12 November Tuesday

സർവകലാശാലകളിൽ ഫയൽ അദാലത്ത്‌ ആരംഭിച്ചത്‌ ഉമ്മൻചാണ്ടി; ചട്ടവിരുദ്ധമായി പങ്കെടുത്ത് അക്കാദമികകാര്യങ്ങളില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

തിരുവനന്തപുരം >  സർവകലാശാലകളിൽ ഫയൽ അദാലത്ത്‌ ആരംഭിച്ചത്‌ ഉമ്മൻചാണ്ടിയുടെ കാലത്ത്‌. എംജി സർവകലാശാലയിൽ ആദ്യമായി ഫയൽ അദാലത്ത്‌ നടന്നത്‌ 2014 സെപ്‌തംബർ അഞ്ചിനാണ്‌. വിദ്യാർഥി സമ്പർക്കപരിപാടി എന്ന പേരിൽ നടത്തിയ പരിപാടിയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പങ്കെടുത്തിരുന്നു.




 മോഡറേഷൻ, ഇന്റേണൽ റീഡൂ എന്നിവ അനുവദിക്കാനുള്ള അപേക്ഷകൾ, സിലബസ്‌ മാറിയതിനാൽ മേഴ്‌സി ചാൻസ്‌ പരീക്ഷകൾ നടത്താനുള്ള അപേക്ഷകൾ, റീവാലുവേഷൻ സംബന്ധിച്ച പരാതികൾ, ഗ്രേസ്‌ മാർക്കുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ, തടഞ്ഞുവച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾ,  ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നൽകാനുള്ള അപേക്ഷകൾ എന്നിവയാണ്‌ അന്ന്‌ അദാലത്തിൽ പരിഗണിച്ചത്‌.





 2017 ഡിസംബറിലും 2019 ഫെബ്രുവരിയിലും വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുത്ത അദാലത്തുകൾ നടത്തിയിരുന്നു. ഇവയിലും ഉമ്മാൻചാണ്ടി പങ്കെടുത്ത അദാലത്തിന്റെ നടപടിക്രമങ്ങളാണ്‌ ബാധകമായിരുന്നത്‌. സിന്‍ഡിക്കേറ്റ് ഉപസമിതി കണ്‍വീനര്‍മാരായി നിര്‍വ്വഹണസമിതി രൂപീകരിക്കുകയും ഈ സമിതിയ്ക്ക് അദാലത്ത് ദിവസവും അതിന്റെ തലേദിവസം പരാതികള്‍ തീര്‍പ്പാക്കുന്നതിനായി സിന്‍ഡിക്കേറ്റിന്റെ അധികാരങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചിരുന്നു.

  തീരുമാനങ്ങള്‍ 2019 ഫെബ്രുവരി 22ന്‌ നടന്ന അദാലത്തിനും ബാധകമായിരുന്നു. ഇതുകൂടാതെ അക്കാദമിക കൗണ്‍സിലിന്റെ സ്റ്റാന്‍ഡിംങ്‌ കമ്മിറ്റി ആയ ഡീന്‍സ് കമ്മിറ്റി  അദാലത്തുകളിലെല്ലാം സന്നിഹിതരാവുകയും തീരുമാനങ്ങളെല്ലാംതന്നെ ഡീന്‍സ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി കൈക്കൊള്ളുകയുമാണുണ്ടായത്.





എംജി യൂണിവേഴ്സിറ്റി ആക്ട്‌ ചാപ്റ്റര്‍ 3 പ്രകാരം ചാൻസലറായ ഗവർണറും പ്രോ‐ചാൻസലറായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ്‌ സർവകലാശാല അധികാരികൾ. ചാന്‍സലറുടെ അഭാവത്തില്‍ പ്രോ‐ചാന്‍സലര്‍ക്ക് ചാന്‍സിലറില്‍ നിക്ഷിപ്തമായ എല്ലാ അധികാരവും വിനിയോഗിക്കാന്‍ എംജി യൂണിവേഴ്സിറ്റി ആക്ട് (3) സെക്ഷന്‍ 11 (ii) അധികാരം നല്‍കുന്നു. എന്നാല്‍ സർവകലാശാല നിയമത്തില്‍‌ ഒരിടത്തും മുഖ്യമന്ത്രി സർവകലാശാല അധികാരികളുടെ ഗണത്തില്‍പ്പെടുന്നില്ല.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദാലത്തില്‍ പങ്കെടുത്ത് അക്കാദമികകാര്യങ്ങളില്‍ തീരുമാനമെടുക്കുകയും വിദ്യാർഥികള്‍ക്ക് ആനുകൂല്യം നല്‍കുകയും ചെയ്തു. സർവകലാശാലാ നിയമപ്രകാരം അധികാരമില്ലാതെ അക്കാദമിക കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട് ഉമ്മന്‍ചാണ്ടി അദാലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ചട്ടവിരുദ്ധമാണ്.

 

 


പ്രധാന വാർത്തകൾ
 Top