്തരം വാചാലനാകുന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കൂട്ടരും സഭയ്‌ക്കകത്ത്‌ പെരുമാറ്റച്ചട്ടം മറക്കുന്നു. നിയമസഭ നടന്നുകൊണ്ടിരിക്കെ നടുത്തളത്തിൽ സമാന്തര സഭ സംഘടിപ്പിച്ചത്‌ പെരുമാറ്റച്ചട്ടത്തിന്‌ വിരുദ്ധമാണ്‌. സ്പീക്കർ സംസാരിക്കുമ്പോൾ സ്വസ്ഥാനത്ത്‌ ഇരിക്കണമെന്നാണ്‌ ചട്ടമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിപക്ഷ നേതാവ്‌ അട്ടഹാസവും പരിഹാസവുമായി നിൽക്കുന്ന കാഴ്‌ചയാണ്‌ സഭ കണ്ടത്‌.

സഭയുടെ പ്രവർത്തനം സംബന്ധിച്ചല്ലാതെ ഏതെങ്കിലും സാഹിത്യ രചന, ചോദ്യാവലികൾ, ലഘുലേഖകൾ, പത്രക്കുറിപ്പുകൾ, ലീഫ്‌ലെറ്റുകൾ മുതലായവ സഭയ്‌ക്കുള്ളിൽ കൊണ്ടുവരാൻ പാടില്ല, സഭയ്‌ക്കുള്ളിലോ സഭയുടെ അതിർത്തിക്കുള്ളിലോ എവിടെയെങ്കിലും സത്യഗ്രഹമിരിക്കാനോ ധർണ നടത്താനോ പാടില്ല, മൊബൈൽ ഫോൺ ഉപയോഗിക്കരുത്‌, വ്യക്തിപരമായ പരാമർശങ്ങൾ അരുത്‌, നിയമസഭയുടെ നടത്തിപ്പിനെക്കുറിച്ച്‌ നിന്ദ്യ പരാമർശങ്ങൾ പാടില്ല, സഭയുടെ കാര്യങ്ങൾ തടസ്സപ്പെടുത്താനായി തന്റെ പ്രസംഗ സ്വാതന്ത്ര്യം ഉപയോഗിക്കരുത്‌, അധ്യക്ഷന്റെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ എഴുതിയ പ്രസംഗം വായിക്കാൻ പാടില്ല തുടങ്ങി നിരവധി പെരുമാറ്റച്ചട്ടങ്ങൾ അംഗങ്ങൾ പാലിക്കണം.

ഇവയെല്ലാം കാറ്റിൽപ്പറത്തിയാണ്‌ പ്രതിപക്ഷ നേതാവടക്കം സഭയിൽ പെരുമാറുന്നത്‌. കഴിഞ്ഞദിവസം നിയമസഭയ്‌ക്കുള്ളിൽ നടത്തിയ സമാന്തര നിയമസഭ ഇതിന്‌ തികഞ്ഞ ഉദാഹരണമാണ്‌. സഭയ്‌ക്കുള്ളിൽ മറ്റൊരു മുഖ്യമന്ത്രിയെയും സ്പീക്കറെയുമെല്ലാം സൃഷ്ടിച്ചത്‌ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്‌. അധ്യക്ഷന്റെ മുൻകൂട്ടിയുള്ള അനുമതി കൂടാതെ ഒന്നും എഴുതി വായിക്കാൻപോലും അനുവാദമില്ലെന്നിരിക്കെയാണ്‌ സമാന്തരമായി അടിയന്തരപ്രമേയം അവതരിപ്പിച്ചത്‌. മൊബൈൽ ഫോൺ ഉപയോഗത്തിനുപോലും വിലക്കുള്ളിടത്ത്‌ ദൃശ്യങ്ങൾ ചിത്രീകരിച്ച്‌ മാധ്യമങ്ങൾക്ക്‌ എത്തിച്ചുനൽകി. ഇത്‌ പ്രതിപക്ഷ നേതാവുതന്നെ സഭയിൽ സമ്മതിച്ചു.

ഉത്തരംമുട്ടുമ്പോൾ കുടുംബത്തിന്‌ പഴി
നിയമസഭയിൽ ഉത്തരംമുട്ടുമ്പോൾ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും സംഘത്തിന്റെയും പതിവ്‌  ആയുധം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബങ്ങളെ അധിക്ഷേപിക്കൽ. മുമ്പ്‌ നിയമസഭ കാണാത്ത രീതിക്കാണ്‌ സതീശൻ തുടക്കമിട്ടത്‌. തെളിവുകൾ സഹിതം മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയുമ്പോൾ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൊളിയാറുണ്ട്‌. അതിന്റെ ജാള്യം മറയ്ക്കാനാണ്‌ വ്യക്ത്യാധിക്ഷേപവും കുടുംബത്തെ പഴിക്കലും. സതീശനും മാത്യു കുഴൽനാടനും നിരന്തരമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബത്തെ വലിച്ചിഴയ്‌ക്കുന്നു. 

മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയടക്കം രാഷ്‌ട്രീയ ആരോപണങ്ങൾ അനവധി ഉന്നയിക്കാറുണ്ടെങ്കിലും മന്ത്രിമാരുടെ കുടുംബങ്ങളെക്കുറിച്ച്‌ അനാവശ്യങ്ങൾ പറയാറില്ല. യുഡിഎഫിലെ ഘടക കക്ഷികളിൽനിന്നും കോൺഗ്രസിലെതന്നെ മുതിർന്ന നേതാക്കളിൽനിന്നും സതീശനെതിരെ എതിർപ്പ്‌ ഉയരുന്നുണ്ട്‌. പ്രതിപക്ഷം പോരെന്നും വേണ്ടത്ര പഠിച്ച്‌ വിഷയങ്ങൾ കൊണ്ടുവരുന്നില്ലെന്നുമുള്ള വിമർശങ്ങൾക്ക്‌ മറുപടിയായാണ്‌ ഇപ്പോഴത്തെ കാരണമില്ലാത്ത കോലാഹലങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top