20 June Sunday
ചെന്നിത്തലയെ ലക്ഷ്യമിട്ട്‌ നീങ്ങാൻ എ ഗ്രൂപ്പ്‌ ; തിരുവഞ്ചൂരിനെ പ്രതിപക്ഷ നേതാവാക്കാനും നീക്കം

ഗ്രൂപ്പ്‌ യോഗം വിളിച്ച്‌ 
ഉമ്മൻചാണ്ടി ; തിരിച്ചടിക്കാൻ ഐ വിഭാഗം

പ്രത്യേക ലേഖകൻUpdated: Thursday May 6, 2021


തിരുവനന്തപുരം
തെരഞ്ഞെടുപ്പിൽ തറപറ്റിയിട്ടും നേതൃമാറ്റത്തിനായി കോൺഗ്രസിൽ ഗ്രൂപ്പുകളുടെ പടയൊരുക്കം ശക്തം. ഉമ്മൻചാണ്ടി നേരിട്ടിറങ്ങി തിരുവനന്തപുരത്ത്‌ എ ഗ്രൂപ്പ്‌ യോഗം വിളിച്ചു. രമേശ്‌ ചെന്നിത്തലയെ ലക്ഷ്യമിട്ട്‌ നീങ്ങാനാണ്‌  തീരുമാനം. ചെന്നിത്തലയുടെ നേതൃത്വത്തിൽ ബദൽ നീക്കങ്ങളും നടക്കുന്നുണ്ട്‌. 

വെള്ളിയാഴ്‌ച ചേരുന്ന  രാഷ്ട്രീയകാര്യസമിതി യോഗത്തിൽ മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും നിർത്തിപ്പൊരിക്കും. ഇരുവരെയും പുകച്ചു ചാടിക്കാനുള്ള തന്ത്രങ്ങൾ ആര്യാടൻ മുഹമ്മദാണ്‌ ആസൂത്രണം ചെയ്യുന്നത്‌.  സമ്മർദം  ശക്തമാക്കി ഗ്രൂപ്പ് നേതൃത്വങ്ങൾ ഇറങ്ങിയതോടെ കോൺഗ്രസിലെ പ്രതിസന്ധി മുറുകി.

ആര്യാടന്റെ  സുഹൃത്തിന്റെ കവടിയാറിലെ ഫ്ളാറ്റിലാണ്‌ ഉമ്മൻചാണ്ടി, എം എം ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെ സി ജോസഫ്‌, കെ ബാബു, തമ്പാനൂർ രവി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത്‌ എ ഗ്രൂപ്പ്‌ യോഗം ചേർന്നത്‌. ആര്യാടന്റെ അസുഖവിവരം തിരക്കി എത്തിയെന്നായിരുന്നു വിശദീകരണം.

കെപിസിസി, നിയമസഭാകക്ഷി നേതൃപദവികളിൽ അഴിച്ചുപണിയെന്ന ആവശ്യം രാഷ്ട്രീയകാര്യസമിതി യോഗത്തിലുന്നയിക്കാനാണ് എ ഗ്രൂപ്പ്‌ ധാരണ. തോൽവിയുടെ ഉത്തരവാദിത്തം ഒരാൾക്കല്ലെന്നും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും തുല്യമെന്നുമാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ.  ഇരുവരും മാറി പുതിയവർ വരട്ടെയെന്നാണ് ചർച്ചയിലെ ധാരണ.

പ്രതിപക്ഷ നേതൃപദവിയിൽനിന്ന്‌  ചെന്നിത്തല മാറിനിൽക്കേണ്ടെന്നാണ്‌ ഐ ഗ്രൂപ്പിലെ വികാരം. ചെന്നിത്തല മാറിയാൽ പകരം വി ഡി സതീശനെ അവരോധിക്കാനാണ്‌  ഐ ഗ്രൂപ്പ്‌ നീക്കം. തിരുവഞ്ചൂരിനെ ആ പദവിയിലെത്തിക്കാനാണ്‌ ഉമ്മൻചാണ്ടിയുടെ നീക്കം.  മുല്ലപ്പള്ളി രാമചന്ദ്രനെ ഉറക്കംതൂങ്ങിയെന്നും മറ്റും ആക്ഷേപിച്ച്‌ പുറത്തുചാടിക്കാനാണ്‌ ഐ ഗ്രൂപ്പ്‌ ശ്രമം. ഒരു ഗ്രൂപ്പിലുംപെടാത്ത മുല്ലപ്പള്ളിയെ ഹൈക്കമാൻഡും കൈവിട്ടു.

തോൽവിയുടെ പേരിൽ മുല്ലപ്പള്ളിക്കെതിരെ സംഘടിതനീക്കമാണ് നടക്കുന്നത്‌. ഹൈക്കമാൻഡിലും ഇതിൽ അതൃപ്തിയില്ലാതില്ല. ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയ മുല്ലപ്പള്ളി, രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ വികാരമറിയാനും കാത്തിരിക്കുന്നു.  കെ മുരളീധരൻ വീണ്ടും മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതിക്കും തോൽവിയുടെ ഉത്തരവാദിത്തമുണ്ടെന്ന്‌ തിരിച്ചടിക്കാനാണ്‌ മുല്ലപ്പള്ളിയുടെ നീക്കം.

ഐ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയുമായി  ആശയവിനിമയം നടത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റ്‌ സ്ഥാനം നോട്ടമിട്ട കെ സുധാകരൻ  കരുതലോടെയാണ് പ്രതികരിച്ചത്.  സുധാകരൻ പ്രസിഡന്റാവുന്നതിനോട്‌  ചെന്നിത്തലയ്‌ക്കും എ ഗ്രൂപ്പിനും എതിർപ്പാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top