19 September Saturday
ആർഎസ്‌എസുകാർക്കെതിരായ കേസ്‌ പിൻവലിച്ചത്‌ താനല്ല, ഉമ്മൻചാണ്ടിയാണെന്ന്‌ ചെന്നിത്തല

ആർഎസ്‌എസ്‌ ചായ്‌വ്: ഉമ്മൻചാണ്ടി ചെന്നിത്തല പോർമുഖം കടുക്കുന്നു

കെ ശ്രീകണ‌്ഠൻUpdated: Wednesday Aug 12, 2020


മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്‌ ആർഎസ്‌എസ്‌ ചായ്‌വ്‌ കാട്ടിയതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല തുറന്നടിച്ചതോടെ കോൺഗ്രസിലെ പോരിന്‌ കടുപ്പമേറി. യുഡിഎഫ്‌ നേതൃത്വം കൈക്കലാക്കാൻ  ചെന്നിത്തലയും പ്രതിരോധം ശക്തമാക്കി  മറു ക്യാമ്പും സജീവം. മുസ്ലിംലീഗ്‌ അടക്കമുള്ള കക്ഷികളുടെ പിന്തുണ ഉറപ്പാക്കി  കരുതലോടെയാണ് ‌എ പക്ഷത്തിന്റെ നീക്കം.  ഇതിന്‌ തടയിടാനാണ്‌ മുൻമുഖ്യമന്ത്രിയുടെ  ആർഎസ്‌എസ്‌ ചങ്ങാത്തത്തിലേക്ക്‌ ചെന്നിത്തല  വിരൽ ചൂണ്ടിയത്‌. 

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആർഎസ്‌എസുകാർക്കെതിരായ കേസ്‌ പിൻവലിച്ചത്‌ ആഭ്യന്തരമന്ത്രിയായിരുന്ന താനല്ല, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണെന്നാണ്‌ ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. ബിജെപി ബന്ധത്തിൽ താൻ കുരുക്കിലാകുമെന്ന്‌  വന്നതും ഉമ്മൻചാണ്ടിക്കെതിരെ തിരിയാൻ കാരണമായി.  ആർഎസ്‌എസുമായുള്ള ചെന്നിത്തലയുടെ അടുപ്പം മുസ്ലിംലീഗിലെ ഒരു വിഭാഗം സംശയത്തോടെയാണ്‌ വീക്ഷിക്കുന്നത്‌.

ഇക്കാര്യത്തിൽ തന്നെമാത്രം ഇടംകണ്ണിട്ട്‌ നോക്കേണ്ടെന്ന ലീഗിനുള്ള മുന്നറിയിപ്പ്‌ കൂടിയാണ്‌ ചെന്നിത്തലയുടേത്‌. കോൺഗ്രസിലെ ആർഎസ്‌എസ്‌ പ്രതിഛായയുള്ള നേതാവായി ഏറെക്കുറെ ചെന്നിത്തല മാറിക്കഴിഞ്ഞു. ആർഎസ്‌എസുകാർ പ്രതികളായ കേസ്‌ ഒതുക്കിയതിലും ആർഎസ്‌എസ്‌ ശിക്ഷകിനെ ഗൺമാനായി നിയമിച്ചതിലും  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വിമർശനം ഉയർത്തിയത്‌ പ്രതിപക്ഷനേതാവിനെ കൂടുതൽ വെട്ടിലാക്കി.  

അതേസമയം, യുഡിഎഫ്‌ നേതൃനിരയിൽ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്‌ ഉമ്മൻചാണ്ടി. എ ഗ്രൂപ്പിനെ ഒന്നടങ്കം ഒപ്പം നിർത്തിയാണ്‌ ഓരോ ചുവടും‌. എന്നാൽ, ഐ ഗ്രൂപ്പിലെ പലർക്കും ചെന്നിത്തലയിലുള്ള വിശ്വാസം നഷ്‌ടമായ നിലയാണ്‌. വി ഡി സതീശൻ അടക്കമുള്ള ഐ പക്ഷത്തെ മുൻനിരക്കാർ ഏറെക്കുറെ ചെന്നിത്തലയെ കൈവിട്ട മട്ടാണ്‌‌. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കൾ ഉമ്മൻചാണ്ടിയുടെ മടങ്ങിവരവ്‌ ആഗ്രഹിക്കുന്നു.

കുഞ്ഞാലിക്കുട്ടിയോടുള്ള  നീരസം ഉള്ളിലൊതുക്കുമ്പോഴും എം കെ മുനീറിന്റെ മനസ്സും ഉമ്മൻചാണ്ടിയ്‌ക്കൊപ്പമാണ്‌‌. ആർഎസ്‌പിക്കും പി ജെ ജോസഫിനും കറതീർന്ന വിശ്വാസം ഇപ്പോഴും ഉമ്മൻചാണ്ടിയിലാണെന്ന്‌ ചെന്നിത്തലയ്‌ക്കറിയാം.   ഇതിനെയെല്ലാം നേരിടാനാണ്‌ പിആർ ഏജൻസിയുടെ സഹായത്തോടെ ദിവസേന സർക്കാരിനെതിരെ രംഗത്ത്‌ വരുന്നത്‌. 

അനാരോഗ്യവും മറ്റും കണക്കിലെടുത്ത്‌ ഉമ്മൻചാണ്ടി ഒഴിവാകുമെന്നായിരുന്നു ചെന്നിത്തലയുടെ കണക്കുകൂട്ടൽ. എന്നാൽ, കഴിഞ്ഞ ദിവസം  അദ്ദേഹം നടത്തിയ രാജമല യാത്ര കനത്ത ആഘാതമായി. ഇതൊരു സൂചനയായി രമേശ്‌ ചെന്നിത്തലയും കാണുന്നു.

ഉമ്മൻചാണ്ടി രാജമല കയറിയ സമയത്താണ്‌ ആർഎസ്‌എസുകാർക്കെതിരായ കേസ്‌ പിൻവലിച്ചതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനുമേൽ ചാരിയത്‌. കഴിഞ്ഞ നാല്‌ വർഷത്തിനിടെ ഉമ്മൻചാണ്ടിക്കെതിരെ ഒരു പെറ്റി കേസ്‌  എടുക്കാൻ കഴിഞ്ഞോയെന്ന വെല്ലുവിളിയും രസാവഹമാണ്‌. സർക്കാരിനെ പ്രകോപിപ്പിക്കാനുള്ള അടവായാണ്‌ ഇതിനെ എ ഗ്രൂപ്പ്‌ വൃത്തങ്ങൾ വിലയിരുത്തിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top