23 September Wednesday

സംസ്ഥാന ചരിത്രത്തിൽ പുതിയ അധ്യായം; മുഖ്യമന്ത്രി പങ്കെടുത്തത്‌ 300 ഓൺലൈൻ യോഗത്തിൽ

മിൽജിത്‌ രവീന്ദ്രൻUpdated: Tuesday Jul 28, 2020


തിരുവനന്തപുരം
തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം സമാപിച്ചത്‌ സംസ്ഥാന ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ മന്ത്രിസഭാ യോഗം ഓൺലൈൻവഴി ചേർന്നത്‌. സാങ്കേതിക വിദഗ്‌ധരുടെ സഹായമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണ്‌ ക്ലിഫ്‌ ഹൗസിലിരുന്ന്‌ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതും നിയന്ത്രിച്ചതും.

കോവിഡ്‌–- 19ന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത മൂന്നുപേരിലധികം പേരുടെ യോഗങ്ങൾ ഭൂരിഭാഗവും ഓൺലൈൻ വഴിയായിരുന്നു. വീഡിയോ കോൺഫറൻസുവഴി നടത്തിയ മുന്നൂറോളം യോഗത്തിലാണ്‌ മുഖ്യമന്ത്രി ഇതുവരെ പങ്കെടുത്തത്‌. പതിനായിരത്തിലധികം പേരുമായി ഇതുവഴി സംവദിച്ചു.

ജില്ലകളിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ‌മന്ത്രിമാർക്കാണ്‌ ചുമതല എന്നതിനാൽ അതതു സ്ഥലങ്ങളിൽ തങ്ങി മന്ത്രിമാർക്ക്‌ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി. സെക്രട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രിമാർ പങ്കെടുക്കുന്ന യോഗങ്ങളും ഓൺലൈനായാണ്‌ ചേരുന്നത്‌.

കോവിഡ്‌ കാലത്ത്‌ രാത്രി 10 വരെ നീണ്ട വീഡിയോ കോൺഫറൻസുകളിൽ മുഖ്യമന്ത്രി പങ്കെടുത്തു. പ്രവാസികൾക്ക്‌ വിമാന സർവീസിന്‌ കേന്ദ്രം അനുമതി നൽകുന്നതിനുമുമ്പ്‌ അമേരിക്കൻ മലയാളികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ആയിരത്തോളം പേർ പങ്കെടുത്തു. വീഡിയോ കോൺഫറൻസിനുള്ള വെർച്വൽ റൂം നിറഞ്ഞപ്പോൾ മറ്റുള്ളവരോട്‌ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ പങ്കെടുക്കാൻ നിർദേശിച്ചു.

ഉദ്‌ഘാടനവും വാർത്താസമ്മേളനവും ഓൺലൈനിൽ
ജനക്കൂട്ടത്തെ ഒഴിവാക്കാനും സാമൂഹ്യ അകലം പാലിക്കാനുമായി ഉദ്‌ഘാടനങ്ങളും പൊതുപരിപാടികൾ സംഘടിപ്പിച്ചതും വീഡിയോ കോൺഫറൻസ്‌ വഴിയായിരുന്നു. സെക്രട്ടറിയറ്റ്‌ അടച്ചിട്ടപ്പോൾ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതും ഓൺലൈനിൽ.

സംസ്ഥാന സർക്കാരിനു കീഴിലുള്ള ഐടി മിഷനാണ്‌ വീഡിയോ കോൺഫറൻസിനുള്ള സൗകര്യം ഒരുക്കിയത്‌. ഇതിനായി പീപ്പിൾ‌ ലിങ്ക്‌ എന്ന സൊല്യൂഷന്‌ രൂപം നൽകി. ഐടി മിഷനിലെ ആറു പേരടങ്ങുന്ന സംഘമാണ്‌ വീഡിയോ കോൺഫറൻസിനുള്ള സാങ്കേതിക സഹായം നൽകുന്നത്‌. സംസ്ഥാന സർക്കാരിന്റെ ഡാറ്റാ സെന്ററിലാണ്‌ ഡാറ്റാ സൂക്ഷിക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top