14 September Saturday

ഹൈക്കമാൻഡും ചെന്നിത്തലയ്ക്ക്‌ ഒപ്പമായിരുന്നു ; തുറന്നുപറഞ്ഞ്‌ ഉമ്മൻചാണ്ടിയുടെ ആത്മകഥാകാരൻ

ദിനേശ്‌വർമUpdated: Friday Sep 22, 2023

image credit facebook / sunnykutty abraham


തിരുവനന്തപുരം
രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതിനെയാണ്‌ ഉമ്മൻചാണ്ടിയും ആദ്യഘട്ടത്തിൽ ഹൈക്കമാൻഡും അനുകൂലിച്ചിരുന്നതെന്ന്‌  ഉമ്മൻചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി ’ എഴുതിയ മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം. ഇക്കാര്യം ഉമ്മൻചാണ്ടിതന്നെ പറഞ്ഞതാണ്‌.  ‘പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത്‌ ചെന്നിത്തലയെ’ എന്ന പുസ്തകത്തിലെ വാചകങ്ങൾ രമേശ്‌ ചെന്നിത്തല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്‌ വാർത്തയായിരുന്നു.

ആരെയെങ്കിലും വേദനിപ്പിക്കാൻ ഒന്നും പറയുന്ന ആളല്ല ഉമ്മൻചാണ്ടി. അദ്ദേഹം പറഞ്ഞതല്ലാതെ ഒരു വരിപോലും ചേർത്തിട്ടില്ല, പറഞ്ഞത്‌ മുഴുവൻ ചേർക്കാൻ സമ്മതിച്ചിട്ടില്ലെന്നും സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.

‘രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന്‌ ഉമ്മൻചാണ്ടിക്കും ശാഠ്യമില്ലായിരുന്നു. മറ്റാരെയെങ്കിലും താൽപ്പര്യമുണ്ടോയെന്ന്‌ ബന്ധപ്പെട്ടവരോട്‌ ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. അങ്ങനെയൊരു നിർദേശം ഹൈക്കമാൻഡിൽനിന്നില്ലെന്നും ഉണ്ടെങ്കിൽ ചോദിച്ചിട്ട്‌ പറയാമെന്നും കെ സി വേണുഗോപാലും ഉമ്മൻചാണ്ടിയെ ധരിപ്പിച്ചു. പിന്നീട്‌ മറിച്ചൊന്നും പറഞ്ഞിട്ടില്ല. കേശവദാസപുരത്തുള്ള കെ സിയുടെ വീട്ടിൽ പോയാണ്‌ അന്ന്‌ ഉമ്മൻചാണ്ടി സംസാരിച്ചത്‌. അന്ന്‌ കേരളത്തിലെത്തിയ ഖാർഗെയോട്‌ സംസാരിച്ചെന്നും ഉമ്മൻചാണ്ടി പറഞ്ഞിട്ടുണ്ട്‌. ആർക്കാണോ ഭൂരിപക്ഷം അവരാകട്ടെ എന്ന നിലപാടായിരുന്നു ഖാർഗെയ്ക്കും പൊതുവിൽ ഹൈക്കമാൻഡിനും.  മറിച്ചൊരു തീരുമാനം ഉണ്ടായത്‌ അദ്ദേഹത്തെയും അത്ഭുതപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവ്‌ എന്ന നിലയിൽ രമേശ്‌ ചെന്നിത്തല മോശമല്ലാത്ത പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌ എന്നു തന്നെയായിരുന്നു ഉമ്മൻചാണ്ടിയുടെ വിലയിരുത്തൽ. തോൽവിയുടെ പേരിൽ മാറ്റേണ്ടതില്ലെന്നായിരുന്നു നിലപാട്‌.

തന്റെ മന്ത്രിസഭയിൽ വി ഡി സതീശന്‌ മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന്റെ പിന്നിലുള്ള കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്ന സി എൻ ബാലകൃഷ്ണനെ മന്ത്രിയാക്കിയേ തീരൂ എന്നൊരു സന്ദർഭം വന്നു. രമേശ്‌ ചെന്നിത്തലയുടെ താൽപ്പര്യത്തിലുപരി, സി എൻ ആദ്യമായി ജയിച്ചുവരുന്നു, തൃശൂർ മേഖലയിൽ പ്രബലമായ എഴുത്തച്ഛൻ സമുദായത്തിൽ നിന്നുള്ളയാൾ എന്നിങ്ങനെ പല ഘടകങ്ങൾ അതിൽ പ്രവർത്തിച്ചിട്ടുണ്ട്‌. എന്നാൽ, ഈ വസ്തുതകൾ സതീശൻപോലും മനസ്സിലാക്കിയത്‌ ഇപ്പോഴായിരിക്കണം. പക്ഷേ, അതൊന്നും വാർത്തയായില്ല’–- സണ്ണിക്കുട്ടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top