18 June Friday

തോരാമഴയിലും കൊച്ചി നഗരത്തിന്‌ ആശ്വാസമായി ബ്രേക് ത്രൂ

സ്വന്തം ലേഖകൻUpdated: Sunday May 16, 2021

കൊച്ചി > രണ്ടുപകലും രാത്രിയും നിന്നുപെയ്‌ത മഴയിലും വെള്ളക്കെട്ടിൽ മുങ്ങാതെ കൊച്ചി നഗരം. 2019 ഒക്‌ടോബർ 21ന്‌ എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ വോട്ടെടുപ്പുദിനത്തിൽ കോരിച്ചൊരിഞ്ഞ മഴയുടെ നാലിരട്ടിയാണ്‌ കഴിഞ്ഞ രാപകൽ നഗരത്തിൽ പെയ്‌തിറങ്ങിയത്‌. എന്നിട്ടും നഗരത്തിൽ പതിവായി വൻ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളൊന്നും മുങ്ങിയില്ല. വെള്ളം പൊങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ അതിവേഗം വെള്ളം ഒഴുക്കിക്കളയാനും കഴിഞ്ഞു. 2019ലെ വെള്ളക്കെട്ടിനെ തുടർന്ന്‌ സംസ്ഥാന സർക്കാർ നേരിട്ട്‌ ഇടപെട്ട്‌ നഗരത്തിൽ നടപ്പാക്കിയ ബ്രേക്‌‌ത്രൂ പദ്ധതിയാണ്‌ നഗരത്തിന്റെ തീരാശാപമായിരുന്ന വെള്ളക്കെട്ടിന്‌ വലിയൊരളവ്‌ പരിഹാരം ഉണ്ടാക്കിയത്‌.

മുൻ കൗൺസിൽ നടപ്പാക്കിയ പേരണ്ടൂർ കനാൽ നവീകരണമുൾപ്പെടെ ഉദ്ദേശിച്ച ഫലം കാണാത്തതിനാൽ പി ആൻഡ്‌ ടി കോളനി, കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ പരിസരം, കർഷക റോഡ്‌, പനമ്പിള്ളി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഇക്കുറിയും വെള്ളം കയറി. വലിയ മോട്ടോർ ഉപയോഗിച്ച്‌ പമ്പിങ് നടത്തിയാണ്‌ അവിടങ്ങളിൽനിന്ന്‌ വെള്ളം ഒഴുക്കിക്കളഞ്ഞത്‌. മുല്ലശേരി കനാൽ, കാരണക്കോടം തോട് എന്നിവയുടെ വിവിധ പ്രദേശങ്ങളിലും ജഡ്ജസ് അവന്യൂ, കലൂർ, മെട്രോ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലും വലിയ പമ്പുസെറ്റ്‌ ഉപയോഗിച്ച്‌ വെള്ളം അടിച്ചുകളഞ്ഞു.

മുല്ലശേരി കനാൽ ഉൾപ്പെടെ ഏതാനും തോടുകളുടെ നവീകരണം ഇനിയും നടക്കാത്തതും പെട്ടിയും പറയുംപോലുള്ള സംവിധാനങ്ങൾ ഒഴിവാക്കിയതുമാണ്‌ ഇപ്പോഴുണ്ടായ വെള്ളക്കെട്ടിന്‌ കാരണമെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. പെട്ടിയും പറയും പുനഃസ്ഥാപിക്കാനും മുല്ലശേരി കനാൽ നവീകരണം ഉൾപ്പെടെ നടത്താനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ വെള്ളക്കെട്ടുനിവാരണത്തിന്‌ മുൻ കൗൺസിലിന്റെ കാലത്ത്‌ 60 കോടിയോളം രൂപയാണ്‌ ചെലവഴിച്ചത്‌. എന്നിട്ടും എറണാകുളം ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ദിവസം പകൽ പെയ്‌ത മഴയിൽ നഗരം അപ്പാടെ വെള്ളത്തിലായി. പ്രധാന റോഡുകളും ജനവാസകേന്ദ്രങ്ങളും വെള്ളത്തിനടിയിലാകുകയും ഗതാഗതവും വൈദ്യുതിയും തകരാറിലാകുകയും ചെയ്‌തിട്ടും നഗരഭരണം ഉണർന്നില്ല. പരിഹാരമില്ലാത്ത മണിക്കൂറുകൾ നീണ്ടപ്പോഴാണ്‌ സംസ്ഥാന സർക്കാർ പരിഹാരനടപടികളുമായി നേരിട്ട്‌ ഇടപെട്ടത്‌. ജില്ലാ ഭരണവും ദുരന്തനിവാരണ അതോറിറ്റിയും നേതൃത്വം നൽകിയ പ്രവർത്തനത്തിലൂടെ മണിക്കൂറുകൾക്കകം നഗരം വെള്ളത്തിൽനിന്ന്‌ കരകയറി. തുടർന്നാണ്‌ സമഗ്ര വെള്ളക്കെട്ടുനിവാരണത്തിനായി ബ്രേക്‌ത്രൂ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയത്‌.

നഗരത്തിലെ ചെറുതും വലുതുമായ തോടുകളുടെ പുനരുദ്ധാരണവും കായലിലേക്കും പുഴയിലേക്കും സുഗമമായ നീരൊഴുക്കും ഉറപ്പാക്കിയതിലൂടെ വെള്ളക്കെട്ട്‌ എന്നെന്നേക്കുമായി ഒഴിഞ്ഞു. കഴിഞ്ഞവർഷം ജൂലൈ 31ന്‌ കനത്ത മഴ പെയ്‌തെങ്കിലും ബ്രേക്‌ത്രൂ പദ്ധതി ഫലംകണ്ടതിനാൽ നഗരത്തിലെങ്ങും വെള്ളം പൊങ്ങിയില്ല. മഴതോർന്ന്‌ മണിക്കൂറുകൾക്കകം ചില പ്രദേശങ്ങളിലൊഴികെ എല്ലായിടത്തുനിന്നും വെള്ളം ഒഴുകിപ്പോയി സാധാരണനിലയിലായി. 2019ൽനിന്ന്‌ വ്യത്യസ്‌തമായി കടലിൽ 80 സെന്റിമീറ്റർവരെ വെള്ളം ഉയർന്നപ്പോഴായിരുന്നു ഇതെന്നതും ശ്രദ്ധിക്കപ്പെട്ടു. 2019 ഒക്‌ടോബർ 21ന്‌ കൊച്ചിയിൽ 199 സെന്റിമീറ്റർ മഴയാണ്‌ പെയ്‌തത്‌. 2020 ജൂലൈയിൽ 154 സെന്റിമീറ്ററും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top